Advertisement
Kerala News
ആലപ്പുഴയില്‍ ജെ.സി.ബിയുമായെത്തി സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച് എച്ച്. സലാം എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 28, 11:25 am
Saturday, 28th December 2024, 4:55 pm

ആലപ്പുഴ: പള്ളാത്തുരുത്തിയില്‍ ജെ.സി.ബിയുമായെത്തി സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച് എച്ച്. സലാം എം.എല്‍.എ. സന്താരിറ്റ് റിസോര്‍ട്ടിന്റെ മതിലാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊളിച്ചത്. ഇന്നലെ (വെള്ളിയാഴ്ച) ആണ് പൊളിക്കല്‍ നടപടി നടന്നത്.

നേരത്തെ പൊതുവഴിക്ക് സ്ഥലം വിട്ടുനല്‍കാന്‍ അധികൃതര്‍ റിസോര്‍ട്ടിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മതില്‍ പൊളിച്ച എം.എല്‍.എയുടെ നീക്കം നിയമവിരുദ്ധമാണെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍ പറഞ്ഞു.

പൊളിക്കല്‍ നടപടിക്കെതിരെ റിസോര്‍ട്ട് ഉടമ പരാതി നല്‍കിയതായും വിവരമുണ്ട്. പള്ളാത്തുരുത്തി പാലത്തിന്റെ വടക്ക് ഭാഗത്തായാണ് റിസോര്‍ട്ട് നില്‍ക്കുന്നത്.

റോഡ് വീതി കൂട്ടുന്നതിനായാണ് മതില്‍ പൊളിച്ചതെന്ന് എം.എല്‍.എ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. റിസോർട്ട് ഉടമ ഭൂമി കൈയേറിയെന്നും എം.എൽ.എ പറഞ്ഞു.

പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് റിസോര്‍ട്ടിന് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് റിസോര്‍ട്ടിന്റെ മതില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊളിക്കുന്നത്.

അതേസമയം മതില്‍ പൊളിക്കാന്‍ തങ്ങള്‍ അനുവദിച്ചിട്ടില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ പ്രതികരിച്ചു. വിഷയം പരിഗണിക്കുമെന്ന് അധികൃതരെ അറിയിച്ചിരുന്നെന്നും തുടര്‍ന്ന് ലഭിച്ച നോട്ടീസില്‍ ഒരു മീറ്റര്‍ സ്ഥലം മാത്രം തങ്ങളുടെ ഭാഗത്ത് നിന്ന് വിട്ടുനല്‍കിയാല്‍ മതിയെന്നാണ് പറഞ്ഞിരുന്നെന്നും അധികൃതര്‍ അറിയിച്ചു.

സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു കാലയളവ് അറിയിച്ചിരുന്നില്ല. തങ്ങളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ മതില്‍ പൊളിച്ചുനീക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടില്ലെന്നും റിസോര്‍ട്ട് ജീവനക്കാരന്‍ പറഞ്ഞു.

നോട്ടീസ് ലഭിച്ചിട്ട് ഒരു മാസം കഴിഞ്ഞെന്നും സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുത്തുവരികയായിരുന്നെന്നും ജീവനക്കാരന്‍ പറഞ്ഞു.

Content Highlight: H. Salam MLA came to Alappuzha with JCB and demolished the wall of the private resort