ദോഹ: ഗസയിലെ സംഘർഷത്തിൽ യു.എൻ സുരക്ഷാ കൗൺസിലിന്റെ ആധികാരികതയും വിശ്വാസ്യതയും വലിയ തിരിച്ചടി നേരിട്ടുവെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്.
‘കാലതാമസമുണ്ടായത് വലിയ ആഘാതമുണ്ടാക്കി. കൗൺസിലിന്റെ ആധികാരികതയും വിശ്വാസ്യതയും തകർന്നു. പ്രമേയം നടപ്പാക്കാനും സാധിച്ചില്ല,’ കൂടുതൽ മാനുഷിക സഹായത്തിന് വേണ്ടി നേരത്തെ പാസാക്കിയ യു.എൻ പ്രമേയത്തെ കുറിച്ച് ഗുട്ടറസ് പറഞ്ഞു.
ഖത്തറിൽ നടന്ന ദോഹ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഗുട്ടറസ്. ഗസ യുദ്ധത്തിൽ യു.എൻ സുരക്ഷാ കൗൺസിലിന്റെ നിശബ്ദതയെയും അദ്ദേഹം വിമർശിച്ചു.
‘ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിലും അതിനെ തുടർന്ന് ഗസയിൽ ഇസ്രഈൽ നിരന്തരം നടത്തുന്ന ബോംബാക്രമണങ്ങളിലും കൗൺസിലിൽ നിന്ന് വലിയ നിശബ്ദതയാണ് ഉണ്ടായത്. ഒരു മാസത്തിന് ശേഷമെങ്കിലും കൗൺസിൽ പ്രമേയം പാസാക്കിയത് ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷേ ഇനിയും അത് നടപ്പാക്കാൻ സാധിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
ഗസയിലെ സിവിലിയന്മാർക്ക് യാതൊരു സുരക്ഷയുമില്ലെന്ന് ഗുട്ടറസ് പറഞ്ഞു.
‘ഇത്രയും കുറഞ്ഞ കാലയളവിൽ ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കേട്ടുകേൾവി പോലുമില്ലാത്തതാണ്. ആരോഗ്യ സംവിധാനം തകരുകയാണ്,’ അദ്ദേഹം പറഞ്ഞു.