| Monday, 12th September 2022, 2:43 pm

ഗ്യാന്‍വാപി കേസ്: ഹിന്ദുസ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുന്നതെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗ്യാന്‍വാപി കേസില്‍ ഹരജി നില്‌നില്‍ക്കില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ വാദങ്ങള്‍ പൊളിച്ചെഴുതി വാരാണസി ജില്ലാ കോടതി. ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്നാണ് കോടതി വിധിച്ചത്. മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധിക്കാനുള്ള അനുമതി നല്‍കണമെന്ന ഹരജികളില്‍ വാദം തുടരാമെന്നും പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

വാരാണസി ജില്ലാ കോടതി ജഡ്ജി എ.കെ. വിശ്വേഷയുടേതാണ് വിധി.

നേരത്തെ ഗ്യാന്‍വാപി മസ്ജിദിന്റെ ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് ഹരജി സമര്‍പ്പിച്ചത്. ഇവരുടെ ഹരജി പരിഗണിക്കുന്നതിനിടെ പള്ളിയില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍വേക്കെതിരെ മസ്ജിദ് കമ്മിറ്റി വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

പള്ളിയില്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. സര്‍വേ നടത്താന്‍ അഭിഭാഷക സംഘത്തെ കോടതി നിയമിച്ചിരുന്നു. സര്‍വേക്കിടയിലും വിവിധ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും പിന്നീട് സംഘം സര്‍വേയുമായി മുന്നോട്ടുപോകുകയായിരുന്നു.

ഇതിനിടെ പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി അഭിഭാഷകര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ അത് ശിവലിംഗമല്ലെന്നും കണ്ടെടുത്തത് മസ്ജിദിന്റെ നമസ്‌കാര സ്ഥലത്തുള്ള ഫൗണ്ടന്‍ ആണെന്നുമായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രതികരണം.

മസ്ജിദില്‍ നടന്ന സര്‍വേയ്ക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദ് പണ്ട് ഹിന്ദു ക്ഷേത്രമുണ്ടായിരുന്ന ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നത് എന്ന ഹിന്ദുത്വവാദികളുടെ ആരോപണം തെറ്റാണെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

1991ലെ ആരാധനാലയ നിയമപ്രകാരം സ്വാതന്ത്രം ലഭിച്ച സമയത്ത് സ്ഥിതി ചെയ്തിരുന്ന നിലയില്‍ ആരാധനാലയങ്ങളെ നിലനിര്‍ത്താനുള്ള നിയമമിരിക്കെ മസ്ജിദിനെതിരെ വരുന്ന ആരോപണങ്ങള്‍ ശരിവെക്കാനാകില്ലെന്നും നിലനില്‍ക്കില്ലെന്നും സുപ്രീം കോടതിയില്‍ ഹരജിക്കാര്‍ പറഞ്ഞിരുന്നു.

ഹരജി പരിഗണിച്ച സുപ്രീം കോടതി വിഷയത്തില്‍ തുടര്‍നടപടികള്‍ വാരാണസി കോടതിയുടെ വിധിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന പ്രസ്താവനയിറക്കിയിരുന്നു. സുപ്രീം കോടതി കേസ് ഒക്ടോബര്‍ ആദ്യവാരമായിരിക്കും പരിഗണിക്കുക.

Content Highlight: Gyanvapi case will be maintainable says supreme court

We use cookies to give you the best possible experience. Learn more