ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ചരിത്രമെഴുതി ത്രീ ലയണ്‍സിന്റെ സൂപ്പര്‍ പേസര്‍ ഗസ് ആറ്റ്കിന്‍സണ്‍. മത്സരത്തില്‍ ഹാട്രിക് അടക്കം നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഐക്കോണിക് ട്രിപ്പിള്‍ നേട്ടം ആറ്റകിന്‍സണെ തേടിയെത്തിയത്.
മത്സരത്തില്‍ 8.5 ഓവര്‍ പന്തെറിഞ്ഞ ആറ്റ്കിന്‍സണ്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയെ പുറത്താക്കി വേട്ട ആരംഭിച്ച ആറ്റ്കിന്‍സണ്‍ തുടര്‍ച്ചയായ മൂന്ന് പന്തില്‍ ലോവര്‍ ഓര്‍ഡറിനെയും കൂടാരം കയറ്റി.
Test cricket? Completed it m8. pic.twitter.com/wQ4cNb0sgD
— England Cricket (@englandcricket) December 7, 2024
ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ 35ാം ഓവറിലാണ് ആറ്റ്കിന്‍സണിന്റെ ഹാട്രിക് നേട്ടം പിറവിയെടുത്തത്. ഓവറിലെ മൂന്നാം പന്തില്‍ നഥാന്‍ സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ആറ്റ്കിന്‍സണ്‍ പിന്നാലെയെത്തിയ മാറ്റ് ഹെന്‌റിയെ ബെന്‍ ഡക്കറ്റിന്റെ കൈകളിലെത്തിച്ചും മടക്കി. ഓവറിലെ അഞ്ചാം പന്തില്‍ ടിം സൗത്തിയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് താരം ഹാട്രിക് പൂര്‍ത്തിയാക്കിയത്.
ഇതിന് പിന്നാലെയാണ് ഐക്കോണിക് ട്രിപ്പിള്‍ താരത്തെ തേടിയെത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറിയും ടെന്‍ഫറും (ഒരു മത്സരത്തിലെ പത്ത് വിക്കറ്റ് നേട്ടം) ഹാട്രിക്കും സ്വന്തമാക്കാന്‍ ഏറ്റവും കുറവ് മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടമാണ് ആറ്റ്കിന്‍സണിന്റെ പേരില്‍ കുറിക്കപ്പെട്ടത്. കരിയറിലെ പത്താം ടെസ്റ്റിലാണ് താരം ഈ നേട്ടത്തിലെത്തിയത്.
2024 ആഗസ്റ്റിലാണ് ആറ്റ്കിന്‍സണ്‍ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറിയും ഏക സെഞ്ച്വറിയും സ്വന്തമാക്കിയത്. ലോര്‍ഡ്‌സില്‍ ശ്രീലങ്കക്കെതിരെയായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം പിറന്നത്.
ലോര്‍ഡ്‌സില്‍ വെച്ച് തന്നെയാണ് ആറ്റ്കിന്‍സണ്‍ ടെന്‍ഫറും പൂര്‍ത്തിയാക്കിയത്. വിന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തിലായിരുന്നു അരങ്ങേറ്റക്കാരനായ ആറ്റ്കിന്‍സണിന്റെ റെക്കോഡ് ബ്രേക്കിങ് ബൗളിങ് പ്രകടനത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണിന്റെ അവസാന മത്സരം എന്ന നിലയില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട മത്സരം, സറേയുടെ വലംകയ്യന്‍ പേസര്‍ തന്റെ പേരിലേക്ക് മാറ്റിയെഴുതുകയായിരുന്നു.
ഇപ്പോള്‍ തന്റെ കരിയറിലെ പത്താം മത്സരത്തില്‍ ഹാട്രിക്കും പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഇതിഹാസ താരം ഇര്‍ഫാന്‍ പത്താനെ മറികടന്നാണ് ആറ്റ്കിന്‍സണ്‍ ഈ നേട്ടത്തിലെത്തിയത്.
(താരം – ടീം – മത്സരം എന്നീ ക്രമത്തില്‍)
ഗസ് ആറ്റ്കിന്‍സണ്‍ – ഇംഗ്ലണ്ട് – 10
ഇര്‍ഫാന്‍ പത്താന്‍ – ഇന്ത്യ – 26
ജോണി ബ്രിഗ്‌സ് – ഇംഗ്ലണ്ട് – 33
മോയിന്‍ അലി – ഇംഗ്ലണ്ട് – 40
സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 46
വസീം അക്രം – പാകിസ്ഥാന്‍ – 87
ഹര്‍ഭജന്‍ സിങ് – ഇന്ത്യ – 88
അതേസമയം, വെല്ലിങ്ടണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ബാറ്റിങ് തുടരുന്ന ന്യൂസിലാന്‍ഡ് വിജയലക്ഷ്യത്തില്‍ നിന്നും ഏറെ അകലെയാണ്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ 337 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ മാത്രമേ ന്യൂസിലാന്‍ഡിന് വിജയിക്കാന്‍ സാധിക്കൂ.
നിലവില്‍ 50 ഓവര്‍ പിന്നിടുമ്പോള്‍ 274 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ആതിഥേയര്‍. 45 പന്തില്‍ 36 റണ്‍സുമായി നഥാന്‍ സ്മിത്തും നാല് പന്തില്‍ നാല് റണ്‍സുമായി മാറ്റ് ഹെന്‌റിയുമാണ് ക്രീസില്‍. സെഞ്ച്വറി നേടിയ ടോം ബ്ലണ്ടലിന്റെ വിക്കറ്റാണ് കിവികള്‍ക്ക് അവസാനമായി നഷ്ടമായത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 155 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിങ്സില്‍ ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 130 പന്തില്‍ 106 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്.
റൂട്ടിന് പുറമെ 118 പന്തില്‍ 96 റണ്‍സ് നേടിയ ജേകബ് ബേഥലും 112 പന്തില്‍ 92 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. 61 പന്തില്‍ നിന്നും 55 റണ്‍സടിച്ച ഹാരി ബ്രൂക്കാണ് മറ്റൊരു അര്‍ധ സെഞ്ച്വറി നേടിയത്.
അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി നില്‍ക്കവെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് സ്റ്റോക്സ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്.
Content Highlight: Gus Atkinson achieves the trio of a Test hundred, ten-wicket haul and hat-trick faster than any other player