ലോകകപ്പ് ഫുട്ബോൾ ആവേശം കൊടിയിറങ്ങി. ഇനി ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രമികൾക്ക് ആവേശമായി ക്ലബ്ബ് ഫുട്ബോളിന് അരങ്ങൊരുങ്ങുകയാണ്.
ഡിസംബർ 26ന് ആരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗോടെയാണ് ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ വീണ്ടും പുനരാരംഭിക്കുന്നത്.
അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ടൈറ്റിൽ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയുടെ യുവ താരം നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലണ്ടിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിറ്റിയിയുടെ ബെൽജിയം മിഡ്‌ഫീൽഡറായ കെവിൻ ഡി ബ്രൂയ്ൻ.
ഹാലണ്ടിന് 800 ഗോളുകൾ വരെ സ്കോർ ചെയ്യാൻ സാധിക്കുമെന്നാണ് ഡി ബ്രൂയ്ൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഡോർഡ്മുണ്ടിൽ നിന്നും സിറ്റിയിലേക്കെത്തിയ താരം ഇത് വരെ 24 ഗോളുകളാണ് 19 മത്സരങ്ങളിൽ നിന്നും സിറ്റിക്കായി നേടിയത്. കൂടാതെ 22 വയസുള്ള താരം നിലവിൽ തന്നെ 200ലേറെ ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.
“അവൻ ഇപ്പോൾ തന്നെ 200 ഗോളിലേറെ നേടി. അതുകൊണ്ട് തന്നെ വലിയ കരിയർ മുന്നിലുള്ള അവന് 700 മുതൽ 800 ഗോളുകൾ നേടുക എന്നത് സാധ്യമായ കാര്യമാണ്,’ ഡി ബ്രൂയ്ൻ പറഞ്ഞു.
കൂടാതെ റൊമെലു ലുക്കാക്കൂ, ഗബ്രിയേൽ ജിസ്യൂസ്, ജൂലിയൻ അൽവാരസ് മുതലായ താരങ്ങളെപ്പോലെ പ്രീമിയർ ലീഗിൽ മികച്ച മുന്നേറ്റം നടത്താൻ ഹാലണ്ടിന് സാധിക്കുമെന്നും ഡി ബ്രൂയ്ൻ കൂട്ടിച്ചേർത്തു.
കൂടാതെ ഇപ്പോഴും ചെറുപ്പമായ, ജീവിതം ആസ്വദിക്കുന്ന, ഫുട്ബോളിനെ സീരിയസായി കാണുന്ന വ്യക്തിയാണ് ഹാലണ്ടെന്നും, ഗോൾ സ്കോർ ചെയ്യുന്നതിൽ വലിയ മിക്കവാണ് അദ്ദേഹം പുലർത്തുന്നതെന്നും ഡി ബ്രൂയ്ൻ പറഞ്ഞു. കൂടാതെ ചിലപ്പോൾ മെസിയെയും റൊണാൾഡോയെയുമൊക്കെ മറികടക്കാനുള്ള ശേഷിയുള്ള കളിക്കാരനാണ് ഹാലണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രീമിയർ ലീഗിൽ 18 ഗോളുകൾ നേടി ഗോൾ സ്കോറർമാരുടെ പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ഹാലണ്ട്.
അതേസമയം ഡിസംബർ 29ന് ഇന്ത്യൻ സമയം പുലർച്ചെ 1:30ന് ലീഡ്‌സ് യുണൈറ്റഡിനെതിരെയാണ് മാൻസിറ്റി യുടെ അടുത്ത മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് റൈവൽ ക്ലബ്ബുകൾ നേർക്ക്നേർ വരുന്നു എന്ന കൗതുകവും ഈ മത്സരത്തിനുണ്ട്.
Content Highlights:Haaland will overtake Messi and Ronaldo: Kevin De Bruyne