| Friday, 16th February 2024, 12:37 pm

ദൽഹി ചലോ മാർച്ച്; പൊലീസിന്റെ ടിയർ ഗ്യാസ് ആക്രമണത്തിൽ ചികിത്സയിലായിരുന്ന കർഷകൻ മരണപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ടാം കര്‍ഷക പ്രക്ഷോഭത്തിലെ ആദ്യ രക്തസാക്ഷിയായി ഗ്യാന്‍ സിങ്. കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ചിനിടെ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള 63കാരനായ ഗ്യാന്‍ സിങ് ടിയര്‍ ഗ്യാസ് ഷെല്‍, റബ്ബര്‍ ബുള്ളറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് പട്യാല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെ (കെ.എം.എം) ഘടകമായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെ.എം.എസ്.സി) അംഗമായിരുന്നു ഗ്യാന്‍ സിങ്.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഗ്യാന്‍ സിങ്ങിനെ രാജ്പുര സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ പട്യാല രജീന്ദ്ര മെഡിക്കല്‍ കോളേജിലേക്ക് അദ്ദേഹത്തെ മെഡിക്കല്‍ സംഘം റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് 9 മണിയോടെ ഗ്യാന്‍ സിങ് മരണപ്പെടുകയായിരുന്നു.

പട്യാല ഡെപ്യൂട്ടി കമ്മീഷണര്‍ ഷൗക്കത്ത് അഹമ്മദ് പരേ ഗ്യാന്‍ സിങ്ങിന്റെ മരണം സ്ഥിരീകരിച്ചു. മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പ്രകാരം അദ്ദേഹം ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതെന്ന് പരേ പറഞ്ഞു.

‘ഫെബ്രുവരി 13ന് പൊലീസ് ഷെല്ലാക്രമണം ആരംഭിച്ചപ്പോള്‍ തന്റെ അമ്മാവന്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്ന സ്ഥലത്തിന് സമീപം പോയിരുന്നുവെന്ന് ഗ്യാന്‍ സിങ്ങിന്റെ ബന്ധു ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

അദ്ദേഹം അത് ശ്വസിക്കുകയും അന്നേദിവസം മുതല്‍ അസ്വസ്ഥത അനുഭവിക്കുകയും ചെയ്തിരുന്നു. ഖല്‍സയുടെ സഹായത്താല്‍ സജ്ജീകരിച്ച ഒരു സ്റ്റാളില്‍ നിന്ന് അദ്ദേഹം മരുന്ന് കഴിച്ചിരുന്നെന്നും ജഗദീഷ് പറഞ്ഞു.

കേന്ദ്ര മന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ പരാജപ്പെട്ട സാഹചര്യത്തില്‍ കര്‍ഷകര്‍ സമരം ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗ്യാന്‍ സിങ്ങിന്റെ മരണത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം ചണ്ഡീഗഡില്‍ പഞ്ചാബ് മുഖ്യമന്ത്രിയും കര്‍ഷക സംഘടനകളുടെ മേധാവികളും കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, നിത്യാനന്ദ് റായ് എന്നിവരും തമ്മിലുള്ള മൂന്നാം വട്ട ചര്‍ച്ചകള്‍ അവസാനിച്ചു. ഇതുസംബന്ധിച്ച അടുത്ത യോഗങ്ങള്‍ ഞായറാഴ്ച നടക്കുമെന്നും മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു.

എം.എസ്.പി, സ്വാമിനാഥന്‍ റിപ്പോര്‍ട്ട്, കടം എഴുതിത്തള്ളല്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫലപ്രദം എന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Gyan Singh became the first martyr of the second farmers’ movement

We use cookies to give you the best possible experience. Learn more