| Tuesday, 3rd September 2019, 2:16 pm

സ്‌കൂളിലെ ഓണാഘോഷത്തിന്റെ ചിത്രം ദുരിതാശ്വാസ ക്യാമ്പിലേതെന്ന് മനോരമയുടെ റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ചിത്രം മനോരമ റിപ്പോര്‍ട്ട് ചെയ്തത് വസ്തുതാവിരുദ്ധമായെന്ന് സ്‌കൂള്‍ അധികൃതര്‍. സ്‌കൂളില്‍ തുടരുന്ന ദുരിതാശ്വാസ ക്യാമ്പിനിടയിലെ ഓണാഘോഷം എന്ന രീതിയിലാണ് മനോരമ പത്രം ചിത്രം പ്രസിദ്ധീകരിച്ചത്. ക്യാമ്പ് നേരത്തെ തന്നെ പിരിച്ചുവിട്ടതാണെന്നും ഓണാഘോഷ പരിപാടി മാത്രമാണ് നടന്നതെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്.

‘ ഉരുളെടുക്കാതെ ഓണക്കാലം: ഉരുള്‍പൊട്ടല്‍ ദുരന്തം വന്‍നാശം വിതച്ച മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലൊന്നിലെ ഓണാഘോഷ പരിപാടിയില്‍ സദ്യകഴിക്കുന്ന വിദ്യാര്‍ഥികള്‍. പുത്തുമലയില്‍ നിന്ന് അധികം ദൂരത്തല്ലാതെയുള്ള വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ ഓണനാളുകളിലും അന്തേവാസികള്‍ കഴിയുന്നു. മിക്കവാര്‍ക്കും തിരിച്ചുപോകാന്‍ നല്ലൊരിടമില്ല. ദുരിത ജീവിതത്തിനിടയിലും ക്യാമ്പില്‍ ഇന്നലെ ഓണാഘോഷമായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ക്യാമ്പ് അംഗങ്ങള്‍ക്കുമായി നാട്ടുകാര്‍ ഒരുക്കിയ സദ്യ എല്ലാവരും പങ്കിട്ടുകഴിച്ചു. ഇനിയെന്നെങ്കിലും നല്ല നാളുകളിലേക്കുള്ള തിരിച്ചുമടക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍.’ എന്നാണ് സ്‌കൂളിലെ ഓണാഘോഷ പരിപാടിയുടെ ചിത്രത്തിന് കീഴിലായി മനോരമ നല്‍കിയ കുറിപ്പ്.

എന്നാല്‍ ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടതാണെന്നും സ്‌കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ ക്യാമ്പിലുണ്ടായിരുന്നവരെക്കൂടി ഉള്‍പ്പെടുത്തിയതാണെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടാം തീയതി എല്ലാ സ്‌കൂളുകളിലും ഓണാഘോഷം നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. അതനുസരിച്ചാണ് വെള്ളാര്‍മല സ്‌കൂളിലും ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്.  പുത്തുമലയിലും പച്ചക്കാട് എന്ന സ്ഥലത്തുമുള്ള ദുരന്തബാധിതരെയും കൂടി ഉള്‍പ്പെടുത്തിയാണ് ഓണാഘോഷം നടത്തിയത്. അവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യുകയും ഓണസദ്യ നല്‍കുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിജീവനം എന്ന പേരിലാണ് ഓണാഘോഷപരിപാടി സംഘടിപ്പിച്ചത്. ഈ നാടിനെ ഉണര്‍ത്തിയെടുക്കാന്‍ ഇനി ഈ സ്‌കൂളിനേ സാധിക്കൂ. അതുകൊണ്ടാണ് അവരെ ഉള്‍പ്പെടുത്തി ആഘോഷം സംഘടിപ്പിച്ചത്.

We use cookies to give you the best possible experience. Learn more