| Sunday, 1st January 2023, 8:58 am

ഗോളടിച്ച് കൂട്ടി ഹാലണ്ട്; പ്രീമിയർ ലീഗിൽ താരത്തെ തടഞ്ഞത് വെറും മൂന്ന് ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്റെ ഗോൾ വേട്ട തുടരുകയാണ് നോർവീജിയൻ താരം എർലിങ്‌ ഹാലണ്ട്. ശനിയാഴ്ച എവർട്ടണെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയതോടെ പ്രീമിയർ ലീഗിലെ താരത്തിന്റെ ഗോൾ നേട്ടം 21ആയി വർധിച്ചു.

തൊട്ട് മുന്നത്തെ മത്സരത്തിൽ ലീഡ്സിനെതിരെ ഇരട്ട ഗോളുകൾ സ്വന്തമാക്കിയതോടെ ഹാലണ്ട് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഇരുപത് ഗോളുകൾ സ്വന്തമാക്കിയ താരം എന്ന റെക്കോഡ്‌ സ്വന്തമാക്കിയിരുന്നു.14 മത്സരങ്ങളിൽ നിന്നുമാണ് താരം 20 ഗോളുകൾ അടിച്ചുകൂട്ടിയത്.

എന്നാൽ പ്രീമിയർ ലീഗിൽ എത്തിയ ശേഷം ഗോളടിച്ചു കൂട്ടൽ തുടരുന്ന ഹാലണ്ടിനെ സ്കോർ ചെയ്യുന്നതിൽ നിന്നും തടയാൻ ഇത് വരെ വെറും മൂന്ന് ടീമുകൾക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.

ലിവർപൂൾ, ബ്രന്റ്ഫോർഡ്, ബേർൺമൗത്ത് തുടങ്ങിയ ടീമുകൾക്ക് മാത്രമാണ് ഹാലണ്ടിനെ പ്രീമിയർ ലീഗിൽ പൂട്ടാൻ സാധിച്ചത്. കൂടാതെ പ്രീമിയർ ലീഗിൽ നിന്നും ഇത് വരെ മൂന്ന് ഹാട്രിക് നേടാനും താരത്തിന് സാധിച്ചു. വെറും എട്ട് മത്സരങ്ങളിൽ നിന്നുമാണ് മൂന്ന് ഹാട്രിക് എന്ന റെക്കോഡ്‌ നേട്ടത്തിലേക്ക് ഹാലണ്ട് എത്തിയത്.

കൂടാതെ അഞ്ച് പ്രീമിയർ ലീഗ് സീസണുകളിലെ ഗോൾഡൻ ബൂട്ട് ജേതാക്കൾ സീസണിൽ നിന്നും മൊത്തം സ്വന്തമാക്കിയ ഗോളുകളെക്കാൾ കൂടുതലാണ് ഹാലണ്ട് ആറ് മത്സരങ്ങളിൽ നിന്നും മാത്രം നേടിയത് എന്നതാണ് രസകരമായ വസ്തുത.

1997-1998, 1998-1999, 2006-2007, 2008-2009, 2010-2011 വർഷങ്ങളിലെ പ്രീമിയർ ലീഗ് ടോപ്പ് സ്കോറർമാർ നേടിയതിനേക്കാൾ കൂടുതൽ ഗോളുകളാണ് ഹാലണ്ട് വെറും 16 മത്സരങ്ങൾ നിന്നും സ്വന്തമാക്കിയത്.

കൂടാതെ ചെൽസി,ക്രിസ്റ്റൽ പാലസ്, ആസ്റ്റൺ വില്ല, ബേർൺ മൗത്ത്, വെസ്റ്റ് ഹാം, എവർട്ടൺ, വൂൾവ്സ്, നോട്ടിങ്ഹാം ഫോറസ്റ്റ്, സതാംപ്ടൻ മുതലായ ടീമുകൾ ഈ സീസണിൽ ഇത് വരെ നേടിയ മൊത്തം ഗോളുകളെക്കാൾ കൂടുതൽ തവണ സ്കോർ ചെയ്യാൻ ഹാലണ്ടിനായി.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇത് വരെ 44 ഗോളുകളാണ് സ്വന്തമാക്കിയത്. അതിൽ പകുതിയോളവും സ്വന്തമാക്കിയത് ഹാലണ്ടാണ്.

അതേസമയം എവർട്ടണെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിന് മാഞ്ചസ്റ്റർ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നു. ചെൽസിക്കെതിരെ ജനുവരി ആറിനാണ് സിറ്റിയുടെ അടുത്ത മത്സരം.

Content Highlights:Haaland continues his goal scoring Only three teams stopped haaland in the Premier League

We use cookies to give you the best possible experience. Learn more