| Tuesday, 26th April 2016, 8:50 am

'വിശ്വവിഖ്യാത തെറി'ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോളജ് മാനേജ്‌മെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ മാഗസിന്‍ “വിശ്വ വിഖ്യാത തെറി”ക്കെതിരെ കോളജ് മാനേജ്‌മെന്റ്. കോളജിന്റെ പേര് ദുരുപയോഗം ചെയ്താണ് മാഗസിന്‍ പ്രസിദ്ധീകരിച്ചതെന്നും നടപടിക്രമം പാലിച്ചില്ലെന്നും മാനേജര്‍ മായാ ഗോവിന്ദും പ്രിന്‍സിപ്പല്‍ ഡോ. ടി. രാമചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മാഗസിന്‍ ഫണ്ട് ഇനത്തില്‍ നല്‍കാനുള്ള 90,000 രൂപ ഇനി കൊടുക്കില്ലെന്നും ചീഫ് എഡിറ്ററായ പ്രിന്‍സിപ്പലിന് പോലും മാഗസിനിലെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലെന്നും ഇവര്‍ പറയുന്നു. ഔദ്യോഗിക നിര്‍ദേശമില്ലാതെയാണ് മാഗസിന്‍ അച്ചടിച്ചത്. മാഗസിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

മാഗസിനെതിരെ നേരത്തെ എ.ബി.വി.പിയും കസബ പോലീസില്‍ പരാതി നല്‍കിയിരുന്നു. മാഗസിന്‍ രാജ്യദ്രോഹവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമാണെന്ന എ.ബി.വി.പി പരാതിക്കുപിന്നാലെയാണ് കോളജ് മാനേജ്‌മെന്റും മാഗസിനെതിരെ രംഗത്തെത്തിയത്.

ചീഫ് എഡിറ്റര്‍ എന്ന നിലക്ക് ഡോ. പി.സി. രതി തമ്പാട്ടിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് അനുമതിയില്ലാതെയാണ്. മാഗസിനില്‍ പ്രസിദ്ധീകരിച്ച ഫോറം നാലില്‍ പറയുന്ന കാര്യങ്ങളും തെറ്റാണ്. ഇതില്‍ പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പാണിട്ടതെന്നും ഇവര്‍ ആരോപിഗക്കുന്നു.

മലയാളത്തിലെ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാഗസിന്റെ കവര്‍‌സ്റ്റോറി. സവര്‍ണന്റെ പെണ്ണിനെ മോഹിച്ചതിന് കീഴാളനുള്ള ശിക്ഷയാണ് കഴുമരമെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷയെയും മാഗസിന്‍ എതിര്‍ക്കുന്നു.

തെറിയിലെ രാഷ്ട്രീയവും മേലാള സ്വഭാവവും പുരുഷമേധാവിത്വവും കീഴാളവിരുദ്ധതയുമെല്ലാം തുറന്നുകാട്ടാനാണു ശ്രമിച്ചതെന്നാണ് സ്റ്റുഡന്റ്‌സ് എഡിറ്റര്‍ ശ്രീ ഷമിം പറയുന്നത്. എസ്.എഫ്.ഐ ഭരിക്കുന്ന കോളജ് യൂണിയനാണ് മാഗസിന്‍ തയ്യാറാക്കിയത്.

എ.ബി.വി.പി പ്രവര്‍ത്തകര്‍ മാഗസിന്‍ ചുട്ടെരിച്ചതോടെയാണ് വിശ്വ വിഖ്യാത തെറി ശ്രദ്ധനേടുന്നത്. സോഷ്യല്‍ മീഡിയകളിലും മറ്റും ഏറെ പ്രശംസപിടിച്ചുപറ്റിയ ഈ മാഗസിന്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് ഡി.സി ബുക്‌സ് അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more