ന്യൂദല്‍ഹി: കേരളത്തിലെ പക്ഷിപ്പനി മാരകമായ എച്ച്5എന്‍1 വൈറസ് കാരണമാണെന്നും ഇത് മുനഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ കേരളത്തില്‍ ഇതുവരെ പക്ഷിപ്പനി മനുഷ്യരിലേക്ക് പകര്‍ന്നതായി കണ്ടെത്തിയിട്ടില്ല.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് എച്ച്5എന്‍1 ആണെന്ന് കണ്ടെത്തിയത്. രോഗം ബാധിച്ചതും അല്ലാത്തതുമായ അഞ്ച് ലക്ഷത്തോളം താറാവുകളെയാണ് മൂന്ന് ജില്ലകളിലായി കൊല്ലാനുള്ളത്.
പക്ഷിപ്പനി നേരിടുന്നതില്‍ കേരള സര്‍ക്കാര്‍ അലംഭാവം കാണിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. ആലപ്പുഴയിലെ രോഗബാധിത പ്രദേശത്തെ മുഴുവന്‍ താറാവുകളെയും മൂന്ന് ദിവസത്തിനകം കൊല്ലും എന്നായിരുന്നു പറഞ്ഞിരുന്നത്, എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും 15000 താറാവുകളെ മാത്രമാണ് കൊല്ലാന്‍ കഴിഞ്ഞിട്ടുള്ളത്. പല സ്ഥലങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രാഥമികഘട്ടത്തിലാണ്.
പ്രതിരോധ പ്രവര്‍ത്തകരും അലംഭാവം കണിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊന്ന പക്ഷികളെ കത്തിക്കാന്‍ പ്രതിരോധ പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. ആവശ്യത്തിന് പ്രതിരോധ മരുന്നെത്തിയില്ല എന്ന കാരണത്താലാണ് ഇവര്‍ ഇതില്‍ നിന്ന് മാറി നിന്നിരുന്നത്. ഇതേത്തുടര്‍ന്ന് കര്‍ഷകരാണ് പക്ഷികളെ യാതൊരു പ്രതിരോധ സംവിധാനങ്ങളും ഉപയോഗിക്കാതെ കത്തിച്ചിരുന്നത്.
മൂന്ന് ജില്ലകളിലും എച്ച്5എന്‍1 ബാധിച്ചാണ് പക്ഷികള്‍ ചത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരണം വന്നത്. ഒരിടത്തെങ്കിലും രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ജാഗ്രതയോടെയിരിക്കണം എന്ന നിര്‍ദേശം നിലവിലുള്ളപ്പോഴാണ് സര്‍ക്കാറിന്റെ ഇത്തരമൊരു അലംഭാവം.
എച്ച്5എന്‍1
മനുഷ്യരിലേക്ക് പകരുന്നതില്‍ മാരകമായ വൈറസ്.
രോഗം ബാധിച്ച പക്ഷിയുമായി നേരിട്ടോ അല്ലാതെയുള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യരിലേക്ക് പകരാം.
വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നാല്‍ രണ്ട് മുതല്‍ 17 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.
കടുത്ത പനി, ചുമ, തൊണ്ടകാറല്‍, അതിസാരം, ഛര്‍ദ്ദി, അടിവയറ്റില്‍ വേദന, നെഞ്ചുവേദന, ശ്വാസതടസം, മൂക്ക്, മോണ എന്നിവയില്‍ നിന്നുള്ള രക്തശ്രാവം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗം ബാധിച്ചവരില്‍ 60 ശതമാനം പേരും മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.