ടെസ്റ്റ് ക്രിക്കറ്റിന്റെ തുടക്കത്തില്‍ ഇങ്ങനെയൊരു വിജയം നേടാന്‍ സാധിച്ചത് വിശ്വസിക്കാനാകുന്നില്ല; ഇംഗ്ലണ്ട് സൂപ്പര്‍ താരം
Sports News
ടെസ്റ്റ് ക്രിക്കറ്റിന്റെ തുടക്കത്തില്‍ ഇങ്ങനെയൊരു വിജയം നേടാന്‍ സാധിച്ചത് വിശ്വസിക്കാനാകുന്നില്ല; ഇംഗ്ലണ്ട് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th August 2024, 12:29 pm

ഐ.സി.സി പുരുഷ ക്രിക്കറ്റിലെ ജൂലൈ മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് ഇംഗ്ലണ്ടിന്റെ പുതുമുഖം ഗസ് ആറ്റ്കിങ്‌സണ്‍ സ്വന്തമാക്കിയിരിക്കുകയാണ്. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു അത്. മൂന്ന് ടെസ്റ്റിലും ഇംഗ്ലണ്ടിനുവേണ്ടി നിര്‍ണായകമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്.

22 വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ഇതോടെ വെറും 26 വയസ് പ്രായമുള്ള ഗസ് ആറ്റ്കിങ്‌സണ്‍ പ്ലെയര്‍ ഓഫ് ദി സീരിയസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 16.22 എന്ന ശരാശരിയില്‍ ആയിരുന്നു താരത്തിന്റെ പ്രകടനം. ഐ.സി.സിയുടെ അവാര്‍ഡ് ലഭിച്ചതിന് ശേഷം ഗസ് സംസാരിച്ചിരുന്നു. തന്റെ ടെസ്റ്റ് ക്രിക്കറ്റിന്റെ തുടക്കം ഗംഭീരമായതില്‍ സന്തോഷം ഉണ്ടെന്നാണ് താരം പറഞ്ഞത്.

‘ഐ.സി.സി പ്ലെയര്‍ ഓഫ് ദ മന്ത് അവാര്‍ഡ് നേടാനായത് വലിയ നേട്ടമാണ്. എന്റെ ടെസ്റ്റ് ക്രിക്കറ്റിന്റെ തുടക്കം അവിശ്വസനീയമായിരുന്നു, ഇംഗ്ലണ്ടിനായുള്ള എന്റെ അരങ്ങേറ്റ പരമ്പരയില്‍ ഇത്രയും വലിയ വിജയം കൈവരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ സഹതാരങ്ങളായ ബ്രണ്ടന്‍ മക്കല്ലത്തിനും ബെന്‍ സ്റ്റോക്സിനും ഞാന്‍ നന്ദി പറയുന്നു,’ ആറ്റ്കിന്‍സണ്‍ ഒരു മാധ്യമക്കുറിപ്പില്‍ പറഞ്ഞു.

ടെസ്റ്റില്‍ മൂന്ന് മത്സരങ്ങളിലെ 6 ഇന്നിങ്‌സുകളില്‍ നിന്ന് 22 വിക്കറ്റുകളാണ് ആറ്റ്കിങ്‌സണ്‍ സ്വന്തമാക്കിയത്. അതില്‍ 7/45 എന്ന തകര്‍പ്പന്‍ പ്രകടനവും താരം കാഴ്ചവെച്ചിരുന്നു. ടെസ്റ്റില്‍ 4.2 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. ഒരു 10 വിക്കറ്റും രണ്ട് ഫൈഫറും താരം കരിയര്‍ ആരംഭിക്കുമ്പോഴേ സ്വന്തമാക്കിയിരിക്കുകയാണ്.

ഏകദിനത്തില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് ഇന്റര്‍നാഷണല്‍ ടി-20യില്‍ നിന്നും ആറ് വിക്കറ്റുകള്‍ തന്റെ പേരില്‍ കുറിക്കാനും ഗസിന് സാധിച്ചിട്ടുണ്ട്.

ഇനി ഇംഗ്ലണ്ടിന്റെ മുന്നിലുള്ളത് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. ഓഗസ്റ്റ് 21 മുതല്‍ ഓള്‍ഡ് ട്രഫോഡിലാണ് മത്സങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 21 മുതല്‍ 25 വരെയും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റബര്‍ രണ്ട് വരെയും പരമ്പരയിലെ അവസാന ടെസ്റ്റ് സെപ്റ്റബംര്‍ ആണ് മുതല്‍ 10 വരെയുമാണ് നടക്കുക.

 

 

Content Highlight: Gus Atkinson Talking About ICC Player Of The Month Award