ലോകത്തിലെ ഏറ്റവും ആത്മാര്‍ത്ഥമായ പ്രണയമാണ് ഒരുപക്ഷെ വണ്‍വേ പ്രണയം. കാരണം അവള്‍/അവന്‍ തന്നെ തിരിച്ചു പ്രണയിക്കില്ലെന്ന് അറിഞ്ഞും പ്രണയിക്കണമെങ്കില്‍ ഒരാളുടെ ഹൃദയം എത്രമാത്രം വലുതാകണം. “”നീയെന്നെ പ്രണയിച്ചിരുന്നെങ്കിലോമനെ, നാം കാറ്റില്‍ മഴത്തുള്ളികള്‍കൊണ്ട് ഒരു പളുങ്കുവീട് പണിയുമായിരുന്നു. ഇപ്പോള്‍ എനിക്ക് വീടില്ലാത്ത ഒരു ജനല്‍ മാത്രമേയുള്ളു””വെന്ന് വിലപിക്കുമ്പോഴും അത് ശക്തമായി തിളങ്ങുകതന്നെ ചെയ്യും.
ക്യാംപസ് / നാരായണന്‍
ബി.എസ്.സി കെമിസ്ട്രി ഒന്നാം വര്‍ഷം,
ഗുരുവായുരപ്പന്‍ കോളേജ്.
“”നിങ്ങള്‍ പറയുന്നു ഹൃദയങ്ങള്‍ക്കിടയ്ക്ക് ഒരു ജാലകമുണ്ടെന്ന്. എന്നാല്‍ ചുമരില്ലാത്തിടത്ത് എങ്ങനെയാണ് ജാലകമുണ്ടാവുക?”” (റൂമി). പ്രണയം കുതറിമാറാറില്ല, വിധേയപ്പെടുത്താറേയുള്ളു. അതില്‍ വിധേയപ്പെടാതെ ഹൃദയം കൊണ്ട് ജീവിക്കാനാവുമോ? സംശയമാണ്.
സുഹൃത്തേ നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നില്ല. കാരണം മുമ്പേ പറഞ്ഞല്ലോ, അതിന് വിധേയപ്പെടാതെ ഒരാള്‍ക്കും പെട്ടെന്ന് കടക്കാനാവില്ല. എന്നാല്‍ ഒരേയൊരു ചോദ്യം, നിങ്ങള്‍ പ്രണയത്തില്‍ എന്താണ് കണ്ടെടുത്തത്? ഒരു കാഴ്ച്ച? ഒരു നിശ്വാസം? ഒരു വിയര്‍പ്പുതുള്ളി? അതോ തീക്ഷണമായ നൊമ്പരമോ?
“”ദുഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഖം എന്താനന്തമാണെനിക്കോമനേ”” (ബാലചന്ദ്രന്‍ ചുള്ളിക്കാട്) എന്ന വരി കുറിച്ചതോര്‍ക്കുന്നുണ്ടോ? ആവര്‍ത്തിക്കുന്നത് വിരസമാണെന്നറിഞ്ഞുകൊണ്ട് തന്നെ നിങ്ങള്‍ എന്തുകൊണ്ടാണ് ഈ വരികള്‍ വീണ്ടും വീണ്ടും കണ്ണീരുകൊണ്ട് കോറിയിടുന്നത്? ഉത്തരം ലളിതമാണ്. “”പ്രണയിക്കുന്നവരുടെയുള്ളില്‍ നിറയെ പൂക്കളുള്ള ഒരു കാടുണ്ട്. എന്നാല്‍ പുറത്തു നിന്നാരുമത് കാണുന്നതേയില്ല”” (വിനയചന്ദ്രന്‍).
മുന്നേകൂട്ടി വഞ്ചിക്കണമെന്ന് ആഗ്രഹിക്കുന്ന ആള്‍ പ്രണയിക്കുന്നേയില്ല. അയ്യാളെ അതറിയാതെ തിരിച്ച് പ്രണയിക്കുന്ന ആള്‍ ആകട്ടെ പ്രണയം അനുഭവിക്കുന്നുമുണ്ട്.
നോക്കൂ, പ്രേമിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് കണക്കുപുസ്തകം കൂടി കരുതുന്നത്? അവള്‍/അവന്‍ തിരിച്ചു പ്രണയിക്കണമെന്ന വാശി നിങ്ങള്‍ എന്തിനാണ് നിഴല്‍പോലെ കരുതുന്നത്? ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക് സിഡ്‌നി കാര്‍ട്ടനെ? ലൂസിയെ പ്രണയിച്ച, ലൂസി ഒരിക്കല്‍പോലും തിരിച്ചു പ്രണയിക്കാത്ത കാര്‍ട്ടന്‍…
ലൂസിയുടെ ഭര്‍ത്താവ് ചാള്‍സ് ഡാര്‍ണെയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് അയാളുടെ വണ്‍വേ പ്രണയമാണ് (ചാള്‍സ് ഡിക്കന്‍സ്, ഇരുനഗരങ്ങളുടെ കഥ). അത്രയ്ക്ക് കരുത്താണ് പ്രണയത്തിന്.
ലോകത്തിലെ ഏറ്റവും ആത്മാര്‍ത്ഥമായ പ്രണയമാണ് ഒരുപക്ഷെ വണ്‍വേ പ്രണയം. കാരണം അവള്‍/അവന്‍ തന്നെ തിരിച്ചു പ്രണയിക്കില്ലെന്ന് അറിഞ്ഞും പ്രണയിക്കണമെങ്കില്‍ ഒരാളുടെ ഹൃദയം എത്രമാത്രം വലുതാകണം. “”നീയെന്നെ പ്രണയിച്ചിരുന്നെങ്കിലോമനെ, നാം കാറ്റില്‍ മഴത്തുള്ളികള്‍കൊണ്ട് ഒരു പളുങ്കുവീട് പണിയുമായിരുന്നു. ഇപ്പോള്‍ എനിക്ക് വീടില്ലാത്ത ഒരു ജനല്‍ മാത്രമേയുള്ളു””വെന്ന് വിലപിക്കുമ്പോഴും അത് ശക്തമായി തിളങ്ങുകതന്നെ ചെയ്യും.
മൂകതകളിലും നിശ്വാസങ്ങളിലും നൊമ്പരങ്ങളിലും കണ്ണീര്‍തുള്ളികളിലും വിവിധ ഭാവങ്ങള്‍ കെട്ടിയാടാന്‍ ആ പ്രണയത്തോളം മറ്റൊന്നിനുമാവില്ല. “”നിന്നോളം നീറിയിട്ടില്ലൊരു വേദന. നിന്നോളം ഉള്ളം കരിക്കുമാറെങ്ങുനിന്നെത്തിയിട്ടില്ലൊരു വേനലും.””
നിങ്ങളൊരിക്കലെങ്കിലും നിങ്ങളുടെ കാമുകിയെ/കാമുകനെ തൊട്ടിട്ടുണ്ടോ? പാളയത്തിലൂടെ മറ്റാരും കാണാതെ മാനാഞ്ചിറയിലേയ്ക്ക് നിങ്ങള്‍ നടന്നു നീങ്ങിയപ്പോള്‍ അറിഞ്ഞും അറിയാതെയും ഉരുമിയ പുറം കൈകളില്‍ വൈദ്യുതധാര പ്രവഹിക്കുന്നതിന്റെ സുഖവും സൗന്ദര്യവും നിങ്ങള്‍ക്കറിയുമോ?
അതുകൊണ്ടാവാം ഷാഫിയുടെ ആല്‍ബം, “”പ്രണയത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരു വട്ടം. വിടരാപ്പൂ മൊട്ടുകളവിടെ കലഹിക്കും പലവട്ടം”” എന്നു പാടിയപ്പോള്‍ കൊയിലാണ്ടിയിലേയ്ക്കുള്ള ബസ്സിലിരിക്കുമ്പോള്‍ നനുത്ത വേദന ഹൃദയത്തിലെങ്ങോ മുളപൊട്ടിയത്.
“”പ്രണയം ഒരു ആല്‍മരം പോലെയാണ്, ഏറുംതോറും പൊട്ടിമുളയ്ക്കും, വേരുകള്‍ ഉറയ്ക്കും…..വികാരങ്ങള്‍ ഉണരുന്ന കനികള്‍ ഉതിരും, കനികളില്‍ വീണ്ടും ആല്‍മരങ്ങള്‍ ജനിക്കും, പ്രണയത്തിലുണരുന്ന വികാരവിചാരങ്ങള്‍ക്ക്, അര്‍ഥതലങ്ങള്‍ തേടുന്നവര്‍ എത്തിച്ചേരുന്നത് അനിര്‍വചനീയമായ സ്‌നേഹത്തിന്റെ നേര്‍രേഖയിലാണ്”” (ജയചന്ദ്രന്‍, സംഗീത സംവിധായകന്‍).
അടുത്തപേജില്‍ തുടരുന്നു
ഋതുക്കള്‍ മാറി മാറി വരുന്നു. ജീവപ്രയാണത്തില്‍ നാമെവിടെയും എത്തിച്ചേരാം. എന്നാലും ഇലകൊഴിയുന്ന ശിശിരത്തണുപ്പുപോലെ പ്രണയം നമ്മളെ പിന്തുടര്‍ന്നുകണ്ടേയിരിക്കും. ശിശിരത്തിലെ തണുപ്പും മഴയുടെ പരുക്കന്‍ശബ്ദവും ഒഴിഞ്ഞ ക്ലാസ് മുറിയില്‍ എല്ലാത്തിനും മൂകസാക്ഷികളാവുന്ന ഒഴിഞ്ഞ ഇരിപ്പിടങ്ങളും വിയര്‍പ്പിന്റെയും എണ്ണയുടെയും സമ്മിശ്ര ഗന്ധവും എല്ലാ കലാലയപ്രണയങ്ങള്‍ക്കും ഒരുപോലെ ഗൃഹാതുരരംഗപടങ്ങളാണ്.
രസകരമായ മറ്റൊരുകാര്യം മഴ പ്രണയത്തിന്റെ കാമുകിയാണോ എന്ന സംശയമാണ്. ഒരുപക്ഷെ കുളിരുകോരുന്ന ഒരു മഴ പെയ്തിറങ്ങുന്നത് കാമുകഹൃദയങ്ങളിലേക്കായിരിക്കാം. അത് കുത്തിയൊലിക്കുന്നത് ലോലവികാരങ്ങളുടെ താളമിടിപ്പിലേയ്ക്കും. അവിടെ എല്ലാ ക്രൗര്യഭാവങ്ങളുടെയും മുഖം മനുഷ്യര്‍ ക്ഷണനേരത്തേക്കെങ്കിലും അഴിച്ചുവെയ്ക്കുന്നുണ്ടാകാം. നോക്കൂ ഈവാബ്രൗണിനെ പ്രണയിച്ച ഹിറ്റലര്‍ക്ക് അവളെ വേദനിപ്പിക്കുന്ന തന്റെ മീശ പൊഴിച്ചുകളയേണ്ടി വന്നില്ലേ?
അതെ നിങ്ങള്‍ പ്രണയിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളെ മറക്കുന്നു. നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ശക്തമാണ് പ്രണയമെന്ന വികാരം. അത് വികാരം മാത്രമാണോ? അങ്ങനെ കരുതുന്നതില്‍ അപാകതയുണ്ടെന്ന് തോന്നുന്നു. അത് ആത്മീയതയാണ്. രസതന്ത്രവും ഊര്‍ജ്ജതന്ത്രവും ജീവശാസ്ത്രവും ഗണിതശാസ്ത്രവുമൊക്കെയാണ്.
“”പ്രണയത്തിന്റെ ഗണിതശാസ്ത്രത്തില്‍/ ഒന്നുമൊന്നും ചേര്‍ന്നാല്‍ എല്ലാമെല്ലാമാണ്.. / രണ്ടില്‍ നിന്ന് ഒന്നു കുറച്ചാല്‍ പിന്നെ പൂജ്യവും..”” (മിഗ്നണ്‍ മാക്ലാഫ്‌ലിന്‍) പണ്ടുപണ്ടേ പറഞ്ഞു കേട്ട ഒരു വാചകമുണ്ട്. പ്രണയത്തിന് കണ്ണില്ലത്രേ.. ചിലപ്പോള്‍ അത് ശരിയായിരിക്കാം. പ്രണയത്തിന് കണ്ണില്ലായിരിക്കാം.
അതുകൊണ്ടാണല്ലോ പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകളെ അത് തോല്‍പിച്ചുകളയുന്നത്. അപ്പോള്‍ പ്രണയത്തില്‍ ജയവും തോല്‍വിയുമുണ്ടോ? തീര്‍ച്ചയായുമുണ്ട്. ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും പ്രണയിക്കുന്നവര്‍ ഒരുമിച്ചായിരിക്കും അത് പങ്കുവെയ്ക്കുക എന്നത് അതിന്റെ പ്രകൃതി നിയമമാണ്.
അപ്പോള്‍ പിന്നെ വഞ്ചനയോ? അങ്ങനൊന്നുണ്ടോ? “പ്രണയത്തില്‍ വഞ്ചന”? പലപ്പോഴും നമ്മള്‍ ഈ വാക്കുപറഞ്ഞാണ് നെഞ്ചത്തിടിക്കാറ് പതിവ്, അല്ലേ. വാസ്തവത്തില്‍ അങ്ങനൊന്നില്ല. പ്രണയം മാത്രമേ ഉള്ളു.
പ്രണയത്തിന് രാഷ്ട്രീയമുണ്ടോ? ഇതിനുത്തരം പ്രണയം ഒരിക്കലും അരാഷ്ട്രീയമല്ല എന്നു തന്നെയാണ്.
മുന്നേകൂട്ടി വഞ്ചിക്കണമെന്ന് ആഗ്രഹിക്കുന്ന ആള്‍ പ്രണയിക്കുന്നേയില്ല. അയ്യാളെ അതറിയാതെ തിരിച്ച് പ്രണയിക്കുന്ന ആള്‍ ആകട്ടെ പ്രണയം അനുഭവിക്കുന്നുമുണ്ട്. അത് എത്രകാലം നീണ്ടുവെന്നത് പ്രണയത്തിന്റെ കുറ്റമല്ല. ഒരു നിമിഷമാണെങ്കിലും പ്രണയിക്കുന്നവര്‍ അത് അനുഭവിക്കുന്നു. അതിന്റെ മിടിപ്പുകളെ തൊട്ടറിയുന്നു. അതിന്റെ കാഴ്ചകളെ നെഞ്ചേറ്റുന്നു. പിന്നെങ്ങനെയാണ് വഞ്ചനയെ കുറിച്ച് പറയാനാവുന്നത്?
മുറിഞ്ഞുപോയ ഒരുവാക്ക് അല്ലെങ്കില്‍ വിസ്മൃതിയില്‍ പോയ പിന്‍വിളി അതുമല്ലെങ്കില്‍ കേള്‍ക്കാന്‍ കഴിയാതെപോയ പറച്ചിലുകള്‍ നിങ്ങളെ വിടാതെ പിന്തുടര്‍ന്നിട്ടുണ്ടോ? അതിന്റെ നിരന്തര വേദന നിങ്ങളെ ഹൃദയാടരുകളില്‍ പറ്റിപ്പിടിച്ച ഒരു രക്തക്കട്ടപോലെ നൊമ്പരപ്പെടുത്തിയിട്ടുണ്ടോ? അന്ന് സുഹറയുടെ നാവില്‍ കുരുങ്ങി പുറത്തുവരാത്ത വാക്കുകള്‍ എങ്ങനെയാവും മജീദ് സഹിച്ചിട്ടുണ്ടാവുക?
സുഹറക്കായി അവന്‍ തന്റെ കാല്‍ നല്‍കിയപ്പോള്‍ അവള്‍ കാലത്തിന്റെ ഏറ്റെടുക്കലിലേയ്ക്ക് മറയുകയായിരരുന്നു. പിന്നെ ബാക്കിയായ ഒരുകാലുമായി വേച്ചുവേച്ച് മജീദ് നടന്നത് നൊമ്പരപ്പൂക്കള്‍ വിതറിയെ പാതയിലൂടെ ലോകത്തെ പ്രണയികളുടെ ഹൃദയാടരുകളിലേയ്ക്ക് തന്നെയായിരുന്നു. അപ്പോള്‍ ഓരോ പ്രണയിയും സുഹറയായി അയ്യാളെ പ്രണയംകൊണ്ട് വീര്‍പ്പുമുട്ടിക്കുകയായിരുന്നു. (ബഷീറിന്റെ ബാല്യകാല സഖിയിലെ മുഖ്യകഥാപാത്രങ്ങള്‍)
പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ വാസ്തവത്തില്‍ ഞാന്‍ പലപ്പോഴും ചിന്തിച്ച ഒരു കാര്യം നിങ്ങളോട് പറയാം. ആശാന്‍ എന്തിനാണ് രാഗത്തെ/പ്രേമത്തെ മാംസനിബദ്ധമല്ലാതാക്കിയത്? പ്രേമത്തിന് അങ്ങനെ മാംസനിബദ്ധമല്ലാതായിത്തീരേണ്ടുന്നതിന്റെ ആവശ്യകത? അങ്ങ് യൂറോപ്പിലെ പ്രണയത്തെ തന്റെ വരികളില്‍ പലപ്പോഴും ആശാന്‍ ഉദാത്തവല്‍ക്കരിച്ചിരുന്നോ?
മനുഷ്യന്റെ പച്ചമാംസത്തിന്റെതുകൂടിയാണ് രാഗമെന്ന് പഠിപ്പിച്ചത് നമ്മുടെ പൂര്‍വ്വികര്‍ തന്നെയല്ലെ. പ്രണയവും കാമവും ഇണചേര്‍ന്നാണിവിടെ പരിലസിച്ചു പകര്‍ന്നാടിയിരുന്നത്. ഇവിടെ തന്റെ ജീവിതം കൊണ്ട് കുമാരനാശാനെ നിശബ്ദം വെല്ലുവിളിച്ച മാധവിക്കുട്ടിയെന്ന കമലാ സുരയ്യ പ്രണയദേവതയായി പുനര്‍ജനിക്കുന്നതുകാണാം.
അടുത്തപേജില്‍ തുടരുന്നു
അപ്പോള്‍ പിന്നെ എങ്ങനെയാണ് പ്രണയത്തെ രാഗത്തെ കാമവികാരവുമായി ബന്ധപ്പെടുത്തുന്നത്? പ്രണയത്തിന്റെ നേര്‍ത്തതുടിപ്പുകള്‍ക്ക് ഇവയെ വേര്‍തിരിക്കാനാവുമോ എന്ന് സംശയമാണ്. പ്രണയവും രാഗവും കാമവും ഏതോ നനുത്ത നൂലുകൊണ്ട് തുന്നിച്ചേര്‍ത്തിരിക്കുന്നുവെന്ന് ലോകത്തിന്നോളമുള്ള എല്ലാ നാഗരികതകളും നമുക്ക് പറഞ്ഞുതരുന്നു. അതുകൊണ്ട് തീര്‍ച്ചയായും രാഗം മാംസനിബദ്ധമാണ് (എന്‍.എസ്.മാധവന്‍)
ഒന്നു ചോദിച്ചോട്ടെ സുഹൃത്തേ? നിങ്ങള്‍ സ്ത്രീയെ തന്നേക്കാള്‍ താഴ്ന്നതായി കാണുന്ന ആളാണോ? എങ്കില്‍ ഒരിക്കലും നിങ്ങള്‍ക്ക് പ്രണയമനുഭവിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. തുല്യതയില്ലാത്ത ഹൃദയങ്ങള്‍ക്കെങ്ങനെ പ്രണയലോലമായി പൂത്തുലയാനാവും? അതിന് അധികാരപ്രയോഗമായിത്തീരാനേ കഴിയൂ. “”പ്രണയമില്ലാത്ത കാമം ഒരധികാരപ്രയോഗമാണ്”” (ബി.രാജീവന്‍) എന്നുപറയുന്നതതിനാലാണ്.
പ്രേമം ഒരാവേശത്തിരയാണ്. ആഞ്ഞാഞ്ഞടിക്കുന്തോറും, അതിന്റെ നുരയും പതയും നമ്മേ കാരമുള്ള് പോലെ കുത്തിവേദനിപ്പിക്കുമ്പോഴും അതില്‍നിന്നുമകലാന്‍ കഴിയാതെ നമ്മള്‍ നിസ്സഹായമാവാറില്ലേ? ആ നിസ്സഹായതയ്ക്കുപോലുമുണ്ട് ഈ പ്രപഞ്ചത്തെ പൂക്കളണിയിക്കുന്ന സൗന്ദര്യം. കാലങ്ങളില്‍ അത് കൂടുതല്‍ തിളങ്ങുകയും വിങ്ങുകയും പെയ്തിറങ്ങുകയും തെയ്യുന്നുണ്ട്. പലപ്പോഴുമത് വേദനയുടെ പരുക്കന്‍ തീരങ്ങളില്‍വന്നലച്ചു ചിതറിത്തെറിച്ചുകൊണ്ടുമിരിക്കും. “”ഒരിക്കല്‍ പെയ്താല്‍ മതി/ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍”” (പി.ആര്‍ രതീഷ് പ്രണയമഴ).
ചുംബനം പ്രണയത്തില്‍ അവിഭാജ്യമെന്ന് ഇന്നോളമുള്ള പ്രണയചരിത്രം സാക്ഷ്യപ്പെടുത്തുന്നു. “”ചുംബിക്കുമ്പോള്‍ ദൈവം നമുക്ക് ചിറകുകള്‍ നല്‍കു””മത്രേ (ഖലീല്‍ ജബ്രാന്‍). അതുകൊണ്ടാണല്ലോ പ്രണയത്തില്‍ ചുംബനം ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. “”ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ / എരിയുന്ന പൂവിതള്‍ത്തുമ്പുമായി… /പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ / മധുരം പടര്‍ന്നൊരു ചുണ്ടുമായി… / വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,/നിറ മൗനചഷകത്തിനിരുപുറം നാം..”” എന്ന് റഫീക്ക് അഹമ്മദ്.
ചുംബനത്തെ കുറേക്കൂടി ഉദാത്തവല്‍ക്കരിച്ചത്, അതിന്റെ സൗന്ദര്യത്തെ ദാര്‍ശനികവല്‍ക്കരിച്ചത് സച്ചിദാനന്ദനാണെന്നുപറയാം.
“”ഭൂമിയിലേയ്ക്കും വെച്ച് മധുരമേറിയ ചുംബനം ഏതാണ്?
ഒരിക്കല്‍ നീ എന്നെ ഉത്തരം മുട്ടിച്ചു :
ഉറക്കി കിടത്തിയ കുഞ്ഞിന്റെ നെറുകയില്‍
അതിനെ ഉണര്‍ത്താതെ അമ്മ അര്‍പ്പിക്കുന്ന
തൂവല്‍ പോലുള്ള ചുംബനമാണോ?
സ്വര്‍ണമുരുകുന്ന സൂര്യകാന്തിപ്പൂവിന്നപ്പുറവുമിപ്പുറവും നിന്ന്
കാമുകന്‍ കാമുകിക്ക് നല്‍കുന്ന തിളയ്ക്കുന്ന
ആദ്യ ചുംബനമാണോ?
ഭര്‍തൃ ജഡത്തിന്റെ ചുണ്ടില്‍ വിധവ അര്‍പ്പിക്കുന്ന
വിരഹ സ്‌നിഗ്ദ്ധമായ അന്ത്യ ചുംബനമാണോ?
അതോ, കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിനും
വെയില്‍ വനത്തിനും നിലാവ് നദിക്കും മഴ മലയ്ക്കും
നിരന്തരം നല്‍കുന്ന ഹരിത ചുംബനങ്ങളോ?
ഇപ്പോള്‍ ഞാന്‍ അതിനുത്തരം പറയാം;
ദേവികുളത്തിനു മുകളില്‍ മൂടല്‍ മഞ്ഞിന്നൊരു വീടുണ്ട്.
അപ്പുറത്ത് മലഞ്ചെരിവുകളില്‍
കുത്തിയൊലിക്കുന്ന മരതകം.
ഇപ്പുറത്ത് ഭൂമിയോളം പഴക്കമേറിയ പാറകളുടെ
ആദിമഗാംഭീര്യം.
പാറക്കെട്ടുകള്‍ക്കിടയില്‍ മരണം പോലെ
ഇരുട്ടും നിഗൂഢതയും നിറഞ്ഞ ഒരു ഗുഹ.
അതില്‍ വെച്ച് പേരറിയാത്ത മുപ്പത്തിയേഴുതരം
കാട്ടുപൂക്കളുടെ സമ്മിശ്ര സുഗന്ധം സാക്ഷി നിര്‍ത്തി
ഞാന്‍ നിന്നെ ചുംബിച്ചു.
അതില്‍ ആദ്യ ചുംബനമുണ്ടായിരുന്നു;
അന്ത്യചുംബനവും.
നീ കുഞ്ഞും കാമുകിയും വിധവയുമായിരുന്നു.
ഞാന്‍ കാറ്റും ഇലയും വെയിലും നിലാവും മഴയുമായി,
കാലം മുഴുവന്‍ ഒറ്റ നിമിഷത്തിലേയ്ക്ക് ചുരുങ്ങി.
ഇരുളില്‍ നമ്മുടെ ചുംബനം ഇടിമിന്നല്‍പോലെ തിളങ്ങി,
ആ ഗുഹ ബോധിയായി,
എനിക്ക് പ്രണയത്തിന്റെ വെളിപാടുണ്ടായി.
ഇപ്പോള്‍ ഞാന്‍ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു.
അവസ്സാനത്തെ മനുഷ്യജോഡിക്കും
പ്രണയ നിര്‍വ്വാണം ലഭിച്ചുകഴിഞ്ഞേ
ഞാന്‍ പരമപദം പ്രാപിക്കുകയുള്ളു.””
സച്ചിദാനന്ദന്‍ (“പ്രണയബുദ്ധന്‍”)
ഇത് വായിച്ചപ്പോള്‍ അവന്റെ/അവളുടെ ഹൃദയത്തെ തകര്‍ക്കാനായി ഒരു ചുംബനം മിസൈല്‍പോലെ എസ്.എം.എസ് ആയി എയ്തുവിടാന്‍ നിങ്ങള്‍ ഫോണിനടുത്തേയ്ക്ക് ഓടിയിരിക്കും. എനിക്കുറപ്പുണ്ട്.
അടുത്തപേജില്‍ തുടരുന്നു
ഒരിക്കലും കവിതയെഴുതിയിട്ടില്ലാത്ത നിങ്ങള്‍ എസ്.എം.എസ് എന്ന ഹൈക്കു കവിതകള്‍ പടച്ചുവിടുന്നത് പ്രണയിക്കുമ്പോള്‍ നമുക്കു മുമ്പേ പോയ പ്രണയികളുടെ ആത്മാക്കള്‍ നമ്മുടെ ഹൃദയത്തിലേയ്ക്ക് പ്രേതബാധപോലെ ഉറഞ്ഞുതുള്ളുന്നതുകൊണ്ടാണ്.
എവിടെയാണ് പിന്നെ നിങ്ങള്‍ പരാജയപ്പെടുന്നത്? നിങ്ങളില്‍ പരിഭവം ഉറഞ്ഞുകൂടുന്നത്? എന്തിനാണ് നിങ്ങള്‍ വിഷാദമൂകമാവുന്നത്? നിങ്ങളുടെ വാക്കുകള്‍ ആവര്‍ത്തന വിരസമാകുന്നത്? പറഞ്ഞതു പിന്നെയും പറഞ്ഞ് നിങ്ങള്‍ക്ക് നഷ്ടമായ പ്രണയത്തെ വിഴുപ്പുപോലെ തോളിലേറ്റുന്നത്? വാവാഹത്തില്‍ പര്യവസാനിച്ചില്ലെങ്കില്‍ പ്രണയം പരാജയപ്പെടുമെന്ന് നിങ്ങളെ ആരാണ് പറഞ്ഞുപഠിപ്പിച്ചത്? പ്രണയം പ്രണയിക്കാനുള്ളതാണ്. ഇന്നില്‍ ജീവിക്കാനുള്ളതാണ്. കച്ചവടം ചെയ്യാനുള്ളതല്ല.
അതെ നിങ്ങള്‍ പ്രണയിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളെ മറക്കുന്നു. നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ശക്തമാണ് പ്രണയമെന്ന വികാരം. അത് വികാരം മാത്രമാണോ?
ഓരോ പ്രണയവും ഓരോ യാത്രകള്‍കൂടിയാണ്. മറ്റൊരാളിലേയ്ക്കുള്ള യാത്രകള്‍. ഒരു പക്ഷെ സന്യാസമല്ല ഈ ജീവിതമെന്ന് നമുക്ക് മുന്നില്‍ ദൃഷ്ടാന്തീകരിക്കുകയാണ് ഓരോ പ്രണയവും. സന്യാസത്തേക്കാല്‍ ഉദാത്തമാണീ യാത്ര. കാരണം ഇവിടെ നിങ്ങള്‍ ദൈവപ്രീതിയോ പ്രണയയിയുടെ പ്രീതിയോ ആഗ്രഹിക്കുന്നില്ല. മറിച്ച് പ്രണയത്തില്‍ ചിതലരിക്കപ്പെടാന്‍ ഓരോ പ്രണയഹൃദയവും വെമ്പുന്നു.
“”നിന്നിലെത്താന്‍ ഞാന്‍ ചെയ്ത യാത്രകള്‍/എണ്ണിയാലൊടുങ്ങാത്തതായിരുന്നു./നിന്നിലെത്താന്‍ ഞാന്‍ വിരിയിച്ച/കണ്ണീര്‍മുദ്രകള്‍ അളവറ്റതായിരുന്നു./നിന്നെ കണ്ടു എന്നു കരുതുമ്പോഴേയ്ക്കും/ഭൂമി ഇലാസ്തികമായി കുടഞ്ഞെറിയുന്നു/വലിച്ചു നിവര്‍ത്തും പട്ടു വിരിപ്പാകെ/ഉറുമ്പാണെന്നറിയുന്നു/ചെങ്കടലിന്റെ ചരിത്രത്തില്‍/മയന്റെ കൊട്ടാരത്തില്‍/കൃഷ്ണമായയാല്‍/അപ്രസക്തമായ ദൃക്‌സാക്ഷിത്വം പോലെ/ഞാന്‍ വികാരപ്പെട്ടു./ഇരപിടിക്കും ജീവികള്‍/മലരായി വിടര്‍ന്ന് പൂമ്പാറ്റയായ എന്നെ തിന്നുന്നു.”” (ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്)
പ്രണയത്തിന് രാഷ്ട്രീയമുണ്ടോ? ഇതിനുത്തരം പ്രണയം ഒരിക്കലും അരാഷ്ട്രീയമല്ല എന്നു തന്നെയാണ്. എല്ലാ നിയമങ്ങളുടെയും വേലിക്കെട്ടുകളെ ഭേദിച്ചുകൊണ്ട് വ്യവസ്ഥകളുടെ കാരാഗൃഹഭിത്തികളെ അത് നിര്‍ദ്ദയം ഭേദിക്കുന്നു. “”പ്രണയം വിപ്ലവമാണെന്നും, പൂമ്പാറ്റ ചിറകിന്റെ, നിറമാണതിനെന്നും “” (നന്ദിത) വേണമെങ്കില്‍ നമുക്ക് പറയാം.
അല്ലെങ്കില്‍ “”നിന്റെ ചുണ്ടിനും നമ്മുടെ പ്രണയത്തിനും ഈ റോസപ്പൂവിനും ഒരേ നിറമാണ്… ഹൃദയത്തിന്റെ ചുവപ്പുനിറം…”” (ബിനോയ് കുമാര്‍, പ്രണയത്തിന്റെ വാടാമലര്‍) എന്നും നമുക്കിതിനെ കാണാം. ചുവപ്പിന്റെ തീക്ഷണ സൗന്ദര്യത്തിലാണ് പ്രണയത്തിന്റെ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് “”വേര്‍പെട്ടിടാന്‍ കൈകള്‍ ഊര്‍ന്ന് പറിഞ്ഞിട്ടും ഉള്ളില്‍ നഖം കൊണ്ടേ നീറുന്ന വേദന”” (ഷഹബാസ് അമന്‍, Soul of Anamika) കൂടിയായി അത് മാറുന്നത്.
വിരഹത്തിന്റെ വേദന കൂടി എപ്പോഴും പ്രണയത്തിനുണ്ട് എന്നതാണ് പ്രണയരാഷ്ട്രീയത്തിന്റെ ജയവും പരാജയവും അല്ലെങ്കില്‍ ഗുണവും ദോഷവും. പ്രണയത്തെ പറയാന്‍ പറ്റിയ വാക്കേത്? മിണ്ടാതിരിക്കൂ, അപ്പോള്‍ അറിയാനായേക്കും (വീരാന്‍ കുട്ടി).
കടപ്പാട്: ഗുരുവായുരപ്പന്‍ കോളേജ് മാഗസിന്‍ 2013- 2014