ഒരു വര്‍ഷം കൊണ്ട് കാത്തിരിക്കുന്നത് 86% വളര്‍ച്ച; ഞെട്ടിക്കാന്‍ ഗയാന
ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യം ഏതെന്ന് ചോദിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി? ചൈനയോ സിംഗപ്പൂരോ അറബ് രാജ്യങ്ങളോ ആയിരിക്കും നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക.

എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി..ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാനയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യം. വെറുതെ പറയുന്നതല്ല. ഗയാന എന്ന കൊച്ചുരാജ്യം അടുത്ത വര്‍ഷം അമ്പരപ്പിക്കുന്ന വളര്‍ച്ച കൈവരിക്കുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം.

അടുത്ത വര്‍ഷം ഈ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 86 ശതമാനം ആയിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. അതായത് ചൈനയുടെ വളര്‍ച്ചാനിരക്കി 14 ഇരട്ടി.

ദക്ഷിണ അമേരിക്കയിലെ ഒരു കൊച്ചുരാജ്യമാണ് 7.8 ലക്ഷം മാത്രം ജനസംഖ്യയുള്ള ഗയാന. ബ്രസീലും വെനിസ്വേലയുമാണ് അയല്‍ രാജ്യങ്ങള്‍. ഈ വര്‍ഷം 4.4 ശതമാനം വളര്‍ച്ചാനിരക്കുള്ള ഗയാന അടുത്ത വര്‍ഷത്തോടെ വന്‍ കുതിച്ചുചാട്ടം നടത്തുമെന്നാണ് കരുതപ്പെടുന്നത്.

അങ്ങനെ ചുമ്മാതങ്ങ് വളരുകയല്ല ഗയാന.

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ എക്സണ്‍ മൊബീല്‍ കോര്‍പ് ഗയാനയില്‍ വന്‍തോതില്‍ ഇന്ധന നിക്ഷേപം കണ്ടെത്തിയതോടെയാണ് ഗയാനയുടെ തലവര മാറിയത്. 2015ല്‍ ആണ് ഗയാനയില്‍ ഈ കണ്ടെത്തല്‍ നടത്തിയത്. വലിയ ഇന്ധനിക്ഷേപമുള്ള രാജ്യമാണ് അയല്‍ രാജ്യമായ വെനിസ്വേലയെങ്കിലും ഗയാനയില്‍ അതുവരെ ഏതെങ്കിലും വിധത്തിലുള്ള ഇന്ധന ഉല്‍പാദനവും നടന്നിരുന്നില്ല.

നിലവിലുള്ള 400 കോടി ഡോളറിന്റെ ആഭ്യന്തര ഉത്പാദന ശേഷി 2024ഓടെ 1500 കോടിയായി വന്‍ വളര്‍ച്ചനേടുമെന്നാണ് ഐഎംഎഫ് പറയുന്നത്. ഇതിന്റെ 40 ശതമാനവും എണ്ണ വിപണിയില്‍നിന്നായി മാറും.

അമേരിക്കന്‍ കമ്പനികളായ എക്സണ്‍, ഹെസ്സ് കോര്‍പറേഷന്‍ എന്നിവയെ കൂടാതെ ചൈനീസ് കമ്പനിയായ സിഎന്‍ഒഒസി ലിമിറ്റഡും ഗയാനയുടെ ഇന്ധന മേഖലയില്‍ നിക്ഷേപമിറക്കിക്കഴിഞ്ഞു. മറ്റു നിരവധി വന്‍കിട കമ്പനികളും ഗയാനയിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്.

2025ഓടെ പ്രതിദിനം 7.5 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലിന്റെ ഉല്‍പാദനമാണ് ഗയാനയില്‍ ഉണ്ടാകുകയെന്നാണ് കണക്കുകൂട്ടുന്നത്.

വളരെ താഴ്ന്ന സാമ്പത്തികാവസ്ഥയില്‍നിന്ന് അവിശ്വസനീയമായ ഉയരത്തിലേയ്ക്കാണ് രാജ്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഗയാനയുടെ ധനമന്ത്രി വിന്‍സ്റ്റണ്‍ ജോര്‍ജന്‍ പറയുന്നു. വരാനിരിക്കുന്ന വലിയ സമ്പത്ത് എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ ഗയാന രൂപരേഖകള്‍ തയ്യാറാക്കിക്കഴിഞ്ഞു.

രാജ്യത്തിന്റെ ആഭ്യന്തരമായ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതിയാണ് സര്‍ക്കാരിനുള്ളത്.