| Thursday, 18th April 2024, 6:32 pm

ബേസിലിന്റെ കൂടെ നിന്ന് കല്യാണം മുടക്കാന്‍ പൃഥ്വിരാജ്, ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസാണ്. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

പൂര്‍ണമായും കോമഡിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. പൃഥ്വിക്കും ബേസിലിനും പുറമെ അനശ്വര രാജന്‍, നിഖില വിമല്‍, യോഗി ബാബു, സിജു സണ്ണി, സാഫ് ബോയ് എന്നിവരാണ് മറ്റ് താരങ്ങള്‍.

കല്യാണം കഴിക്കാനായി നടക്കുന്ന വിനുവായി ബേസില്‍ എത്തുമ്പോള്‍ അത് മുടക്കാന്‍ ശ്രമിക്കുന്ന വിനുവിന്റെ അളിയന്‍ ആനന്ദായി പൃഥ്വിരാജ് വേഷമിടുന്നു. കുറെ കാലത്തിന് ശേഷം പൃഥ്വി ഹ്യൂമര്‍ വേഷം ചെയ്യുന്നുവെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എന്റര്‍ടൈന്മെന്റസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോനും, സി.വി. സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അങ്കിത് മേനോന്‍ സംഗീതസംവിധാനവും നീരജ് രവി ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന ദീപു പ്രദീപാണ്. പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന വെബ് സീരീസിന് ശേഷം ശേഷം ദീപു എഴുതുന്ന കഥ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മെയ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Guruvayur Ambala Nadayil teaser out

We use cookies to give you the best possible experience. Learn more