ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍; ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം അന്താരാഷ്ട്ര സമാധാനത്തെ വഷളാക്കുന്നുവെന്ന് ഗുട്ടെറസ്
ന്യൂയോര്‍ക്ക്: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം അന്താരാഷ്ട്ര സമാധാനത്തേയും സുരക്ഷയേയും കൂടുതല്‍ വഷളാക്കുന്നുവെന്ന് സുരക്ഷാ കൗണ്‍സിലിന് മുന്നറിയിപ്പ് നല്‍കി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
മാനുഷിക വ്യവസ്ഥയുടെ ഗുരുതരമായ തകര്‍ച്ചയെയും അപകട സാധ്യതയേയും നമ്മള്‍ അഭിമുഖീകരിക്കുന്നുവെന്നും പരിഹാരം കാണാന്‍ കഴിയാത്ത രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് ഫലസ്തീനില്‍ ഉണ്ടാവുന്നതെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഇത്തരം സ്ഥിതിഗതികള്‍ അതിവേഗത്തില്‍ ദുരന്തമാവുമെന്നും അത്തരമൊരു ഫലം എന്തുവിലകൊടുത്തും ഒഴിവാക്കണമെന്നും അദ്ദേഹം 15 അംഗ കൗണ്‍സിലിന് അയച്ച തുറന്ന കത്തില്‍ കൂട്ടിച്ചേര്‍ത്തു. 15 അംഗ സുരക്ഷാ കൗണ്‍സിലിന് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്താനുള്ള ചുമതലയുണ്ടെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
തുറന്ന കത്തിന് മറുപടിയായി സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒരു പുതിയ കരട് പ്രമേയം സമര്‍പ്പിച്ചതായും മാനുഷിക വെടിനിര്‍ത്തല്‍ പ്രമേയം അടിയന്തരമായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സമാധാനത്തിലും സുരക്ഷയിലുമുള്ള തന്റെ നിലപാടുകള്‍ സുരക്ഷാ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപൂര്‍വമായി ഉപയോഗിക്കുന്ന ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ചു. ഇതുപ്രകാരം അന്താരാഷ്ട്ര സമാധാനത്തിന് വെല്ലുവിളിയാകുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നിയമം അനുവദിക്കുന്നു.