കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കം പെണ്‍ഭ്രൂണഹത്യ വര്‍ധിപ്പിക്കുമെന്ന് ഗൈനക്കോളജിസ്റ്റ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ നടപടി ഗര്‍ഭഛിദ്രം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്നും ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നു.
ഗര്‍ഭഛിദ്രം നടത്താനുള്ള കാലയളവ് 20 ആഴ്ചയ്ക്കുള്ളില്‍ എന്നുള്ളത് 24 ആഴ്ചയാക്കിമാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കൂടാതെ മൂന്നുമാസത്തിനുശേഷമുള്ള ഗര്‍ഭഛിദ്രത്തിന് രണ്ടു ഡോക്ടര്‍മാരുടെ അനുമതി വേണമെന്ന നിയമത്തിലും മാറ്റം വരുത്തും.
ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോ ഡോക്ടര്‍മാര്‍ക്കും യോഗ്യരായ മിഡ്വൈഫുമാര്‍ക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാമെന്നും കരടില്‍ വ്യവസ്ഥയുണ്ട്. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ എന്നതിന് പകരം രജിസ്‌ട്രേഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ എന്ന് വ്യവസ്ഥയില്‍ മാറ്റം വരുത്തിയാണ് മിഡഫൈ്വമാര്‍ക്കും ഇതിന് അനുമതി നല്‍കുന്നത്.
കുഞ്ഞിന്റെ തുടര്‍ന്നുള്ള വളര്‍ച്ച അമ്മയ്ക്ക് ശാരീരികമോ മാനസികമോ ആയ പ്രശ്‌നം സൃഷ്ടിക്കുക, ബലാത്സംഗത്തിന് ഇരയായതുമൂലമാണ് കുഞ്ഞുണ്ടായതെന്നും കുഞ്ഞ് ജനിക്കുന്നത് അമ്മയ്ക്ക് മാനസികപ്രശ്‌നം ഉണ്ടാക്കുമെന്നുമുള്ള വിലയിരുത്തല്‍ തുടങ്ങിയവയാണ് ഗര്‍ഭഛിദ്രത്തിന് അനുവദിച്ചിട്ടുള്ള ഉപാധികള്‍.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെടുകയും തന്മൂലം കുഞ്ഞ് ജനിക്കുകയും ചെയ്താല്‍ അത് അമ്മയ്ക്ക് മാനസികാഘാതമുണ്ടാകുമെന്ന് കണ്ടെത്തിയാലും ഗര്‍ഭഛിദ്രമാകാം.
ഗര്‍ഭഛിദ്രത്തിന് വിധേയായാവുന്ന സ്ത്രീയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്നും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുന്നത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. യോഗ്യതയില്ലാത്ത ഡോക്ടറോ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളോ ഇത്തരം ചികിത്സ നടത്തിയാലും നിയമനടപടികള്‍ സ്വീകരിക്കാനാവും.
നിലവില്‍ ഗര്‍ഭഛിദ്രം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 65% വര്‍ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവിലെ വ്യവസ്ഥകളില്‍ ഇളവു വരുത്തുക കൂടി ചെയ്താല്‍ ഗര്‍ഭഛിദ്രം വന്‍തോതില്‍ വര്‍ധിക്കുമെന്നും ഗൈനക്കോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.