എല്ലാരും പോന്നോളീ... കല്യാണം കൂടാന്‍...
Entertainment
എല്ലാരും പോന്നോളീ... കല്യാണം കൂടാന്‍...
അമര്‍നാഥ് എം.
Thursday, 16th May 2024, 3:02 pm

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചതിനോടൊപ്പം ശക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമയായിരുന്നു 2022ല്‍ പുറത്തിറങ്ങിയ ജയ ജയ ജയ ജയ ഹേ. അതിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയില്‍ ഗുരുവായൂരമ്പല നടയിലിന് അനൗണ്‍സ്‌മെന്റ് മുതല്‍ക്ക് തന്നെ ഹൈപ്പ് ഉണ്ടായിരുന്നു. ആ പ്രതീക്ഷകളെ ഒട്ടും താഴ്ത്താതെ മികച്ച എന്റര്‍ടൈനര്‍ തന്നെയാണ് വിപിന്‍ ദാസ് ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് തന്നത്.

ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ തീം എന്ന് ടീസറിലും ട്രെയ്‌ലറിലും വ്യക്തമായിരുന്നു. എന്നാല്‍ ആ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാകുന്നിടത്താണ് സിനിമയുടെ പ്രധാന തീം ആരംഭിക്കുന്നത്. അവിടം മുതല്‍ തുടങ്ങുന്ന ചിരി അവസാനം വരെ നിലനിര്‍ത്താന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.

പഴയ സിനിമയിലെയും പുതിയ സിനിമയിലെയും റഫറന്‍സുകളെല്ലാം നന്നായി വര്‍ക്ക് ഔട്ടായിട്ടുണ്ട്. എല്ലാം കഴിഞ്ഞ് എന്‍ഡ് ടൈറ്റില്‍ തെളിയുമ്പോള്‍ ഒരു കല്യാണം കൂടി സദ്യ കഴിച്ച ഫീലാണ് ലഭിച്ചത്.

ആദ്യപകുതിയില്‍ കല്യാണം മുടക്കലും രണ്ടാം പകുതിയില്‍ കല്യാണം നടത്തലുമായി രസകരമായാണ് സിനിമ മുന്നോട്ടു പോകുന്നത്. ബേസില്‍ ജോസഫ് പൃഥ്വിരാജ് കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. ഇരുവരും തമ്മിലുള്ള സീനുകളില്‍ വരുന്ന ഹ്യൂമറുകള്‍ എല്ലാം മികച്ച രീതിയില്‍ വര്‍ക്കായിട്ടുണ്ട്.

ഒരുപാട് കാലത്തിന് ശേഷം മലയാള സിനിമയില്‍ കാണാതെ പോയ തരത്തിലുള്ള ക്ലൈമാക്‌സായിരുന്നു ഇതില്‍. എല്ലാ ആര്‍ട്ടിസ്റ്റുകളും ഒന്നിച്ച് വരുന്ന, കോമഡിയും ആക്ഷനും കണ്‍ഫ്യൂഷനും എല്ലാം ചേര്‍ന്ന ഗ്രാന്‍ഡ് ക്ലൈമാക്‌സായിരുന്നു ഈ സിനിമക്ക്. ഗുരുവായൂരമ്പലത്തിന്റെ സെറ്റും, പ്രതീക്ഷിക്കാത്ത കാമിയോ റോളും ചേര്‍ന്ന് മികച്ച വിരുന്നായിരുന്നു ക്ലൈമാക്‌സ്.

ടീസറും ട്രെയ്‌ലറും റിലീസായതിന് പിന്നാലെ ഏറ്റവും കൂടുതല്‍ കേട്ടത് പൃഥ്വിക്ക് കോമഡി വഴങ്ങുമോ എന്നായിരുന്നു. എന്നാല്‍ സിനിമയില്‍ മറ്റാരെക്കാളും മികച്ച രീതിയില്‍ കോമഡി ചെയ്തത് പൃഥ്വിയായിരുന്നു. ചെറുതായി പാളിയാല്‍ പോലും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമായിരുന്ന വേഷം കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ പൃഥ്വിക്ക് സാധിച്ചു.

ബേസില്‍ ജോസഫ്, സാഫ് ബോയ്, സിജു സണ്ണി എന്നിവര്‍ ഒന്നിച്ചുള്ള സീനുകളും രസകരമായിരുന്നു. അതുപോലെ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോമോന്‍ ജ്യോതിറാണ് രണ്ടാം പകുതി കൊണ്ടുപോയത്. ഫാലിമിക്ക് ശേഷം ജഗദീഷില്‍ നിന്നും ലഭിച്ച മറ്റൊരു കോമഡി കഥാപാത്രമായിരുന്നു ഇതില്‍. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരും തങ്ങളുടെ റോള്‍ മികച്ചതാക്കി.

യോഗി ബാബുവിന്റെ മലയാളത്തിലെ അരങ്ങേറ്റം മോശമായില്ല. ക്ലൈമാക്‌സിലെ ഏറ്റവും വലിയ ചിരി തന്നത് യോഗിയുടെ ശരവണനായിരുന്നു.

പഴയകാലത്തെ രണ്ട് പാട്ടുകള്‍ സിനിമയില്‍ പ്ലെയ്‌സ് ചെയ്തിരിക്കുന്ന രീതി ഗംഭീരമെന്നേ പറയാന്‍ കഴിയൂ. തിയേറ്ററില്‍ കൂട്ടച്ചിരി ഉണര്‍ത്തിയ മൊമന്റായിരുന്നു രണ്ടും. ഗുരുവായൂരമ്പലത്തിന്റെ സെറ്റ് ഇട്ട സുനില്‍ കുമാറും, സിനിമക്ക് ചേരുന്ന രീതിയില്‍ സംഗീതമൊരുക്കിയ അങ്കിത് മേനോനും കൈയടി അര്‍ഹിക്കുന്നുണ്ട്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ അടപടലം തകര്‍ന്നു പോയേക്കാവുന്ന കഥയെ മികച്ച തിരക്കഥയാക്കിയ ദീപു പ്രദീപിനും കൈയടി കൊടുക്കണം.

സ്വപ്‌നതുല്യമായ കുതിപ്പ് നടത്തുന്ന മലയാള സിനിമയുടെ മൈലേജ് കൂട്ടാന്‍ പാകത്തിനുള്ള പക്കാ എന്റര്‍ടൈനര്‍ തന്നെയാണ് ഗുരുവായൂരമ്പല നടയില്‍. ധൈര്യമായി കൂടാം ഈ കല്യാണം.

Content Highlight: Guruvayoor Ambalanadayil Review

 

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം