ഭാര്യ സിന്ദൂരം തൊടാന്‍ വിസമ്മതിക്കുന്നത് വിവാഹമോചന കാരണമെന്ന് ഗുവാഹത്തി ഹൈക്കോടതി
national news
ഭാര്യ സിന്ദൂരം തൊടാന്‍ വിസമ്മതിക്കുന്നത് വിവാഹമോചന കാരണമെന്ന് ഗുവാഹത്തി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2020, 10:13 am

ഗുവാഹത്തി: ഗുവാഹത്തിയില്‍  ഭാര്യ സിന്ദൂരവും ശംഖു വളകളും അണിയാന്‍ വിസമ്മതിച്ചെന്ന കാരണത്താല്‍ ഭര്‍ത്താവിന് വിവാഹമോചനത്തിന് അനുമതി നല്‍കി ഹൈക്കോടതി. ഹിന്ദു മതാചാര പ്രകാരം വളകളും സിന്ദൂരവും അണിയാന്‍ സ്ത്രീ വിസമ്മതിച്ചത് വിവാഹം നിഷേധിച്ചതിന് തുല്യമാണെന്ന് കാണിച്ചാണ് ഗുവാഹത്തി ഹൈക്കോടതി വിവാഹമോചനത്തിന് ഭര്‍ത്താവിന് അനുമതി നല്‍കിയത്.

ഭര്‍ത്താവ് കുടുംബ കോടതിയിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ ഭാര്യയുടെ ഭാഗത്ത് നിന്ന് ഭര്‍ത്താവിനെതിരെ യാതൊരു കുറ്റകൃത്യവും നടന്നതായി കണ്ടെത്താത്തതിനാല്‍ കുടുംബ കോടതി വിവാഹമോചനം നിഷേധിക്കുകയായിരുന്നു.

എന്നാല്‍ ഭര്‍ത്താവ് കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സിന്ദൂരവും ശംഖുവളകളും ധരിക്കാന്‍ നിഷേധിച്ച സ്ത്രീ ഭാര്യാ പദവിയില്‍ തുടര്‍ന്ന് പോകാനും താത്പര്യം പ്രകടിപ്പിക്കുന്നുണ്ടാവില്ല എന്ന് കാണിച്ചാണ് കോടതി വിവാഹമോചനത്തിന് അനുമതി നല്‍കിയത്.

‘സിന്ദൂരവും വളകളും ധരിക്കാന്‍ വിസമ്മതിക്കുന്നത് സ്ത്രീയെ അവിവാഹിതയായാണ് കണക്കാക്കുക, മാത്രമല്ല അവര്‍ വിവാഹം നിഷേധിക്കുന്നതിന് തുല്യമാണ്.ഭര്‍ത്താവുമായി അവര്‍ക്ക് വൈവാഹിക ജീവിതം തുടര്‍ന്ന്‌കൊണ്ട് പോകാനുള്ള താത്പര്യം ഇല്ലെന്ന വ്യക്തമായ ഉദ്ദേശമാണ് ഈ നിഷേധാത്മക നിലപാട് കാണിക്കുന്നത്,’ ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

2012 ഫെബ്രുവരി 17നാണ് ഇവരുടെ വിവാഹം കഴിയുന്നത്. ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ പറ്റില്ലെന്ന് ഭാര്യ പറഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കമായിരുന്നു. ഇതേതുടര്‍ന്ന് 2013 ജൂണ്‍ 30 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് ജീവിച്ചിരുന്നത്.

തന്നെ നിരന്തരമായി ഉപദ്രവിക്കുന്നെന്ന് കാണിച്ച് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീ പരാതി നല്‍കിയിരുന്നു. പക്ഷെ ഇവര്‍ക്കെതിരായ പരാതി നിലനില്‍ക്കുന്നതല്ലെന്ന് കോടതി അറിയിച്ചു.

അതേസമയം 2007ലെ സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരം രക്ഷിതാക്കളുടെ ക്ഷേമം സംരക്ഷിക്കണമെന്ന വകുപ്പ് പ്രകാരം ഭര്‍ത്താവിനെ തന്റെ പ്രായം ചെന്ന അമ്മയെ ശുശ്രൂഷിക്കുന്നതില്‍ നിന്നും ഭാര്യ വിലക്കിയെന്ന യാഥാര്‍ത്ഥ്യം കുടുംബ കോടതി നിരാകരിച്ചുവെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ഇത്തരം കാര്യങ്ങള്‍ ഭാര്യക്കെതിരെയുള്ള കുറ്റകൃത്യമായി കണക്കാക്കാമെന്നും കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ