ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഒരു ഇടവേളക്ക് ശേഷം നിർത്തിവെച്ചിരുന്ന ഗോളടി വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ് നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ നടന്ന മത്സരത്തിലാണ് ഹാലണ്ട് വീണ്ടും ഗോളടിക്ക് തുടക്കമിട്ടത്.
മത്സരം 82 മിനിട്ട് പിന്നിട്ടപ്പോൾ ഹാലണ്ട് നേടിയ ഗോൾകൂടിയായപ്പോൾ ഗണ്ണേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്താൻ മാഞ്ചസ്റ്റർ സിറ്റിക്കായി.
ഇതോടെ സിറ്റിക്കായി ഹാലണ്ടിന്റെ ഗോൾ നേട്ടം 30 മത്സരങ്ങളിൽ നിന്നും 32 എന്ന സംഖ്യയിലെത്തി.
പ്രീമിയർ ലീഗിൽ 22 മത്സരങ്ങളിൽ നിന്നും ഇതുവരെ 26 ഗോളുകളാണ് ഹാലണ്ട് സ്വന്തമാക്കിയത്.
മത്സരത്തിൽ ഗോൾ കണ്ടെത്താൻ കഴിഞ്ഞതോടെ തുടർച്ചയായ ഗോൾ വരൾച്ചയിൽ നിന്നും രക്ഷപ്പെടാൻ ഹാലണ്ടിനായി.
ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർഡ്മുണ്ടിൽ നിന്നും 51 മില്യൺ പൗണ്ടിനാണ് ഹാലണ്ടിനെ കഴിഞ്ഞ വർഷം സിറ്റി സൈൻ ചെയ്തത്.
സിറ്റിയിൽ എത്തിയ ഉടനെ മികച്ച പ്രകടനം കാഴ്ച വെച്ച ഹാലണ്ട് പിന്നീട് തീരെ മോശം പ്രകടനം കാഴ്ചവെക്കുകയും ഈ വർഷം ഒരു എവേ ഗോൾ പോലും നേടാൻ സാധിക്കാത്ത താരം എന്ന നിലയിൽ നിറം മങ്ങുകയും ചെയ്തിരുന്നു.
എന്നാൽ ആഴ്സണലിനെതിരെ സ്കോർ ചെയ്ത ഗോളോടെ താരത്തിന്റെ കഷ്ടകാലം നീങ്ങി എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 23ന് ആർ.പി ലെയ്പ്സഗിനെതിരെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരം. ഇതുവരെ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം പോലും സ്വന്തമായിട്ടില്ലാത്ത സിറ്റിക്ക് ചാമ്പ്യൻസ് ലീഗിലെ തുടർന്നുള്ള മത്സരങ്ങൾ വിജയിക്കാൻ ഹാലണ്ടിന്റെ മികവ് നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
പ്രീമിയർ ലീഗിൽ ഈ സീസണിൽ മിന്നും പ്രകടനം കാഴ്ചവെച്ച ആഴ്സനലിനെതിരെ തന്നെ ഹാലണ്ടിന് ഗോൾ സ്കോർ ചെയ്ത് തിരിച്ചു വരാൻ സാധിച്ചത് ശുഭസൂചനയായാണ് ആരാധകർ കാണുന്നത്.