എച്ച്.എല്‍. ദത്തു സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
Daily News
എച്ച്.എല്‍. ദത്തു സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th September 2014, 10:46 am

dattu[] ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എച്ച്.എല്‍. ദത്തു ചുമതലയേറ്റു. രാവിലെ പതിനൊന്നിനു രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു.

2015 ഡിസംബര്‍ രണ്ടുവരെയാണ് എച്ച്.എല്‍. ദത്തുവിന്റെ കാലാവധി.  കര്‍ണാടക ചിക്മഗളൂര്‍ സ്വദേശിയായ ദത്തു രാജ്യത്തിന്റെ 42ാമത്തെ ചീഫ് ജസ്റ്റിസാണ്. കേരളത്തിലും ഛത്തീസ്ഗഢിലും ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ചിരുന്ന അദ്ദേഹം 2008 ഡിസംബറിലാണ് സുപ്രീംകോടതിയില്‍ ജഡ്ജിയായി നിയമിതനായത്.

അതേസമയം അഞ്ചുമാസം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍.എം. ലോധ ഇന്നലെ വിരമിച്ചു. 2014 ഏപ്രിലിലാണ് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അഞ്ചുമാസത്തിനിടെ, കല്‍ക്കരി അഴിമതിക്കേസടക്കം പ്രമുഖമായ കേസുകളില്‍ അദ്ദേഹം ശ്രദ്ധേയമായ വിധികള്‍ പുറപ്പെടുവിച്ചിരുന്നു.

മുന്‍ ചീഫ്ജസ്റ്റിസ് പി. സദാശിവം കേരള ഗവര്‍ണരായതിനെതിരെ കഴിഞ്ഞ ദിവസം ലോധ രംഗത്ത് വന്നിരുന്നു. ജഡ്ജിമാര്‍ വിരമിച്ചതിനു ശേഷം രണ്ട് വര്‍ഷത്തേക്ക് ഭരണഘടനാപരമായ പദവികള്‍ ഏറ്റെടുക്കരുതെന്നും ഇതിനായി നിയമഭേദഗതി വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.