| Wednesday, 2nd August 2017, 7:55 am

പ്രണയബന്ധം വീട്ടുകാരെയും വരനെയും മുമ്പേ അറിയിച്ചിരുന്നു; ഗുരുവായൂരില്‍ കാമുകനൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ അറിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഗുരുവായൂരില്‍ വിവാഹശേഷം കാമുകനൊപ്പം പോയ പെണ്‍കുട്ടി പ്രണയബന്ധമുള്ള കാര്യം മുമ്പേ തന്നെ വീട്ടുകാരെയും വരനെയും അറിയിച്ചിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും. ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളിലും മറ്റും രൂക്ഷമായ ആക്രമണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വസ്തുത വെളിപ്പെടുത്തി പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും മറ്റും രംഗത്തുവന്നിരിക്കുന്നത്.

പ്രണയബന്ധമുള്ള കാര്യം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല എന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഇക്കാര്യം വരനെയും അറിയിച്ചിരുന്നു. എന്നാല്‍ “നീ പഴയ കാര്യം മറന്നേക്ക്” എന്ന രീതിയിലായിരുന്നു വരന്റെ പ്രതികരണം. ഇതോടെ പ്രതിസന്ധിയിലായ പെണ്‍കുട്ടി ഗത്യന്തരമില്ലാതെ വിവാഹദിവസം കാമുകനൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ഗുരുവായൂരില്‍വെച്ച് ഞായറാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. താലികെട്ടു കഴിഞ്ഞതിനു പിന്നാലെ പെണ്‍കുട്ടി വരന്റെ ചെവിയില്‍ കാമുകന്‍ വന്നിട്ടുണ്ടെന്നും അവനൊപ്പം പോകുമെന്ന് അറിയിച്ചെന്നും തുടര്‍ന്ന് വരന്‍ രോഷാകുലനായെന്നും ഇത് വലിയ അടിപിടിക്കു വഴിവെച്ചെന്നുമായിരുന്നു വാര്‍ത്ത. തുടര്‍ന്ന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയശേഷം വരന്‍ വിവാഹബന്ധത്തില്‍ പിന്മാറുകയാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.


Must Read: ‘പാകിസ്ഥാനെ തളയ്ക്കാന്‍ മോദിയ്ക് ‘ഒറ്റമൂലി’; ശത്രുസംഹാര ക്രിയയെ കുറിച്ചുള്ള ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായി ജ്യോല്‍സ്യന്‍ ഹരി പത്തനാപുരം, വീഡിയോ കാണാം


വാര്‍ത്ത സോഷ്യല്‍ മീഡിയകളിലടക്കം വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ഇതോടെ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും അവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചും “തേപ്പുകാരി”യെന്നു വിളിച്ച് അധിക്ഷേപിച്ചും മറ്റും നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

വീട്ടുകാരോടും വരനോടും പ്രണയബന്ധത്തിന്റെ കാര്യം മറച്ചുവെച്ച് പെണ്‍കുട്ടി ചതിച്ചെന്നും “കല്ല്യാണ വേളയില്‍ ലഭിക്കുന്ന സ്വര്‍ണവുമായി മുങ്ങാനാണ്” ഇത്തരത്തില്‍ ചെയ്തതെന്നുമൊക്കെ പറഞ്ഞായിരുന്നു അധിക്ഷേപം.

വിവാഹം മുടങ്ങിയതിനു പിന്നാലെ വരന്റെ വീട്ടില്‍ നടത്തിയ ആഘോഷവും സോഷ്യല്‍ മീഡിയ പെണ്‍കുട്ടിയെ ആക്രമിക്കുന്നതായി ഉപയോഗിച്ചിരുന്നു. “ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന്” എന്ന തലക്കെട്ടില്‍ വരന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത റിസപ്ഷന്റെ ഫോട്ടോകളും പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വലിയ തോതില്‍ ഉപയോഗിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് വസ്തുത വെളിപ്പെടുത്തി സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തുവന്നത്.

പെണ്‍കുട്ടിയെ ആക്രമിക്കുന്നവരായിരുന്നു ഭൂരിപക്ഷമെങ്കിലും ചെറിയൊരു വിഭാഗം പെണ്‍കുട്ടിയ്ക്ക് ശക്തമായ പിന്തുണ അറിയിച്ചു രംഗത്തുവന്നിരുന്നു. പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കാര്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം ഇപ്പോഴും നമ്മുടെ കുടുംബങ്ങളില്‍ ഇല്ലെന്നും അത്തരമൊരു സാഹചര്യത്തിന്റെ സൃഷ്ടി മാത്രമാണ് ഗുരുവായൂരില്‍ നടന്ന സംഭവങ്ങളെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ പെണ്‍കുട്ടിയ്ക്കുവേണ്ടി രംഗത്തെത്തിയത്. കൂടാതെ “താലികെട്ട്” എന്ന ചടങ്ങിന് വിവാഹബന്ധത്തില്‍ സമൂഹം കല്‍പ്പിച്ചുനല്‍കിയതുപോലെ ഒരു പ്രാധാന്യവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പെണ്‍കുട്ടിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more