കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജിലെ വിശ്വ വിഖ്യാത തെറി എന്ന മാഗസിനെതിരെ എ.ബി.വി.പിയുടെ പരാതി. രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനം ന്യായീകരിക്കുകയും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളാണ് മാഗസീനിലുള്ളതെന്നാണ് ഏപ്രില്‍ നാലു നല്‍കിയ പരാതിയില്‍ പറയുന്നത്.
രാജ്യദ്രോഹക്കുറ്റവും, മതസ്പര്‍ധയും ആരോപിച്ച് നല്‍കിയ പരാതിയില്‍ കസബ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. എ.ബി.വി.പി പ്രവര്‍ത്തകരായ സി.ശ്രീജിത്ത്, ഇ.കെ ഹരിപ്രസാദ് വര്‍മ്മ, കെ.ടി ശ്യാംശങ്കര്‍, പി.വൈശാഖ്, ടി. സായൂജ്യ, എന്നിവരാണ് പരാതി നല്‍കിയത്. നേരത്തെ ഈ മാഗസിന്‍ ചുട്ടെരിച്ചു രംഗത്തുവന്ന പ്രവര്‍ത്തകരാണ് പരാതിക്കു പിന്നിലും.
മാഗസിന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനു മുന്നോടിയായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് പോലീസ് നിയമോപദേശം തേടി. കൂടാതെ മാഗസിന്‍ ചീഫ് എഡിറ്റര്‍ കൂടിയായ കോളജ് പ്രിന്‍സിപ്പലില്‍നിന്ന് രേഖാമൂലം വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
Don”t Miss: ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ അതിര്‍ത്തികടന്ന് ഒരു പക്ഷിപോലും ഇവിടേക്കു പറക്കില്ല: അമിത് ഷാ
പുതുതായി ചുമതലയേറ്റതിനാല്‍ ഉള്ളടക്കം സംബന്ധിച്ച് ഒന്നുമറിയില്ല എന്ന മറുപടിയാണ് പ്രിന്‍സിപ്പല്‍ നല്‍കിയത്. മാഗസിന്‍ അച്ചടിച്ച പ്രസ് പോലീസ് സംഘം പരിശോധിച്ചു.
നേരത്തെ മാഗസിന്‍ രാജ്യത്തിനു എതിരാണെന്ന് ആരോപിച്ച് എ.ബി.വി.പി ജില്ലാ കണ്‍വീനറുടെ നേതൃത്വത്തില്‍ മാഗസിന്‍ ചുട്ടെരിച്ചിരുന്നു. ഇതോടെയാണ് വിശ്വവിഖ്യാത തെറി മാധ്യമശ്രദ്ധ നേടിയത്.
മാഗസിനിലെ ഉള്ളടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, നിയമവ്യവസ്ഥയെയും അപമാനിക്കുന്നതാണ് എന്നാരോപിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ രംഗത്തുവന്നത്.
മലയാളത്തിലെ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാഗസിന്റെ കവര്‍സ്റ്റോറി. സവര്‍ണന്റെ പെണ്ണിനെ മോഹിച്ചതിന് കീഴാളനുള്ള ശിക്ഷയാണ് കഴുമരമെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷയെയും മാഗസിന്‍ എതിര്‍ക്കുന്നു.
എസ്.എഫ്.ഐ ഭരിക്കുന്ന കോളജ് യൂണിയനാണ് മാഗസിന്‍ തയാറാക്കിയത്. തെറിയിലെ രാഷ്ട്രീയവും മേലാള സ്വഭാവവും പുരുഷമേധാവിത്വവും കീഴാളവിരുദ്ധതയുമെല്ലാം തുറന്നുകാട്ടാനാണു ശ്രമിച്ചതെന്നാണ് സ്റ്റുഡന്റ്‌സ് എഡിറ്റര്‍ ശ്രീഷമിം പറയുന്നത്.