| Saturday, 13th April 2024, 7:43 am

ഹനിയ്യയുടെ മക്കളുടെ കൊലപാതകം ഹമാസിന്റെ ജനപ്രീതി വര്‍ധിപ്പിക്കും: ഇസ്രഈലി മാധ്യമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ മക്കളെയും പേരക്കുട്ടികളെയും ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയത് ഹമാസിന്റെ ജനപ്രീതി വര്‍ധിപ്പിക്കുമെന്ന് ഇസ്രഈലി മാധ്യമമായ ഹാരറ്റ്‌സ്. നെതന്യാഹുവിന്റെ നീക്കം ഇസ്രഈലി ബന്ദികളെ മോചിപ്പിക്കാന്‍ വഴിയൊരുക്കില്ലെന്നും ഹമാസ് ശക്തമായി ചെറുത്തുനില്‍ക്കുമെന്നും ഹാരറ്റ്‌സ് പറഞ്ഞു.

ഹമാസിനെ ദുര്‍ബലപ്പെടുത്താനുള്ള സൈനിക നടപടി എന്ന നിലയിലല്ല ഗസയിലെ ഫലസ്തീനികള്‍ ഈ ആക്രമണത്തെ കാണുന്നതെന്നും പകരം പ്രതികാര നടപടിയായിട്ടാണ് വിലയിരുത്തുന്നതെന്നും ഹാരറ്റ്‌സ് ചൂണ്ടിക്കാട്ടി. സായുധ സംഘടനയില്‍ ഹനിയ്യയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഇസ്രഈലിന്റെ നടപടി കാരണമാകുമെന്നും ഹാരറ്റ്‌സ് വ്യക്തമാക്കുന്നു.

അതേസമയം സംഭവത്തില്‍ നെതന്യാഹു സര്‍ക്കാരിലെ നേതൃത്വവും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഹാരറ്റ്‌സ് എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദക്ഷിണ മേഖലാ കമാന്‍ഡറെയും ചീഫ് ഓഫ് സ്റ്റാഫിനെയും ഈ ഓപ്പറേഷന്‍ മുന്‍കൂട്ടി അറിയിച്ചില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഇസ്രഈലി സൈന്യത്തിലുള്ള വിശ്വാസ്യതയെ ഇല്ലാതാക്കുമെന്നും ഹാരറ്റ്‌സ് ചൂണ്ടിക്കാട്ടി.

വടക്കന്‍ ഗസയിലെ ഷാതി അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടെയാണ് ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ മക്കളെയും പേരക്കുട്ടികളെയും ഇസ്രഈല്‍ ആക്രമിച്ചത്.

മക്കളുടെ രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നുവെന്ന് ഹനിയ്യ പ്രതികരിച്ചു. തന്റെ മക്കളുടെ രക്തത്തിന് ഗസയിലെ മറ്റു രക്തസാക്ഷികളുടെ രക്തത്തേക്കാള്‍ വിലയില്ലെന്നും അവരെല്ലാവരും തന്റെ മക്കള്‍ തന്നെയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെറുസലേമിന്റെയും അല്‍അഖ്സയുടെയും മോചനത്തിനായി തങ്ങള്‍ അടിയുറച്ച് നില്‍ക്കുമെന്നും ഇസ്മാഈല്‍ ഹനിയ്യ വ്യക്തമാക്കി.

Content Highlight: Haaretz, the Israeli media, said that the killing of Haniyeh’s children would increase the popularity of Hamas

We use cookies to give you the best possible experience. Learn more