ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച താരമാണ് എർലിങ് ഹാലണ്ട്. ബുന്തസ് ലിഗ ക്ലബ്ബായ ബൊറൂസിയാ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ താരം സിറ്റിക്കായി ഗോൾ വർഷമാണ് സമ്മാനിച്ചത്.
19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും ഇത് വരെ 25 ഗോളുകളാണ് ഹാലണ്ട് പ്രീമിയർ ലീഗിൽ സ്വന്തമാക്കിയത്.
എന്നാൽ സിറ്റിയിൽ എത്തിയ തുടക്കകാലത്ത് കാഴ്ച വെച്ച പ്രകടനത്തിന്റെ നിഴൽ മാത്രമാണ് ഹാലണ്ടിപ്പോൾ എന്ന് പല കോണുകളിൽ നിന്നും ആരാധകർ വിമർശനം ഉന്നയിക്കുന്നുണ്ട്.
കൂടാതെ ഞായറാഴ്ച ടോട്ടൻഹാം ഹോട്സ്പറിനെതിരെ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട മത്സരത്തിൽ ഹാലണ്ടിന് പെനാൽട്ടി ബോക്സിൽ വെച്ച് ഒരു ടച്ച് പോലും നടത്താനോ, ഒരു ഷോട്ടും ഉതിർക്കാനോ സാധിച്ചിരുന്നില്ല. മുമ്പും ചില മത്സരങ്ങളിൽ ഹാലണ്ട് തീരെ നിറം മങ്ങിയിരുന്നു.
എന്നാലിപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിലായതിനാലാണ് ഹാലണ്ടിന് സ്ഥിരതയോടെ കളിക്കാൻ സാധിക്കാത്തത് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ലിവർപൂളിന്റെ ഇതിഹാസ താരമായിരുന്ന ജേമീ കരാഗർ.
സ്കൈ സ്പോർട്സിനോട് സംസാരിക്കവെയാണ് ഹാലണ്ടിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം കരാഗർ തുറന്ന് പറഞ്ഞത്.
“മികച്ച ഫോമിൽ കളിക്കുന്ന കാലത്ത് തെറ്റായ ഒരു ക്ലബ്ബാണ് ഹാലണ്ട് തെരഞ്ഞെടുത്തത് എന്നെനിക്ക് തോന്നുന്നുണ്ട്.
നിങ്ങൾക്ക് ഞാൻ പറയുന്നത് കേട്ട് വേണമെങ്കിൽ എന്നെ പരിഹസിച്ച് ചിരിക്കാം. പക്ഷെ സത്യം അതാണ്, ഹാലണ്ടിനെ മുഴുവനായി ഉപയോഗിക്കാൻ സിറ്റിക്ക് സാധിക്കുന്നില്ല. അതിന് കാരണക്കാരൻ പക്ഷെ ഹാളണ്ടല്ല,’ ജേമീ കരാഗർ പറഞ്ഞു.
“തീർച്ചയായും സിറ്റി വ്യത്യസ്തമായ ഒരു ടീമാണ്. അതിൽ യാതൊരു സംശയവും എനിക്കില്ല. ഹാലണ്ട് 25 ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്. ബാക്കി ടീമും അത്ര തന്നെ ഗോളുകൾ നേടിയിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ അവർ അതിനെക്കാൾ ഗോൾ വഴങ്ങിയിട്ടുണ്ടാകും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
“പെപ്പ് ഗ്വാർഡിയോളക്ക് കീഴിലുള്ള കളി ശൈലി ഹാലണ്ടിന് പറ്റിയതല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഹാലണ്ട് കൗണ്ടർ ഫുട്ബോൾ കളിക്കാൻ ശേഷിയുള്ള താരമാണ്. ഗ്വാർഡിയോളയുടെ ശൈലിയതല്ല,’ ജേമീ കരാഗർ പറഞ്ഞു.
അതേസമയം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണലുമായുള്ള ലീഡ് കുറക്കാൻ ലഭിച്ച നിർണായക അവസരമാണ് ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി കളഞ്ഞു കുളിച്ചത്. ഇതോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായി അഞ്ച് പോയിന്റ് വ്യത്യാസത്തിൽ പിന്നിലാണ് മാൻ സിറ്റിയിപ്പോൾ.