ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി. ഹരജിയില്‍ വാദം ഉടന്‍ തന്നെ കേള്‍ക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 പരിഗണിക്കുന്ന ബെഞ്ചിന് മുന്‍പാകെ അഭിഭാഷകന്‍ നിസാം പാഷയാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഇന്നാണ് വന്നത്, മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കരുത്. കോടതി ഉത്തരവ് ഇ.മെയിലില്‍ അയച്ചിട്ടുണ്ടെന്നും പാഷ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അറിയിച്ചു. ഇ.മെയില്‍ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് പാഷക്ക് ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ജൂലൈ 21ന് വാരണാസി കോടതി പുരാവസ്തു സര്‍വേ വകുപ്പിന്റെ സര്‍വേക്ക് അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടിതിയില്‍ നല്‍കിയ ഹരജിയാണ് ഇന്ന് തള്ളിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറാണ് സര്‍വേക്ക് അനുമതി നല്‍കിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സര്‍വേക്ക് അനുമതി നല്‍കിയത് ന്യായമാണെന്നും നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ സര്‍വേ നടത്തേണ്ടത് ആവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
ജൂലൈ 25നായിരുന്നു അന്‍ജുമന്‍ പള്ളിക്കമ്മിറ്റി ശാസ്ത്രീയ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദുക്ഷേത്രം തകര്‍ത്താണോ പള്ളി നിര്‍മിച്ചതെന്ന് നിര്‍ണയിക്കാന്‍ സര്‍വേ വേണമെന്നാവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു വാരണാസി കോടതിയുടെ ഉത്തരവ്.
വാരണാസി കോടതിയുടെ ഉത്തരവില്‍ ഹൈക്കോടതിയെ സമീപിക്കുന്നതിനായി ജുലൈ 24ന് സര്‍വേ നടത്തുന്നത് ജൂലൈ 26 അഞ്ചുമണി വരെ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 3 വരെ ഉത്തരവിന് ഹൈക്കോടതിയും സ്‌റ്റേ നല്‍കിയിരുന്നു.