മംഗളൂരു: മുസ്‌ലിം സമുദായത്തെ വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നതെന്ന് ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും കുമാര സ്വാമി കുറ്റപ്പെടുത്തി.
കൃഷ്ണപുരിയില്‍ ജെ.ഡി.എസ് മംഗളൂരു നോര്‍ത്ത് സ്ഥാനാര്‍ത്ഥിയായ മൊഹിയുദ്ദീന്‍ ബാവക്കായുള്ള പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്ര ഹിന്ദു നേതാക്കളെ കോണ്‍ഗ്രസ് അവരുടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും, അതേസമയം ജെ.ഡി.എസിന് ബി.ജെ.പിയുമായി ധാരണയുണ്ടെന്ന് ആരോപിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പിയും കോണ്‍ഗ്രസും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി യുവാക്കളെ മുതലെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമുദായ വോട്ടുകളെ മുന്നില്‍ കണ്ടാണ് ബി.ജെ.പി ബില്ലാവ വികസന പദ്ധതി പ്രഖ്യാപിച്ചതെന്നും കുമാരസ്വാമി പറഞ്ഞു.
ജനങ്ങള്‍ ജെ.ഡി.എസില്‍ വിശ്വാസം അര്‍പ്പിക്കുമെന്ന പ്രതീക്ഷ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ബി.എം. ഫാറൂഖ്, ബി.എ. മൊഹിയുദ്ദീന്‍ ബാവ, പാര്‍ട്ടി നേതാവ് അക്ഷിത് സുവര്‍ണ, എം.ബി. സദാശിവ എന്നിവരും റാലിയില്‍ പങ്കെടുത്തു.
അതേസമയം, കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഒരുങ്ങിയിറങ്ങുകയാണ് മുന്നണികള്‍. അവസാന നിമിഷത്തില്‍ വന്‍ പ്രചാരണ റാലിയുമായാണ് കോണ്‍ഗ്രസ് എത്തുന്നത്. പ്രിയങ്കാ ഗാന്ധി ചിക്ക് പേട്ടിലും വിജയനഗരയിലുമായി റാലികള്‍ നയിക്കും. രാഹുല്‍ ഗാന്ധി ബെംഗളൂരു നഗരം കേന്ദ്രീകരിച്ചാകും പ്രചാരണം നടത്തുക. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാളാണ് കര്‍ണാടകയിലെ വോട്ടെടുപ്പ്.
Contenthighlight: H.D. Kumara swami against Congress