ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എച്ച് 1 എന്‍1; രോഗം തുടക്കത്തില്‍ കണ്ടെത്താനായതിനാല്‍ വലിയ വിപത്ത് ഒഴിവായി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രിന്‍സിപ്പാള്‍
കോഴിക്കോട്: എച്ച് വണ്‍ എന്‍ 1 പനി സ്ഥിരീകരിച്ച കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളിലും അധ്യാപകരിലും പിടിപെട്ട അസുഖം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചതാണ് അപകട സാധ്യത കുറച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നിലവില്‍ രോഗം നിയന്ത്രണത്തിലാണെന്നും ഒരു വിദ്യാര്‍ത്ഥി പോലും ഇപ്പോള്‍ ആശുപത്രിയില്‍ ഇല്ലെന്നും പ്രിന്‍സിപ്പാള്‍ തോമസ് മാത്യു ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
”പ്രധാനപ്പെട്ട കാര്യം അസുഖം തുടക്കത്തിലേ കണ്ടെത്താനായി എന്നതാണ്. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെട്ടു. ലെവല്‍ എയും ബിയുമായി 50 ല്‍ താഴെയുള്ള കുട്ടികളിലാണ് അസുഖം കണ്ടത്. നിലവില്‍ ഭയപ്പെടാനുള്ള സാഹചര്യം ഒന്നുമില്ല. കാര്യങ്ങള്‍ നിയന്ത്രണത്തിലാണ്”, അദ്ദേഹം പറഞ്ഞു.
അധ്യാപകരില്‍ ചിലര്‍ക്ക് പനിയുണ്ടായിരുന്നു. അവരെല്ലാം രോഗത്തെ അതിജീവിച്ചുവരികയാണ്. എല്ലാവരും വീട്ടില്‍ വിശ്രമത്തിലാണ്. ഇന്നലെ പഞ്ചായത്തിന്റെ മെഡിക്കല്‍ ക്യാമ്പുകള്‍ ഉണ്ടായിരുന്നു. മൂന്ന്, നാല് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു ക്യാമ്പുകള്‍. എല്ലാവരും ഒരുമിച്ച് നിന്നാണ് ഇതിനെ നേരിട്ടത്. -പ്രിന്‍സിപ്പാള്‍ പറയുന്നു.
ആനയാംകുന്ന് ഹൈസ്‌കൂള്‍ സെക്ഷനിലായിരുന്നു ആദ്യം പനി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പത്താംക്ലാസ് ഇ ഡിവിഷനില്‍ 16 കുട്ടികള്‍ ഒരുമിച്ച് ലീവായതോടെയാണ് തുടക്കം.
രാവിലെ അറ്റന്റന്‍സ് എടുത്ത് കഴിഞ്ഞപ്പോള്‍ കുറേ കുട്ടികള്‍ ലീവായത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ കുട്ടികളുടെ വീടുകളിലേക്ക് ഫോണ്‍ ചെയ്തു. പനിയാണെന്നായിരുന്നു മിക്കവരും നല്‍കിയ മറുപടി. പിറ്റേ ദിവസം 46 കുട്ടികള്‍ ക്ലാസിലെത്തിയില്ല. ഇവരുടെ രക്ഷിതാക്കളേയും വിളിച്ചപ്പോള്‍ പനിയാണെന്നായിരുന്നു പറഞ്ഞത്.
ഇതോടെ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് അധ്യാപകര്‍ ആലോചിച്ചു. സ്റ്റാഫ് മീറ്റിങ് വിളിച്ച് പ്രിന്‍സിപ്പാള്‍ തോമസ് മാത്യു വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് കാരശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു.
തിങ്കളാഴ്ച മെഡിക്കല്‍ ഓഫീസറും സംഘവും സ്‌കൂളിലെത്തി പരിശോധന നടത്തി. വൈറല്‍ പനിയുടെ ലക്ഷണങ്ങളായിരുന്നു കണ്ടത്. അതേസമയം രോഗം എന്തെന്ന് സ്ഥിരീകരിക്കുന്നതിനായും അതിവേഗം പകരുന്ന സാഹചര്യം പരിഗണിച്ചും പനി ബാധിച്ച ഒരു വിദ്യാര്‍ത്ഥിയേയും അധ്യാപകനേയും വിദഗ്ധ പരിശോധനയ്ക്കായി ചൊവ്വാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പിന്നീട് അഞ്ച് വിദ്യാര്‍ത്ഥികളെ കൂടി എത്തിച്ചു. ഇവരില്‍ നിന്ന് ശേഖരിച്ച തൊണ്ടയിലെ ശ്രവം വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാല്‍ വൈറോളജി ലാബിലേക്ക് അയച്ചു. ഫലം വന്നപ്പോഴാണ് ഇവര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതായി സ്ഥിരീകരിച്ചത്.
ആനയാംകുന്ന് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് വെള്ളിയാഴ്ച വരെ അവധി കൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പനി പടര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കളക്ടര്‍ സാംബശിവ റാവുവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീയും ആനയാംകുന്ന് സ്‌കൂളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്യാമ്പുകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നോഡല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ഇന്നലെ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. മെഡിക്കല്‍ ടീം ഇന്നും ഇന്നലെയുമായി സ്‌കൂളില്‍ തുടരുന്നുണ്ട്. മുക്കം ഹെല്‍ത്ത് സെന്ററില്‍ ഐസൊലേഷന്‍ വാര്‍ഡും തുറന്നിട്ടുണ്ട്. അതേസമയം കുട്ടികളിലും അധ്യാപകരിലുമായി ഇതുവരെ ആര്‍ക്കും പുതുതായി പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആളുകള്‍ ഒത്തുകൂടുന്നതും പൊതുപരിപാടികളും പരമാവധി ഒഴിവാക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുക്കം സി.എച്ച്.സിയിലും കാരശേരി പഞ്ചായത്തിലെ തേക്കുംകുറ്റി പി.എച്ച്.സിയിലും പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സ്‌കൂളില്‍ അടിയന്തര യോഗം ചേര്‍ന്നു
എച്ച് 1 എന്‍ 1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീയുടെ നേതൃത്വത്തില്‍ ഇന്നലെ അടിയന്തിര യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പഞ്ചായത്തംഗത്തിന്റേയും ആശാവര്‍ക്കര്‍മാരുടേയും നേതൃത്വത്തില്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും കയറി ബോധവത്ക്കരണം നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും രോഗം നിയന്ത്രണത്തിലാണെന്നും ഡി.എം.ഒ ഡോ. ജയശ്രീ പ്രതികരിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് പനി കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം പനിയുടെ സാഹചര്യത്തില്‍ മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കോള്‍ സെന്റര്‍ തുറന്നിട്ടുണ്ട്. രോഗികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരെ 0495 2297260 എന്ന നമ്പറില്‍ ബന്ധപ്പെടാം.
എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഊര്‍ജ്ജിത നടപടികളെടുക്കുമെന്ന് ഉറപ്പുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കയച്ച കത്തിലാണ് രാഹുല്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ വിശ്വാസം പ്രകടിപ്പിച്ചത്.