| Thursday, 12th May 2022, 9:43 pm

ഗുരുവായൂരപ്പന്റെ ഥാര്‍ വീണ്ടും ലേലത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ഥാര്‍ വീണ്ടും ലേലത്തിന് വെക്കാനൊരുങ്ങി ദേവസ്വം ഭരണസമിതി. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കാനായി ഭരണസമിതി യോഗം തീരുമാനിച്ചു.

പുനര്‍ലേലത്തിനുള്ള തീയ്യതി പത്രമാധ്യമങ്ങള്‍ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയര്‍മാന്‍ വി.കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ബഹ്‌റൈനില്‍ നിന്നുള്ള പ്രവാസിയായ അമല്‍ മുഹമ്മദായിരുന്നു നേരത്തെ ഥാര്‍ സ്വന്തമാക്കിയത്. എന്നാല്‍ ലേലത്തിനെതിരെ ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാര്‍ കൈമാറ്റം അനിശ്ചിതത്വത്തിലാവുകയായിരുന്നു.

ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തതെന്നായിരുന്നു ദേവസ്വത്തിന്റെ വിശദീകരണം. ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞത്.

ഥാര്‍ ലേലത്തിന് ഭരണസമിതി ഇതിനിടെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ഥാര്‍ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് വാഹനം കൈമാറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്നാണ് ദേവസ്വം ചെയര്‍മാന്‍ ഇതിന് മുമ്പ് പറഞ്ഞിരുന്നത്.

അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് അമലിന്റെ സുഹൃത്തായ സുഭാഷ് പറഞ്ഞിരുന്നത്.

എന്തുവില കൊടുത്തും ഥാര്‍ സ്വന്തമാക്കണമെന്നായിരുന്നു നിര്‍ദേശമെന്ന് സുഭാഷ് പറഞ്ഞു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിര്‍ദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു.

15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തില്‍ നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത്.

ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.

Content Highlight: Guruvayoor Thar to Reauction

We use cookies to give you the best possible experience. Learn more