ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ സ്റ്റേ ചെയ്യണമെന്ന ഹരജി തള്ളി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അഞ്ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.
എന്നാല്‍ സര്‍വേക്കിടയില്‍ ഒരു ഇടപെടലും നടത്തരുതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സര്‍വേയ്ക്കിടയില്‍ ഒരു ഖനനവും നടത്തില്ലെന്നും കെട്ടിടത്തിന് കേടുപാട് വരുത്തില്ലെന്നും എ.എസ്.ഐക്കും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങള്‍ കോടതി നിരീക്ഷിച്ചു. വാരണാസി ജില്ലാ കോടതിയുടെ വിധിയില്‍ ഒരു തെറ്റുമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
‘ഒരു ഖനനവും കൂടാതെ കെട്ടിടത്തിന് യാതൊരു നാശവും വരുത്താതെ മുഴുവന്‍ സര്‍വേയും പൂര്‍ത്തിയാക്കുമെന്ന് എ.എസ്.ഐക്ക് വേണ്ടി സോളിസിറ്റര്‍ വ്യക്തമാക്കി.
സി.പി.സിയുടെ (സിവില്‍ പ്രൊസീജ്യര്‍ കോഡ്) ഓര്‍ഡര്‍ 26 റൂള്‍ 10 എ പ്രകാരം പാസാക്കിയ വിചാരണ ജഡ്ജിയുടെ ഉത്തരവ് അധികാരപരിധിയില്ലാത്തതാണെന്ന് പ്രാഥമികമായി പറയാനാകില്ല,’ കോടതി പറഞ്ഞു.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വേ ചരിത്രത്തിലേക്കുള്ള തുളച്ചുകയറ്റമാണെന്നും ആരാധനാലയങ്ങളുടെ നിയമം ലംഘിക്കുന്നതും സാഹോദര്യത്തെയും മതനിരപേക്ഷതയെയും തടസ്സപ്പെടുത്തുന്നതാണെന്നും മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി പറഞ്ഞു.
എന്നാല്‍ എല്ലാ ഇടക്കാല ഉത്തരവിനെയും ഒരേ കാരണത്താല്‍ എതിര്‍ക്കാന്‍ കഴിയില്ലെന്നും മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പുകള്‍ വാദം കേള്‍ക്കുമ്പോള്‍ തീരുമാനിക്കുമെന്നും കോടതി പറഞ്ഞു.
സര്‍വേ അനുവദിച്ച അലഹബാദ് ഹൈക്കോടതിയെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ഇന്നലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണം, അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചത്.
ജൂലൈ 21നാണ് വാരണാസി കോടതി പുരാവസ്തു സര്‍വേ വകുപ്പിന്റെ സര്‍വേക്ക് അനുമതി നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടിതിയില്‍ നല്‍കിയ ഹരജിയാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറാണ് സര്‍വേക്ക് അനുമതി നല്‍കിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സര്‍വേക്ക് അനുമതി നല്‍കിയത് ന്യായമാണെന്നും നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ സര്‍വേ നടത്തേണ്ടത് ആവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
ജൂലൈ 25നായിരുന്നു അഞ്ജുമന്‍ പള്ളിക്കമ്മിറ്റി ശാസ്ത്രീയ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദുക്ഷേത്രം തകര്‍ത്താണോ പള്ളി നിര്‍മിച്ചതെന്ന് നിര്‍ണയിക്കാന്‍ സര്‍വേ വേണമെന്നാവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു വാരണാസി കോടതിയുടെ ഉത്തരവ്. വാരണാസി കോടതിയുടെ ഉത്തരവില്‍ ഹൈക്കോടതിയെ സമീപിക്കുന്നതിനായി ജുലൈ 24ന് സര്‍വേ നടത്തുന്നത് ജൂലൈ 26 അഞ്ചുമണി വരെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 3 വരെ ഉത്തരവിന് ഹൈക്കോടതിയും സ്റ്റേ നല്‍കിയിരുന്നു.
HIGHLIGHTS: Gyanwapi Survey; The Supreme Court rejected the petition of the mosque committee