| Monday, 21st August 2023, 1:06 pm

എംബാപ്പെ ഇല്ലെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം റയലിലലെത്തും: മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പി.എസ്.ജിയില്‍ തുടരാനാണ് പദ്ധതിയിടുന്നതെങ്കില്‍ റയല്‍ മാഡ്രിഡ് മറ്റ് മാര്‍ഗം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. താരത്തെ സൈന്‍ ചെയ്യാനായില്ലെങ്കില്‍ ലൗട്ടാരോ മാര്‍ട്ടിനെസ്, വിക്ടര്‍ ഒസിമെന്‍, രണ്ടാല്‍ കോലോ എന്നിവരിലൊരാളെ റയല്‍ ക്ലബ്ബിലെത്തിക്കുമെന്നാണ് എല്‍ നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എംബാപ്പെ പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കുകയാണെങ്കില്‍ എര്‍ലിങ് ഹാലണ്ടിനെ റയല്‍ മാഡ്രിഡ് സൈന്‍ ചെയ്യുമെന്ന് മുന്‍ താരം ഗൂട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എംബാപ്പെ റയല്‍ മാഡ്രിഡില്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ അദ്ദേഹം പണത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ എര്‍ലിങ് ഹാലണ്ടിനെ ക്ലബ്ബിലെത്തിക്കുമെന്നും ഗൂട്ടി പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘എംബാപ്പെ റയല്‍ മാഡ്രിഡില്‍ കളിക്കണമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹത്തെ പോലൊരു താരത്തെ ക്ലബ്ബിലെത്തിക്കാനുള്ള സാമ്പത്തിക ഭദ്രത നിലവില്‍ റയല്‍ മാഡ്രിഡിനില്ല. എന്നാല്‍ എംബാപ്പെ പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അദ്ദേഹം പണത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന് വ്യക്തമാകും. അങ്ങനെ സംഭവിച്ചാല്‍ റയല്‍ മാഡ്രിഡ് ഹാലണ്ടിനെ സൈന്‍ ചെയ്യും,’ ഗൂട്ടി പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടിയായിരുന്നു പി.എസ്.ജിയുടെ വാദം.

ഇരുകൂട്ടര്‍ക്കും അനുകൂലമായ തീരുമാനമെടുക്കാന്‍ സാധിക്കാതെ വരികയും ജപ്പാനില്‍ വെച്ച് നടന്ന പി.എസ്.ജിയുടെ പ്രീ സീസണ്‍ മാച്ചുകളില്‍ നിന്ന് എംബാപ്പെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയുമായി പിരിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ എംബാപ്പെ സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തിറങ്ങുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മെസിക്ക് പിന്നാലെ നെയ്മറും പാരീസിയന്‍സുമായി പിരിഞ്ഞതോടെ ക്ലബ്ബില്‍ എംബാപ്പെക്ക് ഒറ്റയാനായി വിലസാനാകുമെന്നും അതിന് വേണ്ടി അദ്ദേഹം പി.എസ്.ജിയുമായി നടത്തിയ നാടകങ്ങളാണിതെന്നുമാണ് ആരാധകരില്‍ പലരും വിമര്‍ശിക്കുന്നത്.

Content Highlights: Guti says Real Madrid will sign with Erling Haaland if they don’t get Mbappe

We use cookies to give you the best possible experience. Learn more