അജിത് ഡോവലും മക്കളും
Opinion
അജിത് ഡോവലും മക്കളും
ഫാറൂഖ്
Tuesday, 29th January 2019, 1:56 pm

നമ്മുടെ പന്തളം രാജ്യത്തെക്കാള്‍ ഇത്തിരി കൂടെ വലിയ രാജ്യമാണ് കയ്മാന്‍ ഐലന്‍ഡ്. ദ്വീപ് രാജ്യം ആയതു കൊണ്ട് മിക്കവാറും സ്ഥലം ജനവാസ യോഗ്യമല്ലാത്ത കടല്‍ത്തീരമാണ്, അതുകൊണ്ട് തന്നെ പന്തളം രാജ്യത്തെക്കാള്‍ കുറവാണ് ജനസംഖ്യ. പന്തളം രാജാവിനേക്കാള്‍ കുറച്ചു കൂടി അധികാരമുള്ള ഒരു ഗവര്‍ണ്ണര്‍ ആണ് കയ്മെന്‍ രാജ്യം ഭരിക്കുന്നത്. ബ്രിട്ടീഷ് രാഞ്ജിയുടെ ആശ്രിതനാണ് ഇപ്പറഞ്ഞ ഗവര്‍ണര്‍, ദൈവം സഹായിച്ചു സ്വാതന്ത്യ സമരമൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. കുളിക്കാന്‍ വിശാലമായ ബീച്ചുകളും സ്‌കൂബ ഡൈവിംഗ് സൗകര്യങ്ങളും ഉള്ളത് കൊണ്ട് പത്തഞ്ഞൂറു ടൂറിസ്റ്റുകള്‍ അവിടെയിടെയായി കാണും എപ്പോഴും. ഈ ദ്വീപില്‍ നിന്നാണ് നോട്ടുനിരോധനത്തിനു ശേഷമുള്ള വര്‍ഷം ഇന്ത്യയിലേക്ക് ആര്‍.ബി.ഐയുടെ കണക്കനുസരിച്ചു 8300 കോടി രൂപയുടെ നിക്ഷേപം വന്നത്!

കയ്മെന്‍ ദ്വീപുകാര്‍ക്ക് ഇന്ത്യയില്‍ പണം നിക്ഷേപിക്കാന്‍ ഇത്ര ഉത്സാഹം എന്താണെന്ന് ചോദിക്കരുത്, ആ പാവങ്ങള്‍ അഞ്ചു പൈസ പോലും ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടില്ല. ഇന്ത്യയിലേക്ക് വന്ന പണം മുഴുവന്‍ ഇന്ത്യക്കാരുടേത് തന്നെയാണ്, അതില്‍ തന്നെ ഭൂരിഭാഗവും ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാങ്ങളിലുള്ള വ്യവസായികളുടെ അളിയന്മാരും മച്ചുനന്മാരും. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയില്‍ നിന്ന് ടാക്‌സ് വെട്ടിച്ചും ബാങ്കുകാരെ പറ്റിച്ചും കടത്തിയ, നമ്മള്‍ ബ്ലാക്ക്മണി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കള്ളപ്പണം തിരിച്ചു ഇന്ത്യയിലേക്ക് വെള്ളപണമായി വന്നതാണെന്നര്‍ത്ഥം.

ഇംഗ്ലീഷുകാര്‍ മണി-ലൗന്‍ഡറിങ്, റൌണ്ട്-ട്രിപ്പിങ് എന്നൊക്കെ പറയും. കയ്മെന്‍ ദ്വീപില്‍ നിന്ന് മാത്രമല്ല ഇങ്ങനെ പണം വരുന്നത്, മൗറീഷ്യസ്, ബ്രിട്ടീഷ് വിര്‍ജിന്‍, ബഹാമാസ് തുടങ്ങി വേറെയുമുണ്ട് രാജ്യങ്ങള്‍.

നോട്ടു നിരോധനത്തിന് പതിമൂന്നു ദിവസത്തിന് ശേഷം വിവേക് ഡോവല്‍ എന്ന ഒരാള്‍ ഡയറക്ടര്‍ ആയി ജി.എന്‍.വൈ ഏഷ്യ എന്ന പേരില്‍ കയ്മാന്‍ ദ്വീപില്‍ ഒരു ഹെഡ്ജ് ഫണ്ട് തുടങ്ങുന്നു. പണക്കാരുടെ പണം കൈകാര്യം ചെയ്യുകയും നിക്ഷേപങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഹെഡ്ജ് ഫണ്ട് എന്ന് ലളിതമായി പറയാം, ഇവരാണ് പ്രധാനമായും കയ്മാന്‍ ദ്വീപില്‍ നിന്ന് ഇന്ത്യയിലേക്ക് പണം എത്തിക്കുന്നത്. സന്ദര്‍ഭവശാല്‍ ഇതും കൂടി പറയാതെ വയ്യ, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ മകനാണ് വിവേക് ഡോവല്‍. അച്ഛന്‍ അറിയപ്പെടുന്ന രാജ്യസ്‌നേഹിയാണെങ്കിലും മകന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു യു.കെ പൗരനായിട്ടുണ്ട്. സിംഗപ്പൂരിലാണ് താമസം, കയ്മാന്‍ ദ്വീപിലാണ് ബിസിനസ്.

വിവേക് ഡോവലിന്റെ മൂത്ത ജേഷ്ഠന്റെ പേര് ശൗര്യ ഡോവല്‍. അദ്ദേഹം സീയൂസ് കാപ്സ് എന്ന സ്‌റ്റൈലന്‍ പേരില്‍ ഇന്ത്യയിലും ടോര്‍ച് ഇന്‍വെസ്റ്റ്‌മെന്റ് എന്ന പേരില്‍ സിംഗപ്പൂരിലും ഓരോ ഫണ്ട് മാനേജ്മന്റ് സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ജേഷ്ഠന്‍ എന്തായാലും അനിയനെ പോലെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല, ഉത്തരാഖണ്ഡിലെ പൂരി ഗാഹ്വാള്‍ മണ്ഡലത്തിലെ തോമസ് ചാണ്ടി കൂടിയാണദ്ദേഹം. സ്വന്തം കീശയില്‍ നിന്ന് കോടാനകോടി രൂപ ചിലവഴിച്ചു ആ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ശൗര്യ ഡോവല്‍. 2019 ലെ ആ മണ്ഡലത്തിലെ ബി.ജെ.പി നിയുക്ത സ്ഥാനാര്‍ത്ഥിയാണ്, അടുത്ത എന്‍.ഡി.എ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനവും ലഭിച്ചേക്കും.

ജേഷ്ടന്റെയും അനിയന്റെയും കമ്പനികള്‍ തമ്മില്‍ കമ്പനി റെക്കോര്‍ഡുകള്‍ പ്രകാരം തന്നെ പലവിധ ബന്ധങ്ങളുണ്ട്. ബന്ധങ്ങള്‍ എങ്ങനൊയൊക്കെയാണെന്ന് വിശദീകരിക്കുന്ന കാരവന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച ഒരു ചാര്‍ട് താഴെ കൊടുക്കുന്നു

 

ഈ ചാര്‍ട് കണ്ടാല്‍ സാമ്പത്തിക വിനിമയ കാര്യങ്ങളില്‍ പ്രാഥമിക ബോധമുള്ള ആര്‍ക്കും തോന്നും ഇതൊരു റൗണ്ട് ട്രിപ്പിങ് സംവിധാനം അല്ലേ എന്ന്, പക്ഷെ അങ്ങനെ സംശയിക്കുന്നതില്‍ കാര്യമില്ല എന്ന് വിവേക് ഡോവല്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, അങ്ങനെ സംശയം പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പേരില്‍ വിവേക് ഡോവല്‍ മാനനഷ്ട കേസും കൊടുത്തിട്ടുണ്ട്. അഞ്ചാറു കൊല്ലം കഴിഞ്ഞു ആ കേസിന്റെ വിധി വരുന്നതു വരെ വിവേക് ഡോവല്‍ സത്യസന്ധനായ ഒരു ബിസിനസുകാരനാണെന്ന് നമ്മള്‍ അംഗീകരിച്ചേ മതിയാവൂ.

അതിനിടക്ക് അദ്ദേഹം കേസ് പിന്‍വലിച്ചാല്‍ നമ്മള്‍ അറിയുകയും ഇല്ല. മാനനഷ്ട കേസില്‍ പ്രധാനമായി വിവേക് ഡോവല്‍ ഉന്നയിക്കുന്ന കാര്യം ഇന്ത്യയിലേക്ക് കയ്മെന്‍ ദ്വീപില്‍ നിന്ന് പണം കൊണ്ട് വന്നവരാരും ഇന്ത്യക്കാരല്ല, അതുകൊണ്ട് തന്നെ നിയമപരമായ വിദേശ നിക്ഷേപം ആണ് എന്നാണ്. സത്യമാണ്, വിവേക് ഡോവല്‍ പോലും ഇന്ത്യക്കാരനല്ല, കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരാണ്. നിരവ് മോദിയും മേഹുല്‍ ചോക്സിയും പോലും ഇപ്പോള്‍ ഇന്ത്യന്‍ പൗരന്മാരല്ല. അവര്‍ക്കൊക്കെ വിവേക് ഡോവലിന്റെ കമ്പനിയിലൂടെ ഇന്ത്യയിലേക്ക് പണം അയക്കാന്‍ ഇപ്പോള്‍ സാങ്കേതികമായോ നിയമപരമായോ ഒരു ബുദ്ധിമുട്ടുമില്ല. കള്ളപ്പണം വെളുപ്പിക്കല്‍ എന്ന് ആരെങ്കിലും പറഞ്ഞാല്‍ മറ്റൊരു നൂറു കോടിയുടെ മാനനഷ്ട കേസുകൂടെ കൊടുക്കാം.

വിവേക് ഡോവലിന്റെ ബിസിനസ് പാര്‍ട്ണറുടെ പേരാണ് ഡോണ്‍ ഡബ്ല്യു. ഇ-ബാങ്ക്‌സ്. പേര് കേട്ടാല്‍ ഏതോ ന്യൂ ജനെറേഷന്‍ ബേങ്കിന്റെ പേരാണെന്ന് തോന്നുമെങ്കിലും ഡോണ്‍ ഇ-ബാങ്ക്‌സ് വിവേക് ഡോവലിന്റെ ഏറ്റവും അടുത്ത സുഹൃത്തും കയ്മെന്‍ ദ്വീപിലെ സ്ഥിര താമസക്കാരനുമാണ്. മാത്രമല്ല പാരഡൈസ് പേപ്പേഴ്‌സ് എന്ന അടുത്ത കാലത്തു വെളിപ്പെടുത്തപ്പെട്ട ലോകത്തിലെ പ്രമുഖ കള്ളപണക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വ്യക്തി കൂടിയാണ്.

വിവേക് ഡോവലിന്റെ കമ്പനിയായ ജി.എന്‍.വൈ ഏഷ്യ അണ്ടര്‍ടേക് ചെയ്യുന്ന വാള്‍ക്കര്‍ കോര്‍പ്പറേറ്റ് ലിമിറ്റഡ് ആവട്ടെ കള്ളപ്പണക്കാരുടെ രണ്ടു പ്രമുഖ ലിസ്റ്റിലും ഉള്‍പ്പെട്ട കമ്പനിയാണ് – പാരഡൈസ് പേപ്പറിലും പനാമ പേപ്പറിലും. ഈ ലിസ്റ്റില്‍ പേര് വന്നതുകൊണ്ടാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരിഫ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നതെന്നോര്‍ക്കണം.

ഇത്രയും കാര്യങ്ങള്‍ ഔദ്യോഗിക രേഖകളില്‍ തന്നെയുള്ളപ്പോള്‍ സാധാരണ ഇന്ത്യക്കാരുടെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉദിക്കേണ്ടതാണ്. ഉദാഹരണമായി ഇന്ത്യക്കാരുടെ ഇത്രയും പണം എങ്ങനെ കയ്മാന്‍ പോലുള്ള ദ്വീപുകളില്‍ എത്തുന്നു?, അജിത് ഡോവലിനെ പോലുള്ള രാജ്യസ്‌നേഹിയുടെ മകന്‍ എന്തിനു ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു ഇംഗ്ലണ്ട് പൗരന്‍ ആകണം? പനാമ പേപ്പേഴ്‌സ്, പാരഡൈസ് പേപ്പേഴ്‌സ് തുടങ്ങിയ കള്ളപ്പണക്കാരുടെ ലിസ്റ്റുകളില്‍ പേരുള്ളവരുമായി ഇന്ത്യയിലെ മുഴുവന്‍ അന്വേഷണ ഏജന്‍സികളുടെയും തലപ്പത്തിരിക്കുന്ന ആളുടെ രണ്ടു മക്കളും കൂട്ട് കച്ചവടം നടത്തുന്നത് കള്ളപ്പണ വേട്ടയെ എങ്ങനെ ബാധിക്കും? നോട്ടു നിരോധനം കഴിഞ്ഞ ഉടനെ വിവേക് ഡോവല്‍ എന്തിനു കയ്മാന്‍ ദ്വീപില്‍ ബിസിനസ് തുടങ്ങി? തുടങ്ങി നിരവധി. ഈ ചോദ്യങ്ങള്‍ക്ക് മുഴുവന്‍ അച്ഛന്‍ അജിത് ഡോവല്‍ മറുപടി പറഞ്ഞിട്ടുണ്ട്, 2014 ന് മുമ്പ്.

ദേശീ ബോണ്ട് എന്നായിരുന്നു അജിത് ഡോവലിനെ ഇന്റര്‍നെറ്റ് ഫാന്‍സ് വിശേഷിപ്പിച്ചിരുന്നത്. 2010-11 കാലഘട്ടത്തില്‍ ഇന്റര്‍നെറ്റിലെ താരങ്ങളായിരുന്നു സുബ്രഹ്മണ്യം സ്വാമിയും ഡോവലും. സോഷ്യല്‍ മീഡിയ എന്ന വാക്ക് അത്ര വ്യാപകമായിട്ടില്ല, സ്മാര്‍ട്‌ഫോണും. ഇമെയില്‍ ഫോര്‍വേഡുകളില്‍ ആണ് പ്രധാനമായും കാമ്പയിനുകള്‍. ഇടക്കിടക്ക് ഒരു ഇമെയില്‍ വരും “ഇന്ത്യന്‍ ജെയിംസ് ബോണ്ട് പറയുന്നത് കേള്‍ക്കൂ, ചൈനയെ തോല്‍പ്പിക്കാന്‍ അഞ്ചു വഴികള്‍”, അല്ലെങ്കില്‍ “ദേശി ബോണ്ട് അജിത് ഡോവലിന്റെ പ്രഭാഷണം കേള്‍ക്കൂ, ഇന്ത്യ 2020 ല്‍ സൂപ്പര്‍ പവര്‍ ആകും ” എന്നിങ്ങനെയാവും സബ്ജക്ട്. ഒരു യൂട്യൂബ് വീഡിയോ, അല്ലെങ്കില്‍ ബ്ലോഗ് ലിങ്ക് കൂടെയുണ്ടാകും.

പി.ആര്‍ ഏജന്‍സികള്‍ തയ്യാറാക്കുന്നതാണ് ഇമെയില്‍ എന്നത് വ്യക്തം. പക്ഷെ ഫോര്‍വേഡ് ചെയ്യുന്നത് ഐ.ടിയില്‍ ജോലി ചെയ്യുന്ന കൂട്ടുകാരാണ്. ഇന്റലിജന്‍സ് ബ്യുറോവില്‍ ജോലി ചെയ്തിരുന്ന കാലത്തു അദ്ദേഹം ചെയ്ത അതിസാഹസിക കൃത്യങ്ങളുടെ പേരിലാണ് അദ്ദേഹത്തെ ദേശി ബോണ്ട് എന്ന് വിളിച്ചിരുന്നത്. അദ്ദേഹം തന്നെയാണ് അതി സാഹസിക കൃത്യങ്ങളുടെ കഥകള്‍ നമ്മളോട് പറഞ്ഞത്, വേറാരുമല്ല.

പഴയ പട്ടാളക്കാരെ പോലെ തന്നെയാണ് ഇന്റലിജന്‍സുകാരും. അവരുടെ കഥകള്‍ പരിശോധിക്കാന്‍ നമുക്ക് പ്രത്യേകിച്ചു മാര്‍ഗങ്ങളൊന്നുമില്ല. വിശ്വസിക്കുകയേ വഴിയുള്ളൂ. അവരെ ചേര്‍ത്ത് മറ്റുള്ളവര്‍ക്കും പറയാം കഥകള്‍, കേട്ടിട്ടില്ലേ ഇന്റലിജന്‍സുകാരെ ഉദ്ധരിച്ചുകൊണ്ടുള്ള പത്ര റിപ്പോര്‍ട്ടുകള്‍.

ഏതായാലും നമ്മുടെ അറിവില്‍ ഡോവല്‍ ഒരു ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്, കാണ്ഡഹാറിലേക്ക് റാഞ്ചി കൊണ്ട് പോയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ മോചിപ്പിക്കാന്‍ ഡോവലിനെയായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അദ്വാനി ഏല്‍പിച്ചത്. അവസാനം തീവ്രവാദികള്‍ ചോദിച്ച മുഴുവന്‍ ഡിമാന്റുകളും അംഗീകരിച്ചാണ് ഡോവല്‍ മിഷന്‍ പൂര്‍ത്തീകരിച്ചത്.

സുബ്രഹ്മണ്യം സ്വാമി സാമ്പത്തിക വിദഗ്ദ്ധനും ഡോവല്‍ ഇന്റലിജന്‍സുകാരനും ആയിരുന്നെങ്കിലും രണ്ടു പേരുടെയും യൂട്യൂബ് പ്രഭാഷണങ്ങള്‍ വിപരീതദിശയിലായിരുന്നു. വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്ത് എങ്ങിനെയാണ് യു.പി.എ ജയിച്ചത് എന്നതിന്റെ ഡെമോ ആയിരുന്നു സ്വാമി പ്രധാനമായും നടത്തികൊണ്ടിരുന്നതെങ്കില്‍ ഇന്ത്യക്കാര്‍ വിദേശത്തേക്കയച്ച കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനെ പറ്റിയായിരുന്നു ഡോവലിന്റെ പ്രഭാഷണങ്ങള്‍. പതിനഞ്ചു ലക്ഷത്തിന്റെ കണക്ക് മോദിക്ക് പറഞ്ഞു കൊടുത്തത് ഡോവലാണ്.

ഹവാല ഇടപാടുകളുടെ ഉള്ളുകള്ളികള്‍, ഓവര്‍ ഇന്‍വോയ്സിങ്, അണ്ടര്‍ ഇന്‍വോയ്സിങ് തുടങ്ങി ഇന്ത്യയില്‍ നിന്ന് വിദേശത്തെ ടാക്‌സ് ഹെവന്‍ എന്നറിയപ്പെടുന്ന കൊച്ചു കൊച്ചു ദ്വീപു രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ കള്ളപ്പണക്കാര്‍ എങ്ങനെയാണു പണം കടത്തുന്നതെന്നു 2011 ലെ India”s Plundered Money Abroad – Can we get it back എന്ന ഒരു ലേഖനത്തില്‍ ഡോവല്‍ വിശദീകരിക്കുന്നുണ്ട്.

ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ നോട്ടു കെട്ടുകളായി തന്നെ ഇന്ത്യയില്‍ നിന്ന് കള്ളപണം പുറത്തേക്ക് പോകുന്നുണ്ടെന്നു അദ്ദേഹം ഈ ലേഖനത്തില്‍ പറയുന്നു. ഭരിക്കുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ സഞ്ചരിക്കുന്ന വിമാനങ്ങളിലാണ് ഇങ്ങനെ പണം കൊണ്ട് പോകുന്നതെന്നും വിദേശ പൗരന്മാരായും എന്‍.ആര്‍.ഐ ആയും ഇന്ത്യക്ക് പുറത്തു താമസിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും വ്യവസായികളുടെയും ബന്ധുക്കളാണ് ഈ പണം കൈകാര്യം ചെയ്യുന്നതെന്നും അക്കാലങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇങ്ങനെ കൊണ്ട് പോകുന്ന പണം വെള്ളപ്പണമായി തിരിച്ചു കൊണ്ട് വരുന്ന എഫ്.ഡി.ഐ, എഫ്.ഐ.ഐ തുടങ്ങിയ സംവിധാനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇങ്ങനെ വരുന്ന പണം രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യിലെത്തുന്നത് തടയാന്‍ നിയമം വേണമെന്നും ഡോവല്‍ വാദിച്ചിരുന്നു.

2014 ല്‍ ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി. ഇന്ത്യയില്‍ അധികാരസ്ഥാനത്തു രണ്ടാമന്‍, മോദിയുടെ തൊട്ടു താഴെ. ടാക്‌സ് വെട്ടിച്ചതും ബാങ്കുകളെ പറ്റിച്ചതുമായ പണം ചരിത്രത്തിലില്ലാത്ത വിധം പുറത്തേക്കൊഴുകി. നീരവ് മോദിയെയും ചോക്സിയെയും പോലെ നിരവധി വ്യവസായികള്‍ ആയിരക്കണക്കിന് കോടിയും കൊണ്ട് ഇന്ത്യ വിട്ടു. ഡോവലിന്റെ തന്നെ മകന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു ബ്രിട്ടീഷ് പൗരനായി കയ്മെന്‍ ദ്വീപില്‍ ബിസിനസ് നടത്തുന്നു. അമിത്ഷായുടെ മകന്‍ ജയ് ഷാ ഉള്‍പ്പടെ ബി.ജെ.പി നേതാക്കളുടെ മക്കള്‍ പൊടുന്നനെ കോടീശ്വരന്മാരാകുന്നു. റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നു.

ബി.ജെ.പി നേതാക്കളെ വഹിച്ചു കൊണ്ട് സ്വകാര്യ വിമാനങ്ങളും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും തലങ്ങും വിലങ്ങും പറക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയുടെ ഉറവിടം കാണിക്കേണ്ടെന്ന നിയമം വരുന്നു. ഇലക്ടോറല്‍ ബോണ്ട് എന്ന ഓമനപ്പേരില്‍, ആ നിയമത്തിന്റെ പഴുതിലൂടെ ബി.ജെ.പിക്ക് കണക്കു പ്രകാരം തന്നെ ആയിരക്കണക്കിന് കോടികളുടെ സംഭാവന ലഭിക്കുന്നു.

കഥയുടെ ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെയാണ്. പാതി രാജ്യവുമായി അച്ഛന്‍, നിയുക്ത മന്ത്രിയായി മൂത്ത മകന്‍, കോടാനകോടിയുടെ സ്വത്തുക്കളും ബ്രിട്ടീഷ് പൗരത്വവുമായി ഇളയ മകന്‍ ലണ്ടനില്‍, കെയ്മാന്‍ ദ്വീപു മുതല്‍ സിങ്കപ്പൂര്‍ വരെ നീണ്ടു കിടക്കുന്ന ബിസിനസ് ബന്ധങ്ങളുള്ള കുടുംബം.

ബോണ്ട് സിനിമകള്‍ അങ്ങനെയാണ്. സിനിമ അവസാനിക്കാറാവുമ്പോഴെ കഥ ശരിക്കും തെളിഞ്ഞു വരൂ.

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ