| Sunday, 24th February 2019, 1:03 pm

കാസര്‍കോട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 72 വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 രോഗലക്ഷണങ്ങള്‍; അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 ബാധ. 72 കുട്ടികള്‍ക്കാണ് എച്ച്1എന്‍1 രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. അഞ്ച് പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ട് കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പനി ബാധിച്ച നാല് കുട്ടികള്‍ വീട്ടിലേക്ക് ചികിത്സ തേടിപ്പോയി. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളില്‍ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികിത്സ നടത്തുകയാണ്.


37 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ച് പരിശോധിപ്പിച്ചിരുന്നു. സാമ്പിളുകളുടെ റിസള്‍ട്ട് പോസിറ്റീവായിരുന്നു. ഇതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ട 72 കുട്ടികളെ പ്രത്യേകം ചികിത്സിക്കാന്‍ തീരുമാനിച്ചത്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകളാണ് തുറന്നിരിക്കുന്നത്. എച്ച്1എന്‍1 ബാധയുടെ ഉറവിടം എന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.


550 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഇതില്‍ 520 കുട്ടികള്‍ ക്യാംപസില്‍ തന്നെയാണ് താമസിക്കുന്നത്. ടീച്ചര്‍മാരും മറ്റു സ്റ്റാഫുകളും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ 200 പേരുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പ് നിരദേശിച്ചിരിക്കുന്നത്. കൂടുതല്‍ പേരിലേയ്ക്ക് പനി പടരാതിരിക്കാന്‍ കര്‍ശനമായ നിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

ALSO WATCH THIS VIDEO 

We use cookies to give you the best possible experience. Learn more