'ദുഖകരം', ദല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരണവുമായി യു.എന്‍ സെക്രട്ടറി ജനറല്‍
World News
'ദുഖകരം', ദല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരണവുമായി യു.എന്‍ സെക്രട്ടറി ജനറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th February 2020, 10:04 am

ന്യൂയോര്‍ക്ക്: ദല്‍ഹി സംഘര്‍ഷത്തില്‍ ദുഃഖം രേഖപ്പെടുത്തി യു.എന്‍  സെക്രട്ടറി  ജനറല്‍ ആന്റോണിയോ ഗുട്ടറസ്. ദല്‍ഹി സംഘര്‍ഷത്തില്‍ ഉണ്ടായ മരണങ്ങളിലും ദുരന്തത്തിലും ദുഖമുണ്ടെന്നാണ് ആന്റോണിയോ ഗുട്ടറസിന്റെ പ്രതിനിധി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആക്രമണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രസ്താവനയില്‍ പറയുന്നു.

ദല്‍ഹി കലാപത്തില്‍ മരണം 27 ആയ സാഹചര്യത്തിലാണ് യു.എന്‍  സെക്രട്ടറി ജനറലിന്റെ ഇടപെടല്‍. കൊല്ലപ്പെട്ട 27 പേരില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. കലാപത്തില്‍ 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍
യു.എസ് പാര്‍ലമെന്റംഗങ്ങളും റിലീജിയസ് ഫ്രീഡം കമ്മിറ്റിയും ആശങ്കയറിയിച്ചിരുന്നു.

യു.എസ് കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയപാല്‍ ആണ് ദല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. ‘മതസ്വാതന്ത്ര്യത്തെ ക്ഷയിപ്പിക്കുന്ന നിയമ സംവിധാനങ്ങളോ, വിവേചനങ്ങളോ വേര്‍തിരിവുകളോ ജനാധിപത്യ സംവിധാനത്തില്‍ സഹിക്കുകയില്ല. ലോകം നിരീക്ഷിക്കുന്നുണ്ട്,’ പ്രമീള ജയപാല്‍ ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ന്യൂദല്‍ഹിയിലെ മുസ്ലിങ്ങള്‍ക്കെതിരെ അപകടകരമായ രീതിയില്‍ ആള്‍ക്കൂട്ടാക്രമണം നടക്കുകയാണെന്നും മോദി സര്‍ക്കാര്‍ ഈ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാണമെന്നുമാണ് അമേരിക്കയിലെ യുനൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യു.എസ്.സി.ആര്‍.എഫ്) പ്രസ്താവനയിറക്കിയിരിക്കുന്നത്.