കങ്കുവ ഇഫക്ടാണോ? ഗുഡ് ബാഡ് അഗ്ലിയില്‍ നിന്ന് ദേവി ശ്രീ പ്രസാദിനെ മാറ്റി അണിയറപ്രവര്‍ത്തകര്‍
Entertainment
കങ്കുവ ഇഫക്ടാണോ? ഗുഡ് ബാഡ് അഗ്ലിയില്‍ നിന്ന് ദേവി ശ്രീ പ്രസാദിനെ മാറ്റി അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th November 2024, 7:17 pm

അജിത് ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മാര്‍ക്ക് ആന്റണി എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് തന്റെ ഇഷ്ടനടനെ എങ്ങനെ പ്രസന്റ് ചെയ്യുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിലെ അജിത് റഫറന്‍സ് തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയിരുന്നു.

ചിത്രത്തില്‍ ഗ്യാങ്സ്റ്ററായാണ് അജിത് വേഷമിടുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ പിക്കുകളില്‍ അജിത്തിന്റെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. അജിത് കുമാറിന് പുറമെ അര്‍ജുന്‍ ദാസ്, പ്രഭു, പ്രസന്ന, തൃഷ തുടങ്ങി വന്‍ താരനിര ഒന്നിക്കുന്നുണ്ട്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് ചിത്രത്തിന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലിയുടെ സംഗീതസംവിധായകന്റെ സ്ഥാനത്ത് നിന്ന് ദേവി ശ്രീ പ്രസാദിനെ ഒഴിവാക്കിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തമിഴില്‍ ഈ വര്‍ഷം മികച്ച സിനിമകളുടെ ഭാഗമായ ജി.വി. പ്രകാശ് ഡി.എസ്.പിക്ക് പകരം ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. മാര്‍ക്ക് ആന്റണിക്ക് ശേഷം ആദിക്- ജി.വി.പി കോമ്പോ ഗുഡ് ബാഡ് അഗ്ലിയിലും ഒന്നിക്കുകയാണ്.

വന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ കങ്കുവക്ക് സംഗീതം നല്‍കിയത് ദേവി ശ്രീ പ്രസാദായിരുന്നു. ചിത്രത്തിന് മോശം പ്രതികരണം ലഭിച്ചതും ശബ്ദത്തിനെപ്പറ്റി കൂടുതലും പരാതി ഉയര്‍ന്നതുമാണ് ഡി.എസ്.പിയെ ഗുഡ് ബാഡ് അഗ്ലിയില്‍ നിന്ന് മാറ്റാന്‍ കാരണമെന്നാണ് ചില റൂമറുകള്‍ പറയുന്നത്. കങ്കുവക്കായി ഡി.എസ്.പി ഒരുക്കിയ ഗാനങ്ങള്‍ക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതേസമയം ഇന്ത്യന്‍ സിനിമ ഏറ്റവും വലിയ ഹൈപ്പില്‍ കാത്തിരിക്കുന്ന പുഷ്പ 2വിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് ഗുഡ് ബാഡ് അഗ്ലി അണിയിച്ചൊരുക്കുന്നത്. മൈത്രിയുടെ ആദ്യ തമിഴ് ചിത്രമാണിത്. അജിത്തിന്റെ 63ാം ചിത്രമായാണ് ഗുഡ് ബാഡ് അഗ്ലി ഒരുങ്ങുന്നത്. 2025 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. അതേസമയം താരത്തിന്റെ 62ാം ചിത്രമായ വിടാമുയര്‍ച്ചി ഇനിയും ഷൂട്ട് ബാക്കിയുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ ചിത്രം റിലീസാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: GV Prakash onboard for Good Bad Ugly instead of Devi Sri Prasad