| Monday, 24th January 2022, 1:09 pm

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ ഥാര്‍ കൈമാറാന്‍ തയ്യാറാകുന്നില്ല: അമല്‍ മുഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം ഇതുവരെ കൈമാറിയിട്ടില്ല. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തത്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാഹനം കൈമാറാന്‍ തയ്യാറാകുന്നില്ലെന്നാണ് അമല്‍ പറയുന്നത്. എന്നാല്‍
ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയര്‍മാന്റെ വിശദീകരണം.

മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ഥാര്‍ ലേലത്തിന് ഭരണസമിതി കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ഥാര്‍ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് വാഹനം കൈമാറുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്നാണ് ദേവസ്വം ചെയര്‍മാന്‍ ഇതിന് മുമ്പ് പറഞ്ഞിരുന്നത്.

അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് അമലിന്റെ സുഹൃത്തായ സുഭാഷ് പറഞ്ഞിരുന്നത്.

എന്തുവില കൊടുത്തും ഥാര്‍ സ്വന്തമാക്കണമെന്നായിരുന്നു നിര്‍ദേശമെന്ന് സുഭാഷ് പറഞ്ഞു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിര്‍ദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു.

15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തില്‍ നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത്.

ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.

2020 ഒക്ടോബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്.യു.വി വിപണിയില്‍ അവതരിപ്പിച്ചത്. പുറത്തിറക്കി ഒരു വര്‍ഷത്തിനിടയില്‍ തന്നെ വാഹനം വിപണിയില്‍ വിജയ കുതിപ്പുണ്ടാക്കിയിരുന്നു.

നിരത്തിലെത്തിയതിന് ശേഷം വാഹനത്തിന് 19ലധികം അവാര്‍ഡുകള്‍ ലഭിച്ചു. കൂടാതെ ഗ്ലോബല്‍ എന്‍ക്യാപ് നടത്തുന്ന ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങും വാഹനം കരസ്ഥമാക്കിയിട്ടുണ്ട്.

2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എഞ്ചിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Guruvayoor Devaswom Board not ready to hand over Thar yet: Amal Mohammad

Latest Stories

We use cookies to give you the best possible experience. Learn more