മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളല്ലേ,; കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി; സംസ്‌ക്കാരം തൊട്ടുതീണ്ടാത്തവനെന്ന് മറുപടി
national news
മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളല്ലേ,; കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി; സംസ്‌ക്കാരം തൊട്ടുതീണ്ടാത്തവനെന്ന് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th January 2019, 10:15 am

ന്യൂദല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവിനെതിരെ രൂക്ഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ.

താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ ദിനേഷ് ഗുണ്ടു ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനെ വ്യക്തിപരമായി അധിക്ഷേപിച്ച് മന്ത്രി രംഗത്തെത്തിയത്.

ഒരു മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളെന്ന നിലയില്‍ മാത്രമേ തനിക്ക് ദിനേഷ് ഗുണ്ടുവിനെ അറിയുള്ളൂവെന്നായിരുന്നു മന്ത്രി പറഞ്ഞത്.


സംഘപരിവാര്‍ ഹര്‍ത്താലില്‍ ഒരുകോടിയുടെ പൊതുമുതലും 28 ലക്ഷത്തിന്റെ പൊതുമുതലും നശിപ്പിക്കപ്പെട്ടു: നിയമസഭയില്‍ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി


കേന്ദ്രമന്ത്രിയായതിന് ശേഷം ജനങ്ങള്‍ക്ക് വേണ്ടി എന്താണ് അനന്ത് കുമാര്‍ ചെയ്തതെന്ന് ദിനേഷ് റാവു ഗുണ്ടുചോദിച്ചിരുന്നു. എന്ത് നേട്ടമാണ് കേന്ദ്രമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് ഉയര്‍ത്തിക്കാട്ടാനുള്ളത് എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ചോദ്യം. കര്‍ണാടകയുടെ വികസനത്തിന് വേണ്ടി എന്ത് കാര്യമാണ് അദ്ദേഹം ചെയ്‌തെന്നും ദിനേഷ്ഗുണ്ടു ചോദിച്ചിരുന്നു.

ഇതിന് മറുപടി പറയവേയാണ് കോണ്‍ഗ്രസ് അധ്യക്ഷനെ വ്യക്തിപരമായി അധിക്ഷേപിച്ച് മന്ത്രി എത്തിയത്. “” നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി നല്‍കാം. പക്ഷേ ഇതെല്ലാം ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്ന് ആദ്യം പറയൂ. ഒരു മുസ്‌ലീം സ്ത്രീയ്ക്ക് പിന്നാലെ നടക്കുന്ന ആളെന്ന നിലയിലേ എനിക്ക് ഇയാളെ അറിയൂ””- എന്നായിരുന്നു മന്ത്രി ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെ മന്ത്രിക്ക് മറുപടിയുമായി ദിനേഷ് റാവു ഗുണ്ടുവും എത്തി. ചോദ്യത്തിന് മറുപടി ഇല്ലാതാവുമ്പോള്‍ വ്യക്തിപരമായി ആക്രമിച്ച് അതില്‍ നിന്നും ഒളിച്ചോടാനുള്ള താങ്കളുടെ ശ്രമം വിജയിക്കില്ലെന്നും അല്‍പം കൂടി സംസ്‌ക്കാരത്തോടെ പെരുമാറാന്‍ മന്ത്രി പഠിക്കേണ്ടിയിരിക്കുന്നെന്നും ദിനേഷ്ഗുണ്ടു പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളിലൂടെ മന്ത്രിയുടെ സംസ്‌ക്കാര ശൂന്യതയാണ് വെളിവാകുന്നതെന്നും ദിനേഷ് റാവു ഗുണ്ടു പറഞ്ഞു.