| Tuesday, 5th November 2024, 10:11 am

ഫലസ്തീനികളെ 'സ്വാതന്ത്ര്യ സമര സേനാനികള്‍' എന്ന് വിളിച്ച പ്രസാധകനെ തള്ളി ഹാരെറ്റ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഫലസ്തീനികളെ ‘സ്വാതന്ത്ര്യ സമര സേനാനികള്‍’ എന്ന് വിശേഷിപ്പിച്ച പ്രസാധകനെ തള്ളി ഇസ്രഈലി പത്രമായ ഹാരെറ്റ്‌സ്. വിശേഷണത്തിന് പിന്നാലെ പ്രസാദകനെതിരെ പത്രം എഡിറ്റോറിയല്‍ പുറത്തിറക്കി.

ഹാരെറ്റ്‌സ്

ഇന്നലെയാണ് ഹാരെറ്റ്‌സ് പ്രസാധകനെതിരെ എഡിറ്റോറിയല്‍ പുറത്തിറക്കിയത്. ആമോസ് ഷോക്കനെയാണ് പത്രം വിമര്‍ശിച്ചത്. ‘തീവ്രവാദികള്‍ സ്വാതന്ത്ര്യ സമര സേനാനികളല്ല’ എന്ന തലക്കെട്ടോടെയാണ് ഹാരെറ്റ്‌സ് എഡിറ്റോറിയല്‍ തയ്യാറാക്കിയത്.

ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ ഗ്രൂപ്പുകളുടെ ആക്രമണങ്ങളെ അപലപിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ആമോസിനെ തള്ളുന്നുവെന്നാണ് ഹാരെറ്റ്‌സ് എഴുതിയത്.

ഒക്ടോബറില്‍ ലണ്ടനില്‍ വെച്ച് നടന്ന ഒരു കോണ്‍ഫറന്‍സിലാണ് ആമോസ് ഫലസ്തീനികളെ സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന് വിശേഷിപ്പിച്ചത്. ഫലസ്തീന്‍ ജനതയുടെ മേല്‍ വര്‍ണവിവേചനവും ക്രൂരതയും അടിച്ചേല്‍പ്പിക്കുന്നത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു ഗൗരവതരമായ വിഷയമാണെന്ന് കരുതുന്നില്ലെന്നും ആമോസ് പറഞ്ഞിരുന്നു.

ഇസ്രഈല്‍ ഫലസ്തീനികളെ ‘ഭീകരര്‍’ എന്നാണ് വിളിക്കുന്നത്. എന്നാല്‍ സ്വാതന്ത്ര്യ സമര സേനാനികളായ ഫലസ്തീനികളെ അടിച്ചമര്‍ത്തുന്നതിന് അനുസരിച്ച് ഇരുരാജ്യങ്ങളും വലിയ നഷ്ടങ്ങളാണ് വഹിക്കേണ്ടി വരുന്നതെന്നും ആമോസ് കൂട്ടിച്ചേര്‍ത്തു.

യുദ്ധാനന്തരം രണ്ട് രാജ്യങ്ങളും തങ്ങളുടെ വാസസ്ഥലങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പ്രതിസന്ധി നേരിടും. ഇത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചിന്തിക്കാതെയാണ് ഇസ്രഈല്‍ ഗസയില്‍ ആക്രമണം തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ആമോസിന്റെ അഭിപ്രായപ്രകടനം ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ളവരെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസ്താവന അതേ വേദിയില്‍ വെച്ച് ആമോസ് തിരുത്താന്‍ ശ്രമം നടത്തിയിരുന്നു. ഹമാസിനെ സ്വാതന്ത്ര്യ സമര സേനാനികളായി താന്‍ പ്രത്യേകമായി കണക്കാക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഷ്‌ലോമോ കാര്‍ഹി

പക്ഷെ ആമോസിന്റെ പ്രസ്താവനയില്‍ പ്രകോപിതരായ മന്ത്രിമാര്‍ അടങ്ങുന്ന സംഘം പ്രസാധകനെതിരെ രംഗത്തെത്തുകയായിരുന്നു. ഇസ്രഈല്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രി ഷ്‌ലോമോ കാര്‍ഹി ഹാരെറ്റ്സിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ ഹാരെറ്റ്സുമായി സബ്‌സ് സ്‌ക്രിപ്ഷന്‍ അടക്കമുള്ള പുതിയ കരാറുകളില്‍ ഏര്‍പ്പെടരുത്, നിലവിലുള്ള കരാറുകള്‍ പുതുക്കരുത്, നിലവിലെ കരാറുകള്‍ റദ്ദാക്കപ്പെടും തുടങ്ങിയ നിയന്ത്രണങ്ങളാണ് നിര്‍ദേശത്തിലുള്ളത്.

ഹാരെറ്റ്സിന് നല്‍കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കാനും റീഫണ്ടുകള്‍ തേടാന്‍ സ്ഥാപനത്തെ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.

തുടര്‍ന്നാണ് ആമോസിനെ തള്ളി ഹാരെറ്റ്സും പ്രതികരിച്ചത്. പ്രസ്താവന തിരുത്തണമെന്നും ഹാരെറ്റ്‌സ് ആവശ്യപ്പെട്ടു.

Content Highlight: Haaretz rejects publisher for calling Palestinians ‘freedom fighters’

We use cookies to give you the best possible experience. Learn more