ന്യൂദല്‍ഹി: ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ പശുസംരക്ഷണത്തിന്റെ പേരില്‍ തല്ലിക്കൊന്നതിനെ ന്യായീകരിച്ച് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജ. പെഹ്‌ലു ഖാന്‍ കൊല്ലപ്പെടേണ്ട വ്യക്തി തന്നെയാണെന്നും ഇയാളെപ്പോലെയുള്ള പാപികളെ ഇനിയും കൊല്ലുമെന്നും അഹൂജ പറഞ്ഞു.
പശുകള്ളക്കടത്തുകാര്‍ക്കും പശുവിനെ കൊല്ലുന്നവര്‍ക്കും വധശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യമായിരുന്നു രാജസ്ഥാനില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ ഗോ രക്ഷാ സേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊന്നത്. തന്റെ ഫാമിലേക്ക് പശുക്കളെ വളര്‍ത്തുന്നതിനായി കൊണ്ടുവരികയായിരുന്ന പെഹ്‌ലു ഖാനെയും സംഘത്തെയും തടഞ്ഞു വെച്ചാണ് സംഘം മര്‍ദ്ദിച്ചിരുന്നത്.
രാജസ്ഥാനിലെ അല്‍വാറില്‍ വച്ചായിരുന്നു മര്‍ദ്ദനം. പശുക്കള്ളക്കടത്തുകാരെന്ന് ആരോപിച്ചാണ് വി.എച്ച്.പി ബംജരംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇദ്ദേത്തെയും മക്കളെയും മര്‍ദ്ദിച്ചിരുന്നത്. തന്റെ പിതാവ് പശുവിനെ കശാപ്പിനായി കൊണ്ടു വന്നതല്ലെന്നും ഫാമിലേക്ക് പശുവിനെ വാങ്ങിയതാണെന്നും പശുവിനെ വാങ്ങിയതിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും പെഹ്‌ലു ഖാന്റെ മകന്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ പെഹ്‌ലു ഖാന്‍ പശുക്കള്ളകടത്തുകാരനായിരുന്നെന്നും അതിന്റെ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും അഹൂജ പറഞ്ഞു. നേരത്തെ ജെ.എന്‍.യു സമരകാലത്ത് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കും ക്യാമ്പസിനുമെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിയായിരുന്നു അഹൂജ.
ദല്‍ഹിയിലെ 50 ശതമാനം പീഡനങ്ങള്‍ക്കും കാരണം ജെ.എന്‍.യു വിദ്യാര്‍ത്ഥികളെന്നായിരുന്നു് അഹൂജയുടെ പ്രസ്താവന. രാത്രി എട്ടുമണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ ന്ഗനരായി നൃത്തം ചെയ്യുന്നെന്നും വിദ്യാര്‍ത്ഥികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നും അത് തെളിയിക്കുന്നതിനായി ക്യാമ്പസ്സില്‍ നിന്ന് മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും കണ്ടെത്തിയിരുന്നുവെന്നും അഹൂജ പറഞ്ഞിരുന്നു. ക്യാമ്പസില്‍ നിന്ന് പ്രതിദിനം 3000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയെന്നും അഹൂജ ആരോപിച്ചിരുന്നു.