വാരണാസി: ഗ്യാന്‍വ്യാപി കേസില്‍ പള്ളിയില്‍ നിന്ന് കണ്ടെടുത്ത ശിവലിംഗത്തിന്റെ ഭാഗികമായ കാര്‍ബണ്‍ ഡേറ്റിങ് മാത്രമേ സാധ്യമാകൂവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അലഹാബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജസ്റ്റിസ് അരവിന്ദ് കുമാര്‍ മിശ്രയുടെ ബെഞ്ചിലാണ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നേരത്തെ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാനായി ശാസ്ത്രീയ പരിശോധനകള്‍ വേണമെന്ന് ആവശ്യപ്പെട്ട് നാല് ഹൈന്ദവ വിശ്വാസികളായ സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജി വാരണാസി കോടതി കഴിഞ്ഞ ഒക്ടോബര്‍ 14ന് തള്ളിയിരുന്നു. കാര്‍ബണ്‍ ഡേറ്റിങ് വഴി ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാനാകില്ലെന്നും, അവ സ്ഥാപിച്ചതിന് ചുറ്റുമുള്ള ബന്ധപ്പെട്ട വസ്തുക്കളുടെ പ്രോക്‌സി ഡേറ്റിങ് വഴി മാത്രമേ നിര്‍ണയം സാധ്യമാകൂയെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു.
മുമ്പ് ജീവനുണ്ടായിരുന്ന ഓര്‍ഗാനിക് വസ്തുക്കളില്‍ മാത്രമാണ് കാര്‍ബണ്‍ ഡേറ്റിങ് സാധ്യമായിട്ടുള്ളത്. ശിവലിംഗം പോലെ കല്ല് കൊണ്ടുള്ള വസ്തുക്കളുടെ കേസുകളില്‍, ചുറ്റുപാടുമുള്ള മറ്റു വസ്തുക്കളുടെ കൂടി കാലപ്പഴക്കം നിര്‍ണയിക്കേണ്ടി വരും.
പാറകളില്‍ ‘അറ്റ്‌മോസ്ഫറിക് 14 സി’ എന്ന കാര്‍ബണിന്റെ അംശം കുറവായതിനാലാണ് കാര്‍ബണ്‍ ഡേറ്റിങ് സാധ്യമാകാത്തത്. ശിവലിംഗത്തിന്റെ അഗ്രഭാഗത്തെ അഞ്ച് ഭാഗങ്ങളായി തിരിച്ചതായി ഫോട്ടോകളില്‍ കാണുന്നതിനാല്‍ അവ പിന്നീട് കൂട്ടിച്ചേര്‍ത്തതാകാനും സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
അങ്ങനെയെങ്കില്‍ അവ യോജിപ്പിക്കാന്‍ ഉപയോഗിച്ച മിശ്രിതത്തില്‍ സസ്യങ്ങളുടെയോ ചുണ്ണാമ്പിന്റെയോ അവശിഷ്ടങ്ങള്‍ കണ്ടെത്താനായാല്‍ കര്‍ബണ്‍ ഡേറ്റിങ് സാധ്യമാകുമെന്നും എ.എസ്.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
CONTENT HIGHLIGHTS: Gyanvapi – Carbon Dating Of Shiva Linga Not Possible