ദിസ്പൂര്‍: അസമിലെ ഗുവാഹത്തിയില്‍ എല്ലാ ആരാധനാലയങ്ങളുടെയും പരിസരം നിശബ്ദ മേഖലയാക്കി ഉത്തരവിറക്കി. അസം സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം കാംരൂപിലെ ജല്ലാ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്.
പള്ളികള്‍, ക്ഷേത്രങ്ങള്‍, ഗുരുദ്വാര, ചര്‍ച്ചുകള്‍ എന്നിങ്ങനെയുള്ള ആരാധനാലയങ്ങളുടെ 100 മീറ്റര്‍ പരിധി “നിശബ്ദ മേഖലയാക്കി” യാണ് ഉത്തരവിറക്കിയത്. 10മണിക്കും ആറ് മണിക്കും ഇടയില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടെന്നാണ് മജിസ്‌ട്രേറ്റിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
ആരാധനാലയങ്ങള്‍ കൂടാതെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരവും നിശബ്ദ മേഖലയാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
ശബ്ദ മലിനീകരണ നിയന്ത്രണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ അനുസരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതു പ്രകാരം സംസ്ഥാന സര്‍ക്കാറിന് പ്രദേശങ്ങളെ വ്യവസായ, വാണിജ്യ, റെസിഡന്‍ഷ്യല്‍, നിശബ്ദ മേഖലകളായി തിരിച്ച് ശബദത്തിെന്റ നിയന്ത്രണം ഏര്‍പ്പെടുത്താം.
നിശബ്ദ മേഖലകളാക്കി പ്രഖ്യാപിച്ച മേഖലകളില്‍ പരിശോധന നടത്തി മാസാമാസം റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനെതിരായ സോനു നിഗമിന്റെ പരാമര്‍ശത്തിനു പിന്നാലെ ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കര്‍ ഉപയോഗം സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു.