ന്യൂദല്‍ഹി: യു.പിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ ‘ശിവലിംഗം’ കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് സുരക്ഷ തുടരണമെന്ന് സുപ്രീം കോടതി. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ ഇവിടെ ജില്ലാ മജിസ്‌ട്രേറ്റ് സുരക്ഷ ഉറപ്പാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ഉള്‍പ്പെടുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
കേസില്‍ പുതിയ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നില്ലെന്ന് അറിയിച്ച കോടതി മെയ് 17ലെ ഇടക്കാല ഉത്തരവ് തുടരട്ടെയെന്നും നിര്‍ദേശിച്ചു. മെയ് 17ലെ ഇടക്കാല ഉത്തരവിന്റെ കാലാവധി നവംബര്‍ 12ന് അവസാനിക്കാനിരിക്കെ ഹിന്ദുത്വ സംഘടനകളാണ് ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
ഗ്യാന്‍വ്യാപി മസ്ജിദിലെ വുദുഖാനയിലുള്ളത് ജലധാരയാണെന്നും ശിവലിംഗമാണെന്നുമുള്ള ഹിന്ദുത്വ സംഘടനകളുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ പള്ളിക്ക് സംരക്ഷണം നല്‍കണമെന്നായിരുന്നു മെയ് 17ലെ സുപ്രീം കോടതി ഉത്തരവ്.
സംരക്ഷണം നല്‍കി ഗ്യാന്‍വാപി പള്ളിയില്‍ തര്‍ക്കത്തിന് തുടക്കമിടരുതെന്നുമുള്ള അഞ്ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ തള്ളിയാണ് സുപ്രീം കോടതി മെയ് 17ന് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, ഹിന്ദുത്വ സംഘടനകളുടെ ആവശ്യത്തിന് അനുസൃതമായി ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്തുന്ന കാര്യത്തില്‍ കോടതി നിര്‍ദേശം പാലിക്കാമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ അലഹബാദ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഈ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ പള്ളി പരിപാലന കമ്മിറ്റിക്ക് 10 ദിവസത്തെ സമയവും അലഹബാദ് ഹൈക്കോടതി നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശിലെ കാശിവിശ്വനാഥ് ക്ഷേത്രത്തിന്റെ സമീപത്താണ് ഗ്യാന്‍വാപി മസ്ജിദ്. ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഗ്രഹങ്ങള്‍ ഉണ്ടെന്നും ആരാധിക്കാന്‍ അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹരജിക്കാരുടെ വാദം. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹരജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിച്ചു.
ഹിന്ദു സ്ത്രീകളുടെ പരിഗണിച്ച വാരണാസി സീനിയര്‍ ഡിവിഷന്‍ സിവില്‍ കോടതി പള്ളിയില്‍ അഭിഭാഷക കമീഷന്റെ വിഡിയോ സര്‍വേക്ക് നിര്‍ദേശിച്ചു. എന്നാല്‍, സര്‍വേ പൂര്‍ത്തിയായി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പേ സ്ത്രീകള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ പള്ളിയിലെ ജലധാരയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടു.
തുടര്‍ന്ന് ഈ ഭാഗം മുദ്രവെച്ച് പ്രവേശനം നിഷേധിക്കാന്‍ സിവില്‍ കോടതിയുടെ ഉത്തരവുണ്ടായി. മസ്ജിദ് കമ്മിറ്റി ഇതിനെതിരെ സുപ്രീം കോടതിയിലെത്തിയപ്പോള്‍ സ്ഥലം അതേപടി സംരക്ഷിക്കാനും മുസ്‌ലിങ്ങളുടെ പ്രാര്‍ത്ഥന തടയരുതെന്നുമായിരുന്നു ഉത്തരവ്.
Content highlight: Gyanvapi mosque case: SC extends protection of ‘Shivling’