| Tuesday, 13th September 2022, 4:06 pm

ഇപ്പോഴുള്ള ഒരു ഓളം മാത്രമേയുള്ളൂ ഭാവിയില്‍ ആരും ഓര്‍ക്കില്ല; മെസിയേയും റോണോയും കുറിച്ച് മുന്‍ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഫുട്‌ബോള്‍ ലോകത്തെ അടക്കി ഭരിക്കുന്ന താരങ്ങളാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായ മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.

ഒമ്പത് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ ഇരുവരും 12 ബാലണ്‍ ഡി ഓര്‍ ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്. കരിയറിന്റെ അവസാന കാലഘട്ടത്തിലും വാര്‍ത്തകളിലും ട്രോളുകൡലുമെല്ലാം ഇരുവരും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ മെസി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ റോണോക്ക് യുണൈറ്റഡില്‍ തിളങ്ങാന്‍ സാധിക്കുന്നില്ല.

എന്നാല്‍ ഫുട്‌ബോള്‍ ലോകത്തില്‍ നിന്നും ഇരുവരുടെയും പേരുകള്‍ ഉടന്‍ മറക്കപ്പെടുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ചെല്‍സി താരവും ഉറൂഗ്വന്‍ ഇന്റര്‍നാഷണലുമായ ഇന്റസ്താവോ പൊയറ്റ്. അവര്‍ക്ക് പകരം പി.എസ്.ജി സൂപ്പര്‍താരം കിലിയന്‍ എംബാപെയും മാഞ്ചസ്റ്റര്‍ സിറ്റി യുവ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടും ഫുട്‌ബോള്‍ ലോകത്തെ പ്രധാനപ്പെട്ട പേരുകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോള്‍ ഹാലണ്ടും എംബാപെയും ഉള്ളതിനാല്‍, അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ആളുകള്‍ മെസിയെയും റൊണാള്‍ഡോയെയും മറക്കും. അവര്‍ രണ്ട് പേരും വളരെ വലിയ താരങ്ങളായും ഗെയിമില്‍ സ്വാധീനമുള്ളവരുമായും മാറുന്നു, അതും ഒരു തരം ക്രേസിയായ വളര്‍ച്ച,’ പൊയറ്റ് പറഞ്ഞു.

പ്രീമിയര്‍ ലീഗില്‍ ഹാലണ്ടിനെ പോലുള്ള താരങ്ങളുള്ളത് അഭിമാനമാണെന്നും എന്നാല്‍ നിലവില്‍ കരീം ബെന്‍സിമയാണ് ഏറ്റവും മികച്ച താരമെന്ന് പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബെന്‍സിമയാണ് ഇപ്പോള്‍ ഏറ്റവും മുന്നിലുള്ളത്. എന്നാല്‍ പ്രീമിയര്‍ ലീഗിന് ഹാലണ്ടിനെപ്പോലെ ഒരു കളിക്കാരനെ ലഭിച്ചതില്‍ സന്തോഷിക്കണം,’ പൊയറ്റ് പറഞ്ഞു.

മികച്ച പ്രകടനമാണ് പി.എസ്.ജിക്കായി എംബാപെയും സിറ്റിക്കായി ഹാലണ്ടും കാഴ്ചവെക്കുന്നത്. സിറ്റിക്കായി ഗോള്‍ അടിച്ചുകൂട്ടുന്നതിനോടപ്പം പ്രീമിയര്‍ ലീഗ് റെക്കോഡുകളും ഹാലണ്ട് തകര്‍ക്കുന്നുണ്ട്. മറുവശത്ത് നിലവിലെ ഏറ്റവും മൂല്യമുള്ള താരമായ എംബാപെയെ ചുറ്റപറ്റിയാണ് പി.എസ്.ജിയുടെ തന്ത്രങ്ങളെല്ലാ. മെസിയും നെയ്മറും ടീമിലുണ്ടെങ്കില്‍ പോലും എംബാപെയാണ് അവിടുത്തെ പ്രധാന താരം.

Content Highlight: Gus Poyet says Cristiano Ronaldo and Lionel Messi ill be forgetten

We use cookies to give you the best possible experience. Learn more