സൗത്ത് ഇന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കുന്ന തരത്തിലാണ് ഓരോ വിജയ് സിനിമയുടെ അപ്‌ഡേറ്റും. ആരാധകര്‍ തന്റ ഇഷ്ടനടന്റെ ഓരോ സിനിമയും ആഘോഷിക്കുന്നതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥ കാണുന്നത് വിജയ് സിനിമകള്‍ക്കാണ്. മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടതിനാല്‍ മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകള്‍ക്ക് ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം വിജയ് അറിയിച്ചിരുന്നു.
കരിയറിലെ അവസാനചിത്രം എന്ന നിലയില്‍ ദളപതി 69 സംവിധാനം താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാകുമെന്ന് തന്നെ ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നു. ഇതിന് പിന്നാലെ ദളപതി 69 ആര് സംവിധാനം ചെയ്യുമെന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ നടന്നിരുന്നു. അറ്റ്‌ലീ, വെട്രിമാരന്‍, ലോകേഷ് കനകരാജ്, നെല്‍സണ്‍ എന്നിവരുടെ പേരാണ് ഉയര്‍ന്നുകേട്ടത്. എന്നാല്‍ ഏറ്റവുമൊടുവില്‍ എച്ച്. വിനോദ് സംവിധാനം ചെയ്യുമെന്ന തരത്തിലായിരുന്നു റൂമറുകള്‍ വന്നത്.
ഇപ്പോഴിതാ ദളപതി 69 സംവിധാനം ചെയ്യുന്നത് താന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് എച്ച്. വിനോദ്. കഴിഞ്ഞ ദിവസം നടന്ന മകുടം അവാര്‍ഡ്‌സ് ഷോയിലാണ് വിനോദ് ഇക്കാര്യം അറിയിച്ചത്. വിജയ്‌യെപ്പോലൊരു നടനുമായി ചേര്‍ന്ന് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും വിനോദ് പറഞ്ഞു. വിജയ്‌യുടെ അവസാന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറല്ലെന്നും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പക്കാ കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറായിരിക്കുമെന്നും വിനോദ് അറിയിച്ചു.
വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നുമില്ലാതെ വന്ന വന്‍ ഹിറ്റായ സതുരംഗ വേട്ടൈയാണ് വിനോദിന്റെ ആദ്യ ചിത്രം. നടരാജ സുബ്രഹ്‌മണ്യം (നട്ടി) നായകനായ സതുരംഗ വേട്ടൈ തമിഴ് സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ച സിനിമകളില്‍ ഒന്നാണ്. കാര്‍ത്തിയെ നായകനാക്കിയാണ് വിനോദ് തന്റെ രണ്ടാമത്തെ ചിത്രം ചെയ്തത്.
തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചെയ്ത തീരന്‍ അധികാരം ഒന്‍ട്ര് വന്‍ വിജയമായി മാറി. പിന്നീട് മൂന്ന് ചിത്രങ്ങള്‍ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്തു. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ, തുനിവ് എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബ്ബില്‍ ഇടം നേടിയവയാണ്.
ദളപതി 69ന് വേണ്ടിയുള്ള ലുക്ക് ടെസ്റ്റ് കഴിഞ്ഞയാഴ്ച ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ദളപതി 69 നിര്‍മിക്കുന്നത്. മെര്‍സലിന് ശേഷം സാമന്ത വിജയ്‌യുടെ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രേമലുവിലൂടെ സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയ മമിത ബൈജുവും ദളപതി 69ന്റെ ഭാഗമാകുമെന്ന് റൂമറുകളുണ്ട്. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ റിലീസിന് ശേഷമാകും ദളപതി 69ന്റെ അനൗണ്‍സ്‌മെന്റ് ഉണ്ടാവുക.
Content Highlight: H Vinoth confirms that he will direct Thalapathy 69