ഗ്യാന്‍വാപി മസ്ജിദ് കേസ്: ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സുപ്രീം കോടതിയെ സമീപിക്കും
national news
ഗ്യാന്‍വാപി മസ്ജിദ് കേസ്: ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സുപ്രീം കോടതിയെ സമീപിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th May 2022, 11:26 am

വാരണാസി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ നടക്കുന്ന സര്‍വ്വേകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.ഐ.സി.എഫ്). ഗ്യാന്‍വാപിയില്‍ നടക്കുന്ന സര്‍വേ 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

1945 ആഗസ്റ്റ് 15നുണ്ടായിരുന്ന അതേ നിലയില്‍ തന്നെ ആരാധനാലയങ്ങള്‍ക്ക് തുടരാന്‍ അനുമതി നല്‍കുന്നതായിരുന്നു നിയമം.

അയോധ്യ വിധി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കില്ലെന്നും ആരാധനാലയ നിയമം നടപ്പാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഐ.ഐ.സി.എഫ് സെക്രട്ടറി അത്താര്‍ ഹുസൈന്‍ പറഞ്ഞു.

അയോധ്യയിലെ രാമജന്മഭൂമി ഒഴികെയുള്ള ഇന്ത്യയിലെ ഏതെങ്കിലും ആരാധനാലയത്തിന്റെ പദവിയെ ചോദ്യം ചെയ്യുന്ന ഏതൊരു കോടതിയും 2019 നവംബര്‍ 9ലെ സുപ്രീം കോടതി വിധിയെ ലംഘിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ബാബറി മസ്ജിദ് ഭൂമിക്ക് പകരമായി അയോധ്യയില്‍ മസ്ജിദ് നിര്‍മ്മിക്കാന്‍ സുപ്രീം കോടതി അനുവദിച്ച 5 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥതയിലുള്ള സുപ്രീം കോടതി നിര്‍ബന്ധിത ട്രസ്റ്റാണ് ഐ.ഐ.സി.എഫ്.

1991ലെ ആരാധനാലയ നിയമം പ്രകാരം ഏതൊരു മതസ്ഥലവും സ്വാതന്ത്ര്യസമയത്തുണ്ടായിരുന്ന അതേ സ്വഭാവം നിലനിര്‍ത്തണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗ്യാന്‍വ്യാപി മസ്ജിദിന് പുറത്തുള്ള സ്ഥലങ്ങളില്‍ സര്‍വേയും വീഡിയോഗ്രഫിയും നടത്താന്‍ വാരണാസി കോടതി ഉത്തരവിട്ടത്. ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയ സ്ത്രീകളുടെ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്.

സര്‍വേക്ക് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷണര്‍ സ്ഥാനത്തുനിന്ന് അജയ് കുമാറിനെ നീക്കണമെന്നും മറ്റൊരാളെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ജുമാന്‍ ഇന്‍തേസാമിയ മസ്ജിദ് കമ്മിറ്റി കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

കോടതി ഹരജി പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ മസ്ജിദില്‍ സര്‍വേ നടക്കില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകനായ സുഭാഷ് നന്ദന്‍ ചതുര്‍വേദി വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ദിവാകര്‍ ഏപ്രില്‍ 26 ന് അഭിഭാഷക കമ്മീഷണര്‍ മാ ശൃംഗര്‍ ഗൗരി സ്ഥലത്തിന്റെ വീഡിയോഗ്രാഫിക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഏപ്രില്‍ എട്ടിനാണ് അജയ് കുമാറിനെ അഭിഭാഷക കമ്മീഷണറായി കോടതി നിയമിച്ചത്.

പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നിരിക്കുന്ന പള്ളിയുടെ സ്ഥാനത്ത് പുരാതന കാലത്ത് ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നാണ് ആരോപണം. മുപ്പതു വര്‍ഷത്തോളം പഴക്കമുള്ള കേസിലാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

Content Highlight: Gyanvapi Masjid case: Indo – Islamic Cultural Foundation to approach SC