[]ബാംഗ്ലൂര്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ബാഡ്മിന്റണ്‍ ഡബ്ബിള്‍സ് ജോഡികളായ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വീണ്ടുമൊന്നിക്കുന്നു.
ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ഡെന്‍മാര്‍ക്ക് സൂപ്പര്‍ സീരീസില്‍ ഒരുമിച്ച് കോര്‍ട്ടിലിറങ്ങുമെന്ന് തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെ അശ്വിനി പൊന്നപ്പയാണ് വെളിപ്പെടുത്തിയത്.[]
ഡെന്‍മാര്‍ക്ക് ഓപ്പണിന് ശേഷം നടക്കുന്ന ഫ്രഞ്ച് ഓപ്പണിലും സാര്‍ലോക്‌സ് ഓപ്പണ്‍ ഗ്രാന്റ് പ്രിക്‌സിലും ഇരുവരും പങ്കെടുക്കും. എന്നാല്‍ സെപ്റ്റംബറില്‍ നടക്കുന്ന ചൈന മാസ്റ്റര്‍ സൂപ്പര്‍ സീരീസിലും ജപ്പാന്‍ ഓപ്പണിലും പങ്കെടുക്കില്ലെന്നും താരം വ്യക്തമാക്കി.
ഈ സമയം പരിശീലനത്തിനായി നീക്കിവയ്ക്കാനാണ് ഇരുവരുടെയും തീരുമാനം. ലണ്ടന്‍ ഒളിപിക്‌സിന് ശേഷമാണ് ഏവരെയും അത്ഭുതപ്പെടുത്തി ഇരുവരും വേര്‍പിരിഞ്ഞത്. ജ്വാല ഗുട്ടയോടൊപ്പം ഇനിമുതല്‍ കോര്‍ട്ടില്‍ ഇറങ്ങില്ലെന്ന് പ്രഖ്യാപിച്ചത് അശ്വിനി പൊന്നപ്പയാണ്.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ ജോഡികളായിരുന്നു ജ്വാലയും അശ്വിനിയും. 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും 2011 ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയ സഖ്യമാണ് ഇവരുടേത്.
ഇത് വരെ മറ്റൊരു ഇന്ത്യന്‍ വനിതാ സഖ്യത്തിനും ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം ജ്വാല ഗുട്ട ബാഡ്മിന്റണില്‍ സജീവമായിരുന്നില്ല. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗോടെയാണ് ജ്വാല വീണ്ടും ക്വാര്‍ട്ടില്‍ സജീവമായത്. അശ്വിനി പൊന്നപ്പ ഈയിടെയായി പ്രദ്‌ന്യാ ഗാഡ്രേയുമായി ചേര്‍ന്നാണ് മല്‍സരിക്കുന്നത്.