| Wednesday, 10th July 2024, 9:50 pm

അരങ്ങേറ്റക്കാരന്റെ ആറാട്ട്; 29 വര്‍ഷം മുമ്പുള്ള ഇംഗ്ലണ്ടിന്റെ ചരിത്രമാണ് ഇവന്‍ തിരുത്തിയത്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ലോഡ്സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ വമ്പന്‍ തകര്‍ച്ചയാണ് വിന്‍ഡീസിന് നേരിട്ടുകൊണ്ടിരിക്കുന്നത്. നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് ടീം നേടിയത്.

ഇംഗ്ലണ്ടിനുവേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് അരങ്ങേറ്റക്കാരന്‍ ഗസ് അറ്റ്കിന്‍സണ്‍ ആണ്. 12 ഓവറില്‍ അഞ്ച് മെയ്ഡന്‍ അടക്കം 45 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു ഇടിവെട്ട് റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും മികച്ച് ബൗളിങ് പ്രകടനം കാഴ്ചവെക്കുന്ന താരമാകാനാണ് ഗസ് അറ്റ്കിന്‍സന് സാധിച്ചത്.

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും മികച്ച് ബൗളിങ് പ്രകടനം കാഴ്ചവെക്കുന്ന താരം, പ്രകടനം, എതിരാളി, വര്‍ഷം

ഡൊമിനിക് കോര്‍ക്ക് – 7/43 – വെസ്റ്റ് ഇന്‍ഡീസ് – ലോര്‍ഡ്‌സ് 1995

ഗസ് അറ്റ്കിന്‍സണ്‍ – 7/45 – വെസ്റ്റ് ഇന്‍ഡീസ് – ലോര്‍ഡ്‌സ് 2024*

ജോണ്‍ ലിവര്‍ – 7/46 – ഇന്ത്യ – ഡല്‍ഹി 1976

അലക് ബെഡ്‌സര്‍ – 7/49 – ഇന്ത്യ – ലോര്‍ഡ്‌സ് 1946

താരത്തിന് പുറമേ ക്രിസ് വോക്സ്, ബെന്‍ സ്റ്റോക്ക്സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് മെയ്ഡന്‍ അടക്കം ഒരുവിക്കറ്റാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ നേടിയത്. 26 റണ്‍സ് ആണ് താരം വഴങ്ങിയത്.

ഈ മത്സരത്തില്‍ ആരാധകര്‍ നിരാശയോടെ നോക്കി കാണുന്ന കാര്യമാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുന്നത്. തന്റെ ഐതിഹാസികമായ ടെസ്റ്റ് കരിയര്‍ വിന്‍ഡീസിനെതിരായ ഈ ടെസ്റ്റില്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് 46 വയസ്സുകാരനായ ആന്‍ഡേഴ്‌സണ്‍.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സാണ് നേടിയത്. ഓപ്പണര്‍ സാക്ക് ക്രോളി 60 പന്തില്‍ 38 റണ്‍സും വണ്‍ ഡൗണ്‍ ബാറ്റര്‍ ഒല്ലി പോപ്പ് 43 പന്തില്‍ 42 റണ്‍സും നേടിയിട്ടുണ്ട്. 13 പന്തില്‍ 3 റണ്‍സ് നേടിയ വെന്‍ ഡക്കറ്റിനെ തുടക്കത്തില്‍ ജെയ്ഡന്‍ സീല്‍സ് പറഞ്ഞയക്കുകയായിരുന്നു. നിലവില്‍ മോശം കാലാവസ്ഥയും വെളിച്ചവും കാരണം ആദ്യ ദിവസം അവസാനിപ്പിച്ചിരിക്കുകയാണ്.

Content Highlight: Gus Atkinson In Great Record Achievement For England

We use cookies to give you the best possible experience. Learn more