ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ കുറച്ചുകൂടി ഇഴകിച്ചേർന്ന് കളിക്കണം; വിമർശിച്ച് പെപ് ഗ്വാർഡിയോള
football news
ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ കുറച്ചുകൂടി ഇഴകിച്ചേർന്ന് കളിക്കണം; വിമർശിച്ച് പെപ് ഗ്വാർഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th January 2023, 10:25 am

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഓൾഡ് ട്രഫോർഡിൽ വെച്ച് നടന്ന ഡെർബി മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ വഴങ്ങി മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടിരുന്നു.

ഇതോടെ പോയിന്റ് ടേബിളിൽ ആഴ്സണലിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള സിറ്റിയുടെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണേറ്റിരിക്കുന്നത്.

എന്നാൽ നോർവീജിയൻ യുവതാരവും ടീമിന്റെ ഗോളടി യന്ത്രമെന്ന രീതിയിൽ ആരാധകർ വാഴ്ത്തുന്ന താരവുമായ എർലിങ് ഹാലണ്ടിന്റെ മത്സരത്തിലെ മോശം പ്രകടനം ടീമിനും ആരാധകർക്കും വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.

ഗോളുകൾ നേടാൻ കഴിയാത്ത മത്സരത്തിൽ ഹാലണ്ടിൽ നിന്നും സിറ്റിക്ക് വലിയ സഹായമൊന്നും ലഭിക്കാത്തതും ചില മത്സരങ്ങളിൽ താരത്തിന് നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതും ആരാധകർക്ക് നിരാശ സമ്മാനിച്ചിട്ടുണ്ട്.

പ്രീമിയർ ലീഗിൽ എവർട്ടനെതിരെ നടന്ന മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഗോൾ കണ്ടെത്താൻ ഹാലണ്ടിനു കഴിഞ്ഞിട്ടില്ല. ഇതിൽ രണ്ടു മത്സരങ്ങളിലും മാഞ്ചസ്റ്റർ സിറ്റി തോൽവി വഴങ്ങുകയും ചെയ്‌തു.

കൂടാതെ യുണൈറ്റഡിനെതിരെ വെറും 19 ടച്ചുകൾ മാത്രമാണ് ഹാലണ്ടിന് ചെയ്യാൻ സാധിച്ചത്. ഇതോടെ താരത്തിനെതിരെ വലിയ വിമർശനങ്ങൾ ആരാധകരുടെയും മുൻ താരങ്ങളുടെയും ഭാഗത്ത് നിന്നും ഉയർന്ന് വന്നിരുന്നു.

ഹാലണ്ടില്ലെങ്കിലും സിറ്റി മികച്ച ടീമാണെന്നായിരുന്നു ദിദിയർ ഹാമൻ വിമർശിച്ചത്. എന്നാൽ ഹാലണ്ടിനെ പൂർണമായി തള്ളിപ്പറയുന്നതിൽ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള എതിർപ്പുന്നയിച്ചിട്ടുണ്ട്.

എതിരാളികൾ പ്രതിരോധത്തിലേക്ക് മാറി കളിക്കുമ്പോൾ ബോക്സിൽ ഹാലണ്ടിനെ കണ്ടെത്തുക പ്രയാസമുള്ള കാര്യമാണെന്നു പറഞ്ഞ ഗ്വാർഡിയോള, താരം സിറ്റിയുടെ സിസ്റ്റവുമായി കൂടുതൽ ഇഴുകിച്ചേർന്ന് കളിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

സിറ്റിയുടെ സ്ഥിരതയില്ലായ്മയാണ് ടീം നേരിടുന്ന പ്രശ്നം എന്ന് പറഞ്ഞ പെപ്പ്. പക്ഷെ നല്ല പ്രകടനമാണ് ടീം ഇപ്പോൾ കാഴ്ച വെക്കുന്നതെന്നും അഭിപ്രായപ്പെട്ടു. കൂടാതെ മികച്ച റിസൾട്ട്‌ ഉണ്ടാക്കാൻ ടീമിന് അടുത്തകളികളിലായി സാധിക്കുമെന്ന പ്രതീക്ഷയും പെപ്പ് ഗ്വാർഡിയോള പങ്കുവെച്ചു.

പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം എന്ന രീതിയിലാണ് പെപ്പ് തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.

അതേസമയം നോർത്ത് ലണ്ടൻ ക്ലബ്ബും പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബുകളിൽ ഒന്നുമായ ടോട്ടൻ ഹാം യുണൈറ്റഡിനോടാണ് മാൻ സിറ്റി അടുത്തതായി ഏറ്റുമുട്ടുന്നത്. ജനുവരി 20ന് ഇന്ത്യൻ സമയം പുലർച്ചെ 1:30നാണ് മത്സരം നടക്കുന്നത്.

 

Content Highlights:Haaland should play a bit more coherently at Manchester City; Criticise Pep Guardiola