ഗുസ്താവോ ഗുട്ടിറസ് മെറിനോ ഡയാസ്, വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവ്. സഭാ തെരഞ്ഞെടുപ്പുകളില്‍ മുഗണന പാവപ്പെട്ടവര്‍ക്കെന്ന് പറഞ്ഞ ഗുസ്താവോ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലെ ഒരു കത്തോലിക്കാ പുരോഹിതനും ചിന്തകനുമായിരുന്നു.
സഭ പാവപ്പെട്ടവരുടെ പക്ഷം നില്‍ക്കണമെന്ന് നിലപാടെടുത്ത തത്വചിന്തകന്‍. ദാരിദ്ര്യത്തെ പാവങ്ങളുടെ ഐക്യദാര്‍ഢ്യമായി ചിത്രീകരിക്കാത്ത കത്തോലിക്കാ പുരോഹിതനെന്നും അദ്ദേഹത്തെ പറയാം.
സഭയിലെ സന്യാസപാരമ്പര്യവുമായി സാധാരണക്കാരെയും അവരനുഭവിക്കുന്ന പട്ടിണിയേയും കൂട്ടിക്കലര്‍ത്താത്ത ലത്തീന്‍ സഭയില്‍ നിന്നുള്ള ചിന്തകനുമാണ് ഗുസ്താവോ.
മാര്‍ക്‌സിസവുമായി ഗാഢമായി ബന്ധം പുലര്‍ത്തിയ അദ്ദേഹം തന്റെ ‘തിയറി ഓഫ് ലിബറേഷന്‍: ഹിസ്റ്ററി, പൊളിറ്റിക്‌സ് ആന്റ് സാല്‍വേഷന്‍’ (Theology of Liberation: History, Politics and salvation) എന്ന പുസ്തകത്തില്‍ തത്വാധിഷ്ഠിധമായ കര്‍മപരിപാടികളെ സൂചിപ്പിക്കാന്‍ ‘പ്രയുക്തി’ എന്ന പദം ഉപയോഗിക്കുകയുണ്ടായി.
ഗ്രീക്ക് പ്രയോഗമായ ഈ വാക്ക് ബൈബിളിലെ ഒരു പ്രധാന ഗ്രന്ഥമായ അപ്പോസ്തല നടപടികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗുസ്താവോ ഗുട്ടിറസിനെ ഒരു വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവാക്കിയത് അദ്ദേഹത്തിന്റെ മാര്‍കിസിയന്‍ ചിന്തകള്‍ തന്നെയാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ അനീതികളുടെ നിര്‍മാര്‍ജനം ലക്ഷ്യമാക്കി ക്രിസ്തുവിന്റെ പ്രബോധങ്ങളെ വ്യാഖ്യാനിക്കുകയും അതനുസരിച്ചുള്ള സാമൂഹ്യ-രാഷ്ട്രീയ സക്രിയതക്കുവേണ്ടി വാദിക്കുകയുമാണ് വിമോചനദൈവശാസ്ത്രം ചെയ്തത്.
എന്നാല്‍ വിമോചന ദൈവശാസ്ത്രത്തെ കത്തോലിക്കാവിശ്വാസത്തേയും ക്രിസ്തീയതയെയും ഇല്ലാത്തവന്റെ പക്ഷത്തുനിന്ന് വിലയിരുത്താനുള്ള ശ്രമമെന്നും അനുകൂലികളും, മാര്‍ക്‌സിസത്തിന്റെ ക്രൈസ്തവമുഖമെന്നും വിമര്‍ശകര്‍ വിശേഷിപ്പിച്ചു.
1984, 1986 എന്നീ കാലഘട്ടങ്ങളില്‍ വത്തിക്കാന്റെ കീഴിലുള്ള വിശ്വാസതിരുസംഘം മാര്‍കിസിസ്റ്റ് ആശയങ്ങളുമായി പുലര്‍ത്തുന്ന ബന്ധത്തെ അടിസ്ഥാനമാക്കി വിമോചനദൈവശാസ്ത്രത്തിന് നേരെ വിമര്‍ശനം ഉയര്‍ത്തുകയുണ്ടായി.
പാപങ്ങളെ നിസാരവത്ക്കരിച്ച വ്യക്തി കൂടിയായിരുന്നു ഗുസ്താവോ ഗുട്ടിറസ്. ലാറ്റിന്‍ അമേരിക്കന്‍ സഭയുടെ അധികാരശ്രേണിയെ, തദ്ദേശീയജനതയെ ചൂഷണം ചെയ്യുന്ന സ്ഥാപിത താത്പര്യങ്ങളുടെ ഭാഗമായി ചിത്രീകരിച്ച ഗുട്ടിറസിനെയും വിമോചന ദൈവശാസ്ത്രത്തെയും വത്തിക്കാന്‍ വിമര്‍ശിക്കുകയുണ്ടായി.
ഭൂമിയില്‍ ദൈവരാജ്യം നടപ്പിലാക്കാനുള്ള ചെലവുകള്‍ക്കിടയില്‍ വെളിപാടും കാലാന്തരശാസ്ത്രവും അമിതമായി ആദര്‍ശവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്നും ഗുട്ടിറസ് ചൂണ്ടിക്കാട്ടിയിരുന്നു.
വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും പ്രമുഖ സര്‍വകലാശാലകളില്‍ അദ്ദേഹം വിസിറ്റിങ് പ്രൊഫസറായിരുന്നു. 1993ല്‍ അദ്ദേഹത്തിന്റെ സംഭവനകള്‍ക്കും പ്രവര്‍ത്തങ്ങള്‍ക്കുമായി ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തെ ലീജിയന്‍ ഓഫ് ഓണര്‍ നല്‍കി ആദരിക്കുകയുണ്ടായി.
കത്തോലിക്കാ സഭയില്‍ നിന്നുകൊണ്ട് വിമോചനത്തെ കുറിച്ച് സംസാരിച്ച ഗുസ്താവോ ഒക്ടോബര്‍ 22ന് മരണപ്പെട്ടു. ന്യൂമോണിയ ബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. 1928 ജൂണ്‍ എട്ടിനാണ് അദ്ദേഹം ജനിച്ചത്. 96 വര്‍ഷത്തെ അദ്ദേഹത്തിന്റെ ജീവിതം 20 ാം നൂറ്റാണ്ടിലെ ഒരു വിപ്ലവം തന്നെയായിരുന്നു.
Content Highlight: Gustavo Gutiérrez passed away