ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിലെ രണ്ടാം പാദത്തിൽ ആർ.ബി ലെയ്പ്സിഗിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്ത് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.
ആദ്യ പാദത്തിൽ 1-1 എന്ന നിലയിൽ പിരിഞ്ഞ മത്സരത്തിന്റെ ബാക്കി പത്രമായ രണ്ടാം പാദത്തിൽ ലെയ്പ്സിഗിന് ഒരവസരം പോലും നൽകാതെയാണ് സിറ്റി തകർത്താടിയത്. ഇതോടെ ഇരു പാദങ്ങളിലുമായി 8-1 എന്ന മാർജിനിലുള്ള കൂറ്റൻ വിജയം നേടാൻ മാൻ സിറ്റിക്കായി.
എന്നാൽ മത്സരത്തിൽ മാൻ സിറ്റിയുടെ മൊത്തം ഏഴ് ഗോളുകളിൽ അഞ്ചും സ്വന്തമാക്കിയ ഹാലണ്ടിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമങ്ങൾ.
ഹാലണ്ടിന് പുറമേ ഗുണ്ടോഗൻ, കെവിൻ ഡി ബ്രൂയ്ൻ എന്നിവരാണ് സിറ്റിക്ക് വേണ്ടി മറ്റു ഗോളുകൾ സ്കോർ ചെയ്തത്.
ലെയ്പ്സിഗിനെതിരെയുള്ള അഞ്ച് ഗോൾ നേട്ടത്തോടെ ചാമ്പ്യൻസ് ലീഗിലെ മൊത്തം ഗോൾ നേട്ടം 30ലേക്കെത്തിക്കാൻ ഹാലണ്ടിനായി. ഇതോടെയാണ് താരത്തെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങളുടെ കുത്തൊഴുക്കുണ്ടായത്.
‘ഹാലണ്ടിനെപ്പോലെ മുന്നേറ്റ നിരയിൽ ഏറ്റവും അനുയോജ്യനായ മറ്റൊരു താരത്തെ കണ്ടിട്ടില്ല, ‘വൈക്കിങ് സുപ്രീമസി, ‘ഹാലണ്ടിന്റെ കാലിലും പന്തിലും കാന്തമുണ്ട്,തുടങ്ങിയതും അവക്ക് സമാനവുമായ അഭിനന്ദനങ്ങളാണ് ഹാലണ്ടിനെത്തേടിയെത്തിയത്.
ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 30 ഗോളുകൾ സ്കോർ ചെയ്ത താരമാണ് ഹാലണ്ട്. വെറും 25 മത്സരങ്ങളിൽ നിന്നായിരുന്നു താരം 30 ഗോളുകൾ സ്വന്തമാക്കിയത്.
അതേസമയം നിലവിൽ 27 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളോടെ 61 പോയിന്റുമായി പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് മാൻ സിറ്റി.
മാർച്ച് 18ന് എഫ്.എ കപ്പിൽ ബേൺലിക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:haaland has magnets in his boots fans celebrate haaland’s five goals