| Tuesday, 18th June 2019, 9:10 am

കോട്ടയം ജില്ലയില്‍ എച്ച്.വണ്‍ എന്‍.വണ്‍ പടര്‍ന്ന് പിടിക്കുന്നു; മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും പനി സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം ജില്ലയില്‍ എച്ച്.വണ്‍ എന്‍.വണ്‍ പടര്‍ന്ന് പിടിക്കുന്നു. 64 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ എച്ച്.വണ്‍ എന്‍.വണ്‍ സ്ഥിരീകരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില രോഗിയെ ചികിത്സിച്ച രണ്ട് ഡോക്ടര്‍മാര്‍ക്കും എച്ച്.വണ്‍ എന്‍.വണ്‍ സ്ഥിരീകരിച്ചു. മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് എച്ച്.വണ്‍ എന്‍.വണ്‍ ബാധിച്ചത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് എച്ച്.വണ്‍ എന്‍.വണ്‍ ആണെന്ന് സ്ഥിരീകരിച്ചു.

മറ്റ് മൂന്ന് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. എച്ച്.വണ്‍ എന്‍.വണ്‍ ബാധിച്ച ഒരാള്‍ കഴിഞ്ഞ ദിവസം ജില്ലയില്‍ മരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ മൂന്ന് പേര്‍ മരിച്ചു.

ജില്ലയില്‍ ഇതുവരെ 30 പേര്‍ക്ക് എലിപ്പനിയും 25 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. ഹെപ്പറ്റൈറ്റിസ് ബി രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനയാണുള്ളത്. 90 പേര്‍ക്ക് സാധാരണ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്ച 1796 പേര്‍ക്ക് പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടുതലായും വൈക്കം തലയോലപ്പറമ്പ് മേഖലകളില്‍ നിന്നാണ് പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജില്ലയിലെ 80 സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more